പുലർകാല ദില്ലി ..

Representative Image

മുഖർജി നഗറിലെ ഫ്ലാറ്റിലന്ന് മെഹർ  തനിച്ചായിരുന്നു. മെഹർ സിദ്ധീഖി.. ദേഹത്ത് പുതച്ചിരുന്ന പശ്മിന ഷാൾ കൈകൾ കൊണ്ട് തന്നിലേക്കു ചേർത്ത്, പതിയെ മുകളിലൂടെ തന്റെ വിരലുകളോടിച്ചു.

വർഷങ്ങൾക്കു മുൻപ് ഒരു മഞ്ഞുകാലത്തിന്റെ വരവറിയിച്ചു കൊണ്ട് അവൻ സമ്മാനിച്ചതാണിത് !

****    ****    ****    ****

ഖൈസ്, നീ എവിടെയാണ്?

കാത്തിരിപ്പിന്റെ എത്രയെത്ര യാമങ്ങൾ പിന്നിട്ടിട്ടും, തിരിച്ചു കിട്ടാത്ത പല ഓർമകളും അവളിലേക്ക് ഓടിയെത്തി. നെഞ്ചിലുയർന്ന വിങ്ങൽ ഒരു നീരാവിയായി അവൾക്കു ചുറ്റും ആവരണം തീർത്തു.

ഒരിക്കൽ ഞാൻ അവനോട് പറഞ്ഞു, ആസ്ട്രോഫിസിക്സിൽ ഗവേഷണം നടത്തുന്ന ഒരു വിദ്യാർഥിയുടെ ത്വര നിന്നിലില്ല ഖൈസ് ..

വെള്ളമേഘപഞ്ഞികെട്ടുകളിലൂടെ വെള്ളക്കുതിരയിൽ ഒഴുകിനടക്കുന്ന സ്വപ്നങ്ങളുടെ രാജകുമാരന്റെ ഛായയാണ് നിനക്ക്!

പൊട്ടിച്ചിരിച്ചു കൊണ്ടവൻ പറയും. ആഹാ... വെള്ളയാണോ ഇഷ്ട നിറം? അപ്പൊ എന്നോട് കറുത്ത കുർത്തയണിഞ്ഞു വരാൻ പറഞ്ഞതോ?

എന്തോ... അതിൽ നീ കൂടുതൽ സുന്ദരനായിരിക്കുമെന്ന് തോന്നി.

ഉം ...

.. നീ കരുതുന്ന സ്വപ്നങ്ങളല്ല മെഹർ.

എന്നുവച്ചാ അതിലൊക്കെ ഞാൻ ഇല്ലെന്ന്.

നീയുണ്ട്.. അത് ഉറക്കെ വിളിച്ചു പറയേണ്ട കാര്യമില്ല. അതിന്റെ കൂടെ മറ്റു പലതുമുണ്ട്. താടിയുള്ളവനും തൊപ്പി ധരിച്ചവനും രൗദ്രതയുടെ മേലങ്കി അണിയാത്ത പല സ്വപ്നങ്ങളും നെയ്യാൻ എന്നെ പ്രേരിപ്പിച്ചത് പ്രൊഫസറാണ്.

വേണ്ട ഖൈസ്, പ്രൊഫസറുമായുള്ള നിന്റെ കൂട്ടുകെട്ട് വേണ്ട. അതാണിവിടെ പലർക്കും നിന്നെ ഇഷ്ടമാവാതിരിക്കാൻ കാരണം.

എന്റെ കൈത്തലം കൈകൾക്കുള്ളിൽ വച്ചു പതിയെ തലോടി അവൻ പറയും,

എന്തൊക്കെ പ്രതിസന്ധികളിലൂടെ കടന്നു പോയാലും, ഗാലിബിന്റെ, മിർസാ ഗാലിബിന്റെ ദില്ലി വിട്ടൊരു യാത്ര എനിക്കില്ല മെഹർ ..

ഏക് റോസ് അപ്നി റൂഹ് സേപൂച്ചാ ..

കി ദില്ലി ക്യാ ഹേ?

യേ ദുനിയാ മാനോ ജിസം ഹേ ..

ഔർ ദില്ലി ഉസ്‌കി ജാൻ !

(ഒരിക്കൽ ഞാൻ എൻ പ്രാണനോട് ആരാഞ്ഞു - ദില്ലി  അത് നിനക്കെന്താണ്? ഈ പ്രപഞ്ചം അതൊരു ശരീരമാണെങ്കിൽ ദില്ലി അതെന്റെ ജീവാത്മാവാണ്).

പ്രണയം, ജീവാത്മാവ്, ശായിരി, എല്ലാം ദില്ലിയെക്കുറിച്ച്!

അപ്പൊ പിന്നെ ഞാനോ.. (പിണങ്ങികൊണ്ട് ഞാൻ ചോദിക്കും)

പിണങ്ങുമ്പോഴും നുണക്കുഴിയോ പ്രിയേ നിനക്ക്?

എന്നാ പിന്നെ നിന്നെകുറിച്ചൊരു ഗാലിബ് ശായിരി പാടട്ടെ?

ആപ് മേരാ സാരാ ദീവാൻ ലേലീജിയെ 

ബദലെ മേം മുജേ ........ ദേ ദീജിയെ

(എന്റെ മുഴുവൻ കവിതാ സാഹിത്യവും നീ എടുത്തു കൊൾക. പകരം എനിക്ക് ....... നൽകാമെങ്കിൽ !

ബദലേ മേ? (പകരം)

ബദലെ മേ ...

മുജേ (എനിക്ക് )

തുജേ (നിനക്ക്? പ്രണയത്തോടെ ഞാൻ ചോദിച്ചു )

മുജേ ദില്ലി ചാഹിയെ (പകരം എനിക്ക് ദില്ലി താരമെങ്കി )

ദുഷ്ടാ... ഇതിലെവിടെ ഞാൻ ?

എന്റെ  നഖം കൊണ്ടുള്ളവേദന സഹിക്കാനാകാതെ ഖൈസ് ഓടും .. പിറകെ ഞാനും.

****    ****    ****    ****

ഭൂതകാലത്തു ജീവിക്കുന്നവളായി മാറിയിരിക്കുന്നു ഞാൻ. ചുറ്റും എന്താണെന്ന് അറിയാൻ താൽപര്യമില്ലാത്തവൾ. അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.

ഒരു ജോർദാനി മുസൽമാന്റെ കൂടെ താമസിക്കാൻ പ്രയാസമുണ്ടെന്ന് ഖൈസിന്റെ ഹോസ്റ്റൽ മേറ്റ്സ് പരാതിപ്പെട്ടതു കൊണ്ട് ടീച്ചേർസ് ട്രാൻസിറ്റ് ഹോസ്റ്റലിൽ അവനു പ്രഫസ്സർ താമസം തരപ്പെടുത്തി. മതഭ്രാന്തു മൂത്ത വിദ്യാർഥികളിൽ പലരും അവന്റെ ജീവിതം എത്രത്തോളം ബുദ്ധിമുട്ടിലാക്കി. പലപ്പോഴും അടുത്തു നിന്ന് ഒരു കാഴ്ചക്കാരിയെ പോലെ നോക്കി നിൽക്കാനേ കഴിഞ്ഞുളളൂ. ഒന്നും അവനു വേണ്ടി ചെയ്തില്ല. ചെയ്യാൻ സാധിച്ചില്ല. പതിയെ അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി ...

****    ****    ****    ****

മെഹ്‌റൂ ...

ഓർമകളുടെ  കാണാക്കയത്തിൽ നിന്നവൾ ഞെട്ടി ഉണർന്നു. പിറകിൽ അബ്ബാ.. തന്നെ നോക്കി നിൽക്കുന്നു ഇമവെട്ടാതെ ..

കുറച്ചു നാളുകളായി ഈ വീട്ടിൽ ഭയാനകമായ നിശബ്ദതയാണ്. ആശുപത്രിയിൽ പോയി വന്നതാണ് അബ്ബ. എന്റെ ജീവിത സമസ്യകൾ ഊറ്റി വളർന്ന ആധി അബ്ബയെ തളർത്തി. കുറഞ്ഞ വർഷങ്ങൾ കൊണ്ട് അബ്ബക്ക് ഒരു പാടു പ്രായമേറിയിരിക്കുന്നു. അൽപനേരം അവിടെ നിന്ന് എന്നെ തന്നെ നോക്കി അബ്ബാ തിരിഞ്ഞു നടന്നു .

****    ****    ****    ****

ഭരണകൂട ഭീകരത എന്നൊക്കെ എവിടെയോ വായിച്ചു എന്നല്ലാതെ, ഒരാളുടെ മജ്ജയും മാംസവും വേർതിരിക്കാൻ പാകത്തിൽ മതഭ്രാന്തന്മാരുടെ കയ്യിലെ കളിക്കോപ്പ് എന്ന പോലെ മാറിമറയുന്നത് മെഹർ സിദ്ധീഖി അറിഞ്ഞു. ബലിഷ്ഠമായ കരങ്ങൾ കൊണ്ട് അടച്ചു വച്ച പല സത്യങ്ങളും ജീവിതത്തെ കണ്ണീരും  വിങ്ങലും ഒടുക്കം സിസംഗതയിലേക്കു വഴിമാറ്റുന്നതും സ്വപ്‌നങ്ങൾ കാണാൻ അതിലേക്ക് ഓടി  അണിഞ്ഞവർ ഒരു പടുഗർത്തത്തിലേക്ക് വലിച്ചെറിയപ്പെട്ടതു പോലെ. 

നിന്നോട് പറയാൻ ഒരു പാടുണ്ട് മെഹർ... പക്ഷേ അതിൽ എന്തൊക്കെ നിനക്കു മനസിലാകും എത്ര നീ എന്നെ മനസിലാകും എന്നൊന്നും അറിയില്ല.

- എന്റെ പ്രാണവായു എന്ന പോലെ ഈ ദേശത്തെ ഞാൻ സ്നേഹിക്കുന്നു 

വേണ്ട  എനിക്കതൊന്നും അറിയേണ്ട. എനിക്ക് നിന്നെ വിശ്വാസമാണ്.

പതിയെ ഞാൻ അവന്റെ തോളിലേക്ക് ചാഞ്ഞു. അതായിരുന്നു അവസാന കൂടിക്കാഴ്ച. അതിൽ പിന്നെ പത്രത്താളുകളിൽ അവന്റെ പേര് പലപ്പോഴും കണ്ടു. എവിടെയാണെന്നോ എന്താണെന്നോ അറിയാത്ത ദിനരാത്രികൾ.

ഓർമകൾക്ക് അവൾ അവിടെ ഒരു പൂർണ വിരാമമിട്ടു. ഖൈസ് നമ്മളോരുമിച്ച ഒരു ദിവസമെങ്കിലും. ഒന്നു മനസ് തുറന്ന് എനിക്ക് സംസാരിക്കണം. പറയാൻ ബാക്കി വച്ച ഒരു പാട് കാര്യങ്ങൾ അതെനിക്കു പറയണം. നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു, പതിയെ മുറിയിലേക്കു നടന്നു. 

ആ പശ്മിന ഷാൾ. ഇത് ഞാൻ ഇനി ഉപയോഗിക്കില്ല. വേദനയുടെ പൊയ്കയിലേക്ക് ഇതെന്നെ തള്ളിവിടുകയാണ്. ഷാൾ മടക്കി അതിൽ ചുണ്ടുകൾ അമർത്തി അലമാരയിലേക്ക് എടുത്തു  വെക്കുമ്പോൾ ആ പത്രകട്ടിങ്ങുകൾ അവളുടെ കണ്ണുകളിലുടക്കി. അതിലെ കറുത്ത അക്ഷരങ്ങൾ. തന്റെ ജീവിതം മാറ്റിമറിച്ച ഭൂതങ്ങൾ. വിറയാർന്ന വിരലുകൾ അതിനു മുകളിലൂടെ ..

'ഖൈസ് മുഹമ്മദ് അൽ റയാൻ ഹാസ് ബീൻ ഡീപോർട്ടഡ് ഫ്രം ഇന്ത്യ ഡ്യൂ റ്റു ഇല്ലീഗൽ ആക്ടിവിറ്റീസ് '

(ഖൈസ് മുഹമ്മദി  അൽ റയാൻ നിയമാനുസ്രതമല്ലാത്ത പ്രവൃത്തികൾ കാരണം ഇന്ത്യയിൽ നിന്ന് നാടുകടത്തപെട്ടിരിക്കുന്നു!)

****    ****    ****    ****

വാദിറൂം (നിലാവിന്റെ താഴ്‌വരയിൽ) മണൽപരപ്പിൽ ആകാശം നോക്കി ചുരുട്ടിപിടിച്ച കൈകൾ നെഞ്ചിലേക്ക് ചേർത്തു വച്ച് അവൻ കിടന്നു. നക്ഷത്രങ്ങളെ സ്വപ്നം കാണാൻ മോഹിച്ചവൻ!

നരച്ച കറുപ്പിലെ പതാനികുർത്ത മണൽതരികളിൽ അമർന്നു. അകാലനര ബാധിച്ച താടിരോമങ്ങളെയും മുടിയെയും തഴുകി കാറ്റു കടന്നു  പോയി .. പതിയെ അവൻ കണ്ണുകളടച്ചു.. മിഴിക്കോണിലൂടെ ഒലിച്ചിറങ്ങിയ  നീർച്ചാലുകൾ മരുഭൂമിയെ അതിശൈത്യത്തിലും പൊള്ളിച്ചു .

വരണ്ട ചുണ്ടുകൾ പതിയെ മന്ദ്രിച്ചു ..

ഇക് റോസ് അപ്നി റൂഹ് സെപൂഛ

കി ദില്ലി ക്യാ ഹേ ?

'യേ ദുനിയാ മാനേ ജിസം ഹേ 

ഔർ ദില്ലി ഉസ്‌കി ജാൻ ....'

ചുരുട്ടിപിടിച്ച കൈകൾ പതിയെ തുറന്നപ്പോൾ നെഞ്ചിലേക്ക് ഉതിർന്നുവീണ ഗാലിബിന്റെ മൺതരികൾ അവനെ കെട്ടിപ്പുണർന്നു. അതിൽ നിന്നൂർന്നുവീണവ ജോർദാനിലെ മരുഭൂവിനെ ചുംബിച്ചു! 

ദേശങ്ങളുടെ കഥയറിയാതെ .....