വടക്കെങ്ങോ ...

Representative Image

ലോകത്തിന് തന്നോട് സഹിഷ്ണുത കാണിക്കേണ്ട യാതൊരു ഉത്തരവാദിത്തവും ഇല്ല എന്ന സത്യം അസിം മനസിലാക്കിയിരുന്നില്ല. 

കിസ്മത്ത് ആവണം, ആറാംക്ലാസ്സിൽ പഠിപ്പു നിർത്തിയ, ബാല്യം മുഴുവനും തന്റെ വീട്ടിലെ പശുക്കളെ കറന്ന് പാൽ ഗ്രാമത്തിൽ എങ്ങേടവും എത്തിച്ചിരുന്ന, 5 നേരം നിസ്കരിക്കുന്ന, മുടങ്ങാതെ നോമ്പ് നോക്കുന്ന, കഴിഞ്ഞ വർഷം നിക്കാഹിന് പ്രായം തികഞ്ഞ, അങ്ങു വടക്കു നിന്നെങ്ങോ ഉള്ള അയാളെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിച്ചത്.

കേരളത്തിലെ ഒരു മഹാനഗരത്തിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന 30-നില ചില്ലുസമുച്ചയത്തിന്റെ കാവൽക്കാരിൽ ഒരാൾ ആയിരുന്നു ഇദ്ദേഹം. ചില്ലുസമുച്ചയത്തിൽ തന്റെ പ്രതിഫലനം കാണുമ്പോൾ ചിലപ്പോഴൊക്കെ അയാൾക്ക് പടക്കു പോകുന്ന ഒരു ക്ഷത്രിയനെ പോലെ തോന്നിയിരുന്നു. അങ്ങനെ തോന്നുമ്പോൾ ഒക്കെ അയാൾ നെഞ്ച് വിരിയിച്ചു തല ഉയർത്തി പിടിച്ചു നടന്നു.

ആ കെട്ടിടത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും, മേലധികാരികൾ ആയാൽ പോലും തന്റെ മുന്നിൽ നിച്ഛലരായി പരിശോധനാവിധേയരാവാൻ നിൽക്കേണ്ടിവരും എന്ന്  ഒരിക്കൽ അയാൾ തന്റെ വീട്ടിലേക്കുള്ള കത്തിൽ അല്‍പം അഹങ്കാരത്തോടെ കുറിച്ചിരുന്നു 

അനുജന്റെ ആധികാരികം ആയ ജോലിയെ പറ്റിയുള്ള കത്ത്, നാലാംക്ലാസ്സിൽ പശുവിനെ പരിപാലിക്കാൻ പഠിപ്പു നിർത്തിയ ചേട്ടനാണ് തപ്പിയും തടഞ്ഞും വായിച്ചത്. ബാബയും, കേൾവിശക്തി കുറവായ ഉമ്മിയും തന്റെ മകനെ ഓർത്തു അഭിമാനിച്ചു.

അമ്മയുടെ ഒക്കത്തു അന്തം വിട്ടിരുന്ന 4 വയസുകാരൻ, ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തന്റെ ഇളയച്ഛന് ഒരു വീര നായകന്റെ രൂപം തന്റെ കൊച്ചു മനസ്സിൽ നൽകി.

തപ്പി തടഞ്ഞുള്ള വായന തന്റെ ഭർത്താവിന്റെ വിദ്യാഭ്യാസ കുറവ് മൂലം ആണോ അതോ കത്തെഴുതിയ കുഞ്ഞളിയന്റെ അക്ഷരപിശകാണോ, അല്ല ഇനി കേൾവിക്കുറവായ ഉമ്മിക്കും പള്ളിക്കൂടത്തിന്റെ പടിപോലും കാണാത്ത തനിക്കും മനസ്സിലാവാൻ ആയി ആണോ എന്ന് തൈരുകടയുന്നതിനിടയിൽ ഏടത്തി ആലോചിച്ചു.

അസിമിന്റെ ജീവിതത്തിൽ പതിയിരുന്ന വിധി, വളരെ അപ്രതീക്ഷിതമായാണ് അയാളെ കടന്നാക്രമിച്ചത്.

താൻ അത്താഴം കഴിച്ചുകൊണ്ടിരുന്ന ഹോട്ടലിലെ ടിവി ന്യൂസിൽ തന്റെ ഗ്രാമത്തിന്റെ പേര് കേട്ടപാടെ

“വർണ്ണാ"ഭമായ സംവാദത്തിലേക്കു അയാൾ ശ്രദ്ധതിരിച്ചെങ്കിലും ഒന്നും മനസിലാക്കാൻ കഴിഞ്ഞില്ല .

ഉച്ചത്തിൽ ഉള്ള കുരകൾക്കിടയിൽ സുപരിചതം ആയ രണ്ടു പേരുകൾ അയാളുടെ ചെവിയിൽ മുഴങ്ങി.

തീവ്രമായ എന്തോ ഒന്ന് അയാളുടെ ഹൃദയത്തെ വ്രണപ്പെടുത്തുന്നതു പോലെ അയാൾക്കു തോന്നി, വേദനയും ക്രോധവും അയാളെ ചുറ്റിപിടിച്ചു ശ്വാസമുട്ടിച്ചു. അത് അതിജീവിക്കാൻ ഉള്ള ശക്തി തനിക്കുണ്ടോ എന്ന് അയാൾ സംശയിച്ചു. ആത്മാവിന്റെ ശൂന്യതയിൽ തന്റെ ക്ഷത്രിയ പ്രതിഫലനം മന്ത്രിച്ചു "യുദ്ധം അനിവാര്യമാണ്, നിനക്ക് ചെയ്യാൻ കഴിയുക ഒരു വശം തിരഞ്ഞെടുക്കുക എന്നത് മാത്രം. വെറുപ്പിന്റെയോ അല്ലങ്കിൽ ക്ഷമയുടെയോ വശത്തുനിന്നു നിനക്ക് പോരാടാം, ആ തിരഞ്ഞെടുപ്പാവും നിന്റെ ജീവിതകഥ."

അങ്ങ് ദൂരെ... പ്രപഞ്ചത്തിന് തന്നോട് സഹിഷ്ണുത കാണിക്കേണ്ട യാതൊരു ഉത്തരവാദിത്തവുമില്ല എന്ന സത്യം മനസിലാക്കാൻ പ്രായം ആയിട്ടില്ലാത്ത ഒരു നാലു വയസുകാരൻ, ദൈവത്തിന്റെ നാട്ടിൽ നിന്നു വരുന്ന, താൻ  ഇതുവരെ കാണാത്ത ഒരു വീര നായകനെ കാത്തിരുന്നു.