Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഭാസ് എന്ന പ്രതിഭാസം

prabhas-bahubali

ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയുടെ പ്രഭാവലയത്തിലാണ് പ്രഭാസ്. നാലു കൊല്ലം ഒരു സിനിമയ്ക്കായി മാത്രം മാറ്റി വച്ച്, അതിന്റെ സംവിധായകനിൽ പൂർണ വിശ്വാസം അർപ്പിച്ച്, കഥാപാത്രത്തിനായി ഭാരം കൂട്ടിയും കുറച്ചും കഠിനാധ്വാനം ചെയ്ത് പ്രഭാസ് എന്ന പ്രതിഭാസം ഇന്ത്യൻ സിനിമയെത്തന്നെയാണ് ഞെട്ടിച്ചത്. ആദ്യ ഭാഗത്തിനു ലഭിച്ച വൻ വിജയത്തിന്റെ അതിരു വിട്ട ആത്മവിശ്വാസമോ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അമിത പ്രതീക്ഷകളുടെ സമ്മർദ്ദമോ അദ്ദേഹത്തിനില്ല. അഭിനന്ദനങ്ങളെയും ആശംസകളെയും വിനയം നിറയുന്ന പുഞ്ചിരിയോടെ സ്വീകരിക്കുന്ന പ്രഭാസ് മനോരമയോടു സംസാരിക്കുന്നു.

നാലു കൊല്ലം ഒരു സിനിമയ്ക്കായി മാറ്റി വയ്ക്കാനുള്ള ധൈര്യത്തിനു പിന്നിൽ ?

രാജമൗലി എന്ന ഒറ്റ വ്യക്തിയാണ് കാരണം. സിനിമ അദ്ദേഹത്തിനു ജീവനാണ്. ഒരു സ്വപ്നസിനിമയെക്കുറിച്ച് അദ്ദേഹം ഇടയ്ക്കിടെ പറയുമായിരുന്നു. അതു ചെയ്യാമെന്നു ഞാനും സമ്മതിച്ചിരുന്നു. ആറു തിരക്കഥകൾ ഞങ്ങൾ ചർച്ച ചെയ്തു. ഏഴാമത്തേതാണ് ബാഹുബലിയുടേത്. ചരിത്ര സിനിമ. മികച്ച തിരക്കഥ. പ്രതിഭാശാലിയായ സംവിധായകൻ. ഞാൻ എന്റെ സമയം മാത്രം നൽകിയാൽ മതിയെന്ന അവസ്ഥ. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത വഴിത്തിരിവായ സിനിമ രാജമൗലി എനിക്കു നൽകി. എല്ലാം അദ്ദേഹത്തിന്റെ കഴിവാണ്.

ബാഹുബലിയിൽ ത്രില്ലടിപ്പിച്ചത് എന്തൊക്കെ ?

എല്ലാം. സിനിമ മുഴുവൻ ത്രില്ലിങ്ങായിരുന്നു. തിരക്കഥ വായിച്ചപ്പോൾ തന്നെ ത്രില്ലിലായിരുന്നു. യുദ്ധരംഗങ്ങളുടെ ചിത്രീകരണം, ആയുധ പരിശീലനം, മനോഹരമായ സെറ്റുകൾ, ലൊക്കേഷനുകൾ അങ്ങനെ എല്ലാം ആകർഷണീയമായിരുന്നു. പല രംഗങ്ങളും വായിച്ചപ്പോൾ ത്രില്ലടിച്ചു. കണ്ടപ്പോൾ കോരിത്തരിച്ചു. 

സിനിമയെക്കുറിച്ച് സുഹൃത്തുക്കളും കുടുംബവും പറഞ്ഞത് ?

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നിലെ നായകനാകാൻ എനിക്കു സാധിച്ചതിൽ അവരൊക്കെ വളരെ സന്തോഷത്തിലായിരുന്നു. ചിത്രത്തിലെ ആക്‌ഷൻ രംഗങ്ങക്കുറിച്ചൊക്കെ അമ്മയ്ക്ക് പേടിയുണ്ടായിരുന്നു. അമ്മ എപ്പോഴും ചോദിക്കുമായിരുന്നു അതേക്കുറിച്ചൊക്കെ. പക്ഷേ ഒന്നാം ഭാഗം ഇറങ്ങിയതോടെ എല്ലാവർക്കും ആശ്വാസമായി. ആദ്യ ഭാഗത്തിന്റെ വിജയത്തിൽ എല്ലാവരും സന്തോഷിച്ചു. 

കേരളത്തിലെ ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ച് ?

ഇന്ത്യയിലെ തന്നെ മനോഹരമായ സംസ്ഥാനമാണ് കേരളം. എവിടെ നോക്കിയാലും മരങ്ങൾ, പച്ചപ്പ്. ഹൈദരാബാദിലൊക്കെ മരങ്ങൾ കുറവും കെട്ടിടങ്ങൾ കൂടുതലുമാണ്. പക്ഷേ ഇവിടെ തിരിച്ചാണ്. ആലപ്പുഴയിൽ നേരത്തെ ഷൂട്ടിങ്ങിനായി വന്നിട്ടുണ്ട്. ബാഹുബലിയുടെ ആദ്യ ഭാഗത്തിലെ വെള്ളച്ചാട്ടവും മറ്റും അതിരപ്പിള്ളിയിലാണ് ഷൂട്ട് ചെയ്തത്. രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതും കേരളത്തിൽത്തന്നെ. ബാഹുബലിക്കും എനിക്കും കേരളം വളരെ പ്രിയപ്പെട്ടതാണ്. 

പ്രിയപ്പെട്ട മലയാള സിനിമകൾ, നടന്മാർ ?

മോഹൻലാൽ സാറിനെയും മമ്മൂട്ടി സാറിനെയും എനിക്ക് വളരെ ഇഷ്ടമാണ്. തെലുങ്കിലും അവരൊക്കെ താരങ്ങളാണ്. അവിടെയും ആളുകൾക്ക് വളരെ ഇഷ്ടമാണ്. പ്രേമമാണ് അടുത്ത കണ്ട ഏറ്റവുമിഷ്ടപ്പെട്ട മലയാള ചിത്രം. ആ സിനിമ നാലുവട്ടം ഞാൻ കണ്ടു. മലയാളം പ്രേമ‌ം സബ്ടൈറ്റിലില്ലാതെ പോലും  50 ദിവസം ഹൈദരാബാദിൽ പ്രദർശിപ്പിച്ചു. അതു സാധാരണ സംഭവിക്കുന്നതല്ല. 

മഹാഭാരതം സിനിമയിൽ ഭീമനാകാൻ മോഹൻലാലിനെക്കാൾ യോഗ്യൻ പ്രഭാസ് ആണെന്നു പറയുന്നവരോട് ?

അയ്യോ, ഒരിക്കലുമില്ല. മോഹൻലാൽ സാർ ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലൊക്കെ അഭിനയിച്ച ആൾ. അദ്ദേഹത്തെയും എന്നെയും തമ്മിൽ താരതമ്യം ചെയ്യുന്നതു പോലും തെറ്റാണ്. ആ ചോദ്യം പോലും ചോദിക്കുന്നത് ശരിയല്ല. മാത്രമല്ല ഉടൻ മറ്റൊരു ചരിത്ര സിനിമയിൽ കൂടി അഭിനയിക്കാൻ എനിക്ക് താൽപര്യമില്ല. രണ്ടു മൂന്നു വർഷത്തിനു ശേഷമേ ഇനി അങ്ങനെയൊന്നിനെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. അന്ന് മഹാഭാരതത്തിലേക്ക് ക്ഷണം ലഭിക്കുകയാണെങ്കിൽ ഏതു കഥാപാത്രമാണെങ്കിലും സന്തോഷത്തോടെ ചെയ്യും. 

വിവാഹത്തെക്കുറിച്ച് ഗോസിപ്പുകൾ അനവധിയുണ്ട് ?

ശരിയാണ്. ഒരുപാടു വാർത്തകൾ വരുന്നതു ഞാനും ശ്രദ്ധിക്കാറുണ്ട്. കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നെന്ന് ഇൗ സിനിമ ഇറങ്ങിക്കഴിയുമ്പോൾ മനസ്സിലാകും. കുറച്ചു കൂടി കാത്തിരുന്നാൽ, ഒരു പക്ഷേ ഇൗ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ എന്റെ വിവാഹത്തെക്കുറിച്ചും അറിയാൻ സാധിക്കും.