മരുഭൂമി തേടി 

മരങ്ങളാകുന്നതിനു മുൻപ് 

നാം രണ്ടു 

മരുഭൂമികളായിരുന്നു. 

തീക്കനൽപ്പോലെ 

ചുട്ടുപൊള്ളി,

തീവെയിൽപ്പൂപോലെ 

വാടിത്തളർന്നു, 

പൂഴിയിൽ തലയൊളിപ്പിച്ച് 

അങ്ങനെ.. 

ഒരേ മണൽപ്പുതപ്പിനുള്ളിൽ 

യുഗങ്ങൾ!

ഇടയ്ക്കു 

വെയിലൊന്നു 

പതുങ്ങുന്ന നേരം 

തലപൊക്കി 

പതുക്കെ നീ നോക്കും! 

ഒരു കുഞ്ഞു മണൽകാറ്റിനെ 

ഉമ്മകളുടെ നനവോടെ, 

എന്നിലേയ്ക്ക്‌ 

പറത്തിവിടും!

നിലാവിൽ, 

നാമൊരുമിച്ചു

നക്ഷത്രങ്ങളെ നോക്കി 

നഗ്നരായ് കിടക്കും. 

കൈവിരലുകൾകൊണ്ട്‌ 

വായുവിൽ 

നക്ഷത്രകുത്തുകൾ 

ചേർത്ത് കൂര കെട്ടും. 

അതിൽ നമ്മൾ 

അച്ഛനും അമ്മയും 

നമുക്കു മക്കളും 

നീ നാണിച്ചു 

കണ്ണുപൊത്തും!

അപ്പോഴും, 

ഓരോ ഇരവിനുമപ്പുറം 

ചട്ടുകം പഴുപ്പിച്ചുകൊണ്ട് 

ഒരു പകൽ 

പതുങ്ങിയിരിക്കുന്നുണ്ടാവും 

നാമിരുവരേയും 

പൊള്ളിക്കുവാൻ.

നമ്മളതോർക്കാതിരിക്കും ..

***

ഇപ്പോൾ നാം 

വേനലിന്റെ 

ചുട്ടുപൊള്ളലില്ലാത്ത 

ഒരിടത്തു 

പടർന്നു, 

സമൃദ്ധിയുടെ ചില്ലകൾ 

തളിർത്ത 

രണ്ടു മരങ്ങളാണ്

വേനലില്ല ! 

വറുതിയില്ല !

ചുട്ടുപൊള്ളലില്ല !

പക്ഷേ, 

നമ്മുടെ വേരുകൾ 

ഇനിയുമെത്ര 

മരുഭൂമികൾ താണ്ടണം 

ആ പഴയ 

സ്നേഹച്ചൂട് മണക്കുവാൻ.