ശ്മശാനത്തിലെ പൂക്കൾ

Representative Image

ക്ലാസ് കഴിഞ്ഞ് കോളജ് കാന്റീനിൽ കാണാമെന്നു ജിതിൻ പറഞ്ഞതനുസരിച്ച് എത്തിയതായിരുന്നു ഞാനും നന്ദിനിയും. ജിതിനോടൊപ്പം കണ്ണീരിൽ കുതിർന്ന മുഖവുമായിരിക്കുന്ന പെൺകുട്ടി ആരാണെന്നറിയാൻ എന്റെ ഉള്ളിൽ ജിജ്ഞാസ മൊട്ടിട്ടു. മഴനീർ കണങ്ങൾ വീണ പനിനീർ പൂവ് പോലെ ചുവന്നു തുടുത്തിരുന്നു അവളുടെ മുഖം. തോരാതെ പെയ്യുന്ന ചാറ്റൽ മഴ പോലെ അവളുടെ കണ്ണിൽ നിന്ന് ബാഷ്പകണങ്ങൾ ഉതിർന്നുകൊണ്ടേയിരുന്നു. മഴ നിർത്താൻ ഹോമം ചെയ്യുന്നവനെ പോലെ എന്തൊക്കെയോ ഉരുവിടുകയാണ് ജിതിൻ. മറ്റുള്ളവർ ശ്രദ്ധിക്കുന്നുവെന്ന ജാള്യത അവനിൽ പ്രകടമാണ്. ഞങ്ങളെ കണ്ടതും തെല്ലൊരു ആശ്വാസം അവന്റെ മുഖത്തു തെളിഞ്ഞു. ‘ഇത് നീനു. ഒന്നാം വർഷ വിദ്യാർഥിനി, അലക്സിന്റെ കാമുകി.’ അവൻ അവളെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. 

അനിൽ കുംബ്ലെ വിക്കറ്റ് വീഴ്ത്തുന്ന വേഗത്തിലാണല്ലോ കാമദേവൻ അലക്സിന്റെ ഹൃദയത്തിലേക്ക് പ്രണയശരങ്ങൾ തൊടുത്ത് വിടുന്നത് എന്നാലോചിച്ചപ്പോൾ എന്റെ മനസ്സിൽ അത്ഭുതം കൂറി. ഒരിക്കൽ പ്രണയത്തിന്റെ ചുരം കയറി, മൂഢതയുടെ മൂർദ്ധന്യത്തിൽ എത്തി, താഴേക്ക് ഇറങ്ങിയവരാണ് അലക്സും നന്ദിനിയും. സ്വന്തം രക്തം ചീന്തി അന്നവർ സ്നേഹത്തിന്റെ ആഴം അളന്നു. കത്തിയാൽ കുത്തിക്കുറിച്ചിട്ട പേര് കൈത്തണ്ടയിൽ നിന്നു മായുന്നതിനു മു‍ൻപേ, പ്രണയം അവരുടെ മനസ്സിൽ നിന്നു മാഞ്ഞു സൗഹൃദത്തിന്റെ രൂപം പൂണ്ടു. ഇതിപ്പോൾ അവന്റെ അഞ്ചാമത്തെ കാമുകിയാണ് നീനു. പ്രണയം പൂവിട്ടിട്ട് അധികം ദിവസങ്ങൾ പിന്നിട്ടിട്ടില്ല. 

‘‘നീനു ഇതു വരെ ഒന്നും കഴിച്ചിട്ടില്ല. നിങ്ങൾ ഒന്നു പറഞ്ഞു മനസ്സിലാക്കൂ.’’ ജിതിൻ ഞങ്ങളോടായി പറഞ്ഞു. 

‘‘ഇല്ല, എനിക്കൊന്നും വേണ്ട. അലക്സിനെ ഒന്നു കണ്ടാൽ മതി. അവനെ കാണാതെ ഞാൻ ഇനി ഒന്നും കഴിക്കില്ല’’. അവൾ ഒരു കൊച്ചു കുട്ടിയെ പോലെ വിതുമ്പുവാൻ തുടങ്ങി. 

‘‘അങ്ങനെ പറഞ്ഞാൽ എങ്ങനെയാ. എന്തെങ്കിലും കഴിച്ചേ പറ്റൂ. എന്നിട്ടേ നമ്മൾ ഇവിടുന്ന് ഇറങ്ങുന്നുള്ളൂ.’’

നീനുവിന്റെ മനസ്സൊന്നു തണുപ്പിക്കുവാൻ ജിതിൻ അവളെയും കൂട്ടി പുറത്തേക്കു പോയി. തിരികെ വരുമ്പോൾ അവളുടെ കയ്യിൽ ഒരു പൂച്ചെണ്ടുണ്ടായിരുന്നു. വെളുത്ത ലില്ലി പൂക്കൾ ചേർത്തു പിടിച്ചുണ്ടാക്കിയ മനോഹരമായ പൂച്ചെണ്ട്. അലക്സിനു നൽകാൻ അവൾ കരുതലോടെ വാങ്ങിയതാണ് അത്. അവളുടെ സ്നേഹത്തിന്റെ സുഗന്ധം കലർന്ന പൂച്ചെണ്ട്. 

****    ****    ****   ****

രണ്ടു ദിവസങ്ങൾക്കു മുൻപുള്ള രാത്രി, മദ്യത്തിന്റെയും ആഘോഷാരവങ്ങളുടെയും ലഹരിയിൽ സുഹൃത്തുക്കൾക്കൊപ്പം ആടിത്തിമിർത്തതിനു ശേഷം പബ്ബിൽ നിന്നിറങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു ശ്രുതി. വിനാശകാലേ, വഴി മദ്ധ്യേ, മദ്യപിച്ചു വാഹനം ഓടിച്ചതിനു പിടിക്കപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ നിന്നൂരി പോരാൻ പിഴ അടയ്ക്കുക അല്ലാതെ വേറെ വഴി ഇല്ല. കയ്യിലാണേൽ കാശുമില്ല. ബോധോദയത്തിന്റെ നേരിയ വെളിച്ചത്തിൽ ശ്രുതിയുടെ മനസ്സിൽ തെളിഞ്ഞ മുഖം തന്റെ പ്രിയ സുഹൃത്ത് അലക്സിന്റേതായിരുന്നു. 

സ്റ്റേഷനിൽ നിന്നു വിളി വന്നതും എ.ടി.എമ്മിൽ നിന്നും കാശ് വലിച്ചിട്ട് ബൈക്കിൽ പായുകയായിരുന്നു അലക്സ്. നേരം നട്ട പാതിര. ഏതോ വളവു തിരിഞ്ഞതും ബൈക്ക് ഡിവൈഡറിൽ തട്ടി തെറിച്ചതും അലക്സിന്റെ ബോധം മറഞ്ഞതും എല്ലാം പെട്ടെന്നായിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ, ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള നൂൽപാലത്തിൽ, ദിശയറിയാതെ തൂങ്ങിയാടുകയാണ് അവനിപ്പോൾ. 

****    ****    ****   ****

ആശുപത്രിയുടെ പശ്ചാത്തലത്തിൽ ഗഹനമായ ചിന്തയിലാണ് ജിതിൻ. അലക്സിന്റെ അമ്മയും അച്ഛനും അത്യാഹിത വിഭാഗത്തിനു മുൻപിലുണ്ടാകണം. കരഞ്ഞു കൊണ്ടിരിക്കുന്ന നീനുവിനെയും കൊണ്ട് അവരുടെ മുന്നിൽ ചെന്നാൽ സംശയത്തിനിടയാകും. അല്ലെങ്കിൽ തന്നെ, നേഴ്സ് ഏൽപിച്ച അലക്സിന്റേതായ സാമഗ്രികളുടെ കൂട്ടത്തിൽ തിളങ്ങി നിന്ന പരിചയമില്ലാത്ത വൈരമോതിരം അവരിൽ സന്ദേഹം ഉണർത്തിയിട്ടുണ്ട്. നീനു നൽകിയ പ്രണയസമ്മാനമായിരുന്നു അത്. കഴിഞ്ഞ ദിവസം വന്നപ്പോൾ നിർത്താതെ കരയുന്ന നീനുവിനെ അവർ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അലക്സിനെ കാണാതെ പോരാൻ കൂട്ടാക്കാതെ നിന്ന നീനുവിനെ, അറ്റൻഡർക്ക് കൈക്കൂലി കൊടുത്തു മറ്റാരുമറിയാതെ അവനെ ഒന്ന് കാണിച്ചിട്ട് ഒരു വിധമാണ് തിരികെ കൊണ്ടു വന്നത്. അതേ രംഗം ഇനിയും ആവർത്തിച്ചാൽ പ്രശ്നമാകും. 

‘‘നിങ്ങളിവിടെ ഇരിക്കൂ. ഞാൻ പോയി ഇപ്പോഴത്തെ സ്ഥിതി ഗതികൾ അറിഞ്ഞിട്ടു വരാം.’’ ഞങ്ങളെ താഴെ സ്വീകരണ മുറിയിൽ ഇരുത്തിയിട്ട് ജിതിൻ മുകളിലേക്ക് പോയി. 

‘‘ഒരു രക്ഷയുമില്ല. അലക്സ് ഇനിയും കണ്ണു തുറന്നിട്ടില്ല. ആരെയും കാണിക്കുന്നില്ല.’’ തിരികെ വന്ന ജിതിൻ ഞങ്ങളെ അറിയിച്ചു. 

‘‘നീനു... അലക്സിന്റെ അച്ഛന്റെ പട്ടാളച്ചിട്ട നിനക്കറിയാവുന്നതല്ലേ. നീ ഇനി അങ്ങോട്ട് പോകണ്ട. ഇവർ പോയി അവന്റെ അച്ഛനെയും അമ്മയെയും കണ്ടു വരട്ടെ.’’ 

‘‘നിങ്ങൾ വന്ന കാര്യം ഞാൻ അവതരിപ്പിച്ചിട്ടുണ്ട്.’’ ജിതിൻ ഞങ്ങളോടായി പറഞ്ഞു. 

‘‘ഈ പൂച്ചെണ്ട്....’’ സ്തബ്ധയായി നിൽക്കുന്ന നീനുവിന്റെ കയ്യിലിരുന്ന പൂച്ചെണ്ട് വാങ്ങി ജിതിൻ നന്ദിനിയുടെ നേർക്കു നീട്ടി. 

പിന്നെ എന്തോ ഓർത്തെടുത്ത പോലെ അല്ലെങ്കിൽ വേണ്ട അതു ശരിയാകില്ല എന്ന മട്ടിൽ എന്റെ കയ്യിൽ ഏൽപിച്ചു. ‘‘നീ ഇത് അലക്സിന്റെ അച്ഛന്റെ കയ്യിൽ കൊടുത്തേക്കൂ.’’

‘‘ഞാനോ?.... കേട്ട കഥകളിൽ ഒരു സിംഹത്തിന്റെ പ്രതിച്ഛായ ഉള്ള അലക്സിന്റെ അച്ഛനു ആ പൂച്ചെണ്ട് കൈമാറുന്ന രംഗം സങ്കൽപിച്ചപ്പോൾ തന്നെ എന്റെ മുട്ടു വിറയ്ക്കാൻ തുടങ്ങി. എങ്കിലും മറുവശത്ത്, മറ്റു രണ്ടു പേർക്കും നൽകാതെ, ആ വിശേഷ ദൗത്യം എന്നെ തന്നെ വിശ്വസിച്ചേൽപ്പിച്ചതിന്റെ തെല്ലൊരു നിർവൃതിയും മനസ്സിലുണ്ട്. 

ജിതിൻ ആലോചിച്ചപ്പോൾ നീനു അലക്സിന്റെ ഇപ്പോഴത്തെ കാമുകി. നന്ദിനി മുൻ കാമുകിയും. ഓരോ പ്രണയബന്ധത്തിൽ നിന്നുമുള്ള വിടുതലിനു ശേഷം, അലക്സ് അവന്റെ അമ്മയോട് അതിനെ പറ്റി വിശദമായി കുമ്പസരിച്ചിരുന്നു. അതിനാൽ നന്ദിനിയെക്കുറിച്ച് അവന്റെ വീട്ടുകാർക്കറിയാം എന്നുറപ്പാണ്. അപ്പോൾ സദുദ്ദേശത്തിനു കളങ്കമേൽക്കാതെയും തെറ്റിദ്ധരിക്കപ്പെടാതെയും പൂച്ചെണ്ട് കൊടുക്കാൻ പറ്റിയ വ്യക്തി ഞാൻ തന്നെ. 

‘‘അതേ, ഇതു കൊടുക്കാൻ പറ്റിയ ആൾ നീ തന്നെ’’ ജിതിൻ പറഞ്ഞു. 

നന്ദിനിയുടെ മുഖത്തു അസൂയയുടെ ഭാവങ്ങൾ മിന്നിമായുന്നതു കണ്ട് ഞാനുള്ളിൽ ചിരിച്ചു. 

‘‘അയ്യോ, ഇതെന്താ ഈ പൂക്കൾക്കുള്ളിൽ?’’ ആ പ്രൗഢനിമിഷത്തിനു വിരാമമിട്ടു കൊണ്ട് നന്ദിനി ആരാഞ്ഞു. അപ്പോളാണ് ഞാനും അത് ശ്രദ്ധിക്കുന്നത്. വെളുത്ത പൂവിതളുകൾക്ക് ഉള്ളിൽ നീല മഷിയാൽ കുറിച്ചിട്ട വരികൾ– ‘ഐ മിസ്സ് യൂ.’

ഇതിനിടയിൽ നീനുവിത് എപ്പോൾ എഴുതി പിടിപ്പിച്ചു എന്നു ഞാൻ അതിശയിച്ചു. ഒരു പക്ഷേ ജിതിൻ മുകളിലേക്ക് പോയ സമയത്തൊപ്പിച്ച പണിയാകും. തമ്മിൽ സംസാരിക്കുന്നതിനിടയിൽ ഞാനും നന്ദിനിയും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പ്രണയം ഒരാളുടെ ക്രിയാത്മകതയെ എത്രത്തോളം ഉയർത്തുമെന്നു കണ്ടു ഞാൻ അന്തം വിട്ടു. 

‘‘അയ്യേ... ഇതു നീ അലക്സിന്റെ അച്ഛനു കൊടുത്താൻ ശരിയാവില്ല. അവന്റെ അമ്മയുടെ ശത്രുവാകും നീ’’ നന്ദിനി പറഞ്ഞു. 

‘‘ശരിയാണ്. ഇതു നീ തന്നെ കൊടുത്താൽ മതി. ഇപ്പോൾ പെട്ടേനെ.’’ ആ പൂച്ചെണ്ട് ജിതിന്റെ കയ്യിൽ ഏൽപിച്ചിട്ടു ഞാൻ തലനാരിഴയ്ക്ക് എന്നെ രക്ഷിച്ച നന്ദിനിയെ നന്ദി സൂചകമായൊന്നു നോക്കി. എന്നിട്ട് അവളെയും കൂട്ടി മുകളിലേക്ക് പോയി.

എന്തു ചെയ്യണം എന്നറിയാതെ ജിതിൻ നീനുവിനെയും കൂട്ടി ആശുപത്രിക്കു പിറകിലായുള്ള പള്ളിവക ശ്മശാനത്തിലേക്ക് നടന്നു. അവിടെ ഒറ്റപ്പെട്ടു പോയ ഏതോ ഒരു പരേതന്റെ ആത്മാവിനായി അവർ ആ പൂക്കൾ സമർപ്പിച്ചു. 

നാളുകൾക്കു ശേഷം അലക്സ് ജീവിതത്തിലേക്കു കര കയറി വന്നപ്പോൾ പ്രണയം നീനുവിന്റെ മനസ്സിൽ നിന്ന് തോണിയിലേറി എങ്ങോട്ടോ അകന്നു. അവൾ അവനെ മറന്നു തുടങ്ങി‌യിരുന്നു. അപ്പോൾ, വിടർന്നു തുടങ്ങവേ തന്നെ കൊഴിഞ്ഞു വീണ അവരുടെ പ്രണയത്തിന്റെ സൂചകമായി, ആരോ അടർത്തിയ ലില്ലി പൂക്കൾ ആ ശ്മശാനത്തിന്റെ മണ്ണിലലിഞ്ഞു ചേർന്നു. അതിനു സാക്ഷിയായി ഒരു പരേതാത്മാവ് എവിടെയോ ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നു.