ശ്രീനാഥിന്റെ മരണത്തിൽ ദുരൂഹതയില്ല; ശിക്കാറിന്റെ സംവിധായകന്‍ എം പത്മകുമാർ

ശ്രീനാഥ്, ശിക്കാർ പോസ്റ്റർ, എം പത്മകുമാർ

നടൻ ദിലീപിന്റെ അറസ്റ്റിനെ തുടർ‌ന്നുണ്ടായ വിവാദങ്ങൾ ചെന്നുനിൽക്കുന്നത് പലയിടങ്ങളിലാണ്. സിനിമയിലെ പലവിവാദങ്ങളും പൊങ്ങിവരുന്നു, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുണ്ടാകുന്നു.

നടൻമാരായ കലാഭവൻ മണിയുടെയും ശ്രീനാഥിന്റെയും മരണങ്ങൾ വരെ ഉൾപ്പെടുന്നു അതില്‍. ശ്രീനാഥിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും കുടുംബാംഗങ്ങളും പറയുന്നത്. അന്നു തന്നെ സംശയമുണ്ടായിരുന്നുവെങ്കിലും ആത്മഹത്യയാണെന്ന നിലപാടിലായിരുന്നു പൊലീസ്. ഒരു ഹോട്ടൽമുറിയിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീനാഥിനെ കണ്ടെത്തിയത്. അന്ന് ശിക്കാർ എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു അദ്ദേഹം. ഈ വിവാദം വീണ്ടും ഉയർന്നു വരുമ്പോൾ ചിത്രത്തിന്റെ സംവിധായകൻ എം പത്മകുമാറിനു പറയാനുള്ളതു കൂടി അറിയാം. ശ്രീനാഥിന്റെ മരണം ആദ്യം അറിഞ്ഞവരിൽ‌ ഒരാളും അവസാന നാളിൽ നടനുമായി അടുത്തിടപഴകിയവരിലൊരാളാണുമാണ് പത്മ കുമാർ. ശ്രീനാഥിന്റെ മരണത്തിൽ ഒരു ദുരൂഹതയുമില്ലെന്ന് ഉറച്ചുവിശ്വസിക്കുകയാണ് ഇദ്ദേഹം.

‘ശ്രീനാഥ് മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന വാദം ഇതുപോലെ വന്നിരുന്നു. അന്ന് പൊലീസ് വ്യക്തമായ അന്വേഷണം നടത്തിയതാണ്. ആത്മഹത്യയാണെന്ന് അവർ കണ്ടെത്തിയതാണ്. ശ്രീനാഥിന്റെ മരണത്തിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പേര് വലിച്ചിഴയ്ക്കുന്നത് ശുദ്ധ അസംബന്ധമാണെന്നേ ഞാൻ പറയൂ. അദ്ദേഹം അമ്മയിൽ അംഗമല്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അഭിനയിക്കാൻ ഞാൻ വിളിച്ചതും. അതിന്റെ പേരിൽ അമ്മയില്‍ നിന്നാരും ഒരു പ്രശ്നവുമുണ്ടാക്കിയിട്ടില്ല. അദ്ദേഹത്തിന് സിനിമയിൽ ഇടവേള വന്നു പോയതുകൊണ്ടാണ് അംഗത്വമെടുക്കാനാകാതിരുന്നത് എന്നാണ് എനിക്കു തോന്നുന്നത്. അല്ലാതെ ആരും കൊടുക്കാതിരുന്നതല്ല.

ഈ വിഷയത്തിൽ ഇനിയൊരു അന്വേഷണം വന്നാലും അതിനോടു പൂർണമായും സഹകരിക്കും. എന്തെങ്കിലും ദുരൂഹതയുണ്ടെന്ന് അവർക്കു തോന്നുന്നുവെങ്കിൽ അത് അന്വേഷിക്കട്ടെ. എനിക്ക് ദുരൂഹത തോന്നുന്നില്ല. ഞങ്ങൾക്കറിയാവുന്ന കാര്യം പൊലീസിനോടു പറയുന്നതിൽ ഒരു പ്രശ്നവുമില്ല. അന്ന് പൊലീസ് അന്വേഷണം നടന്നപ്പോഴും പൂർണ സഹകരണം നൽകിയതാണ്. ഇനി വന്നാലും അതുപോലെ തന്നെ’. പത്മകുമാർ പറഞ്ഞു.

‘വ്യക്തിപരമായ ചില പ്രശ്നങ്ങൾകൊണ്ട് സിനിമയിൽ നിന്ന് ഏറെക്കാലമായി അകന്നു നിൽക്കുകയായിരുന്നു ശ്രീനാഥ്. അസാധ്യ പ്രതിഭയുള്ളൊരു നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒട്ടേറെ കഥാപാത്രങ്ങൾ എനിക്കൊരുപാടിഷ്ടവുമാണ്. ഈ സിനിമയിലെ അവിസ്മരണീയമായ ഒരു കഥാപാത്രം ചെയ്യാൻ ശ്രീനാഥിനെ ഞങ്ങൾ തീരുമാനിച്ചതും അതുകൊണ്ടായിരുന്നു. മാത്രമല്ല ഒരു ഇടവേളയ്ക്കു ശേഷം എത്തുമ്പോൾ അതൊരു പുതുമയാണല്ലോ. അങ്ങനെയാണ് ഞാനും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ശ്രീനാഥിനെ സമീപിച്ചത്.’

‘അന്ന് അദ്ദേഹം ഏറെ സന്തോഷത്തോടെയാണ് ഓഫർ സ്വീകരിച്ചത്. മലയാള സിനിമയിലേക്കു മടങ്ങിവരണമെന്നും സജീവമാകണമെന്നും വളരെയധികം ആഗ്രഹമുണ്ടെന്ന് ശ്രീനാഥ് പറഞ്ഞു. കോതമംഗലത്തെ ഒരു ഹോട്ടലിൽ ആണ് റൂം സജ്ജമാക്കിയത്. ശ്രീനാഥിന്റെ ജീവിതരീതികളില്‍ കുറച്ച് പ്രശ്നങ്ങളുണ്ട്. അത് അറിഞ്ഞുകൊണ്ടു തന്നെയാണ് സിനിമയിലേക്കു വിളിച്ചതും.

പക്ഷേ ശിക്കാറിന്റെ സെറ്റിൽ ആദ്യ ദിവസം പറഞ്ഞു കേട്ട ശ്രീനാഥേ ആയിരുന്നില്ല. ഒരു പ്രശ്നവുമില്ലായിരുന്നു. പക്ഷേ പിറ്റേന്ന് ആയപ്പോൾ കാര്യം മാറി. സ്വഭാവശൈലികൾ മാറാൻ തുടങ്ങി. ഹോട്ടലിലും ചെറിയ പ്രശ്നമുണ്ടായി. അത് അവർ ഞങ്ങളെ വിളിച്ചു പറഞ്ഞു. ഇത്തരം രീതികൾ കാരണം ഒരു ദിവസം സെറ്റിൽ വരാൻ പോലും അദ്ദേഹത്തിനായില്ല. ഷൂട്ടിങും മുടങ്ങി. ഇതുകൂടി ആയപ്പോൾ മനസ്സില്ലാമനസ്സോടെ സിനിമയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ തീരുമാനിച്ചു. അതല്ലാതെ വേറെ മാർഗമില്ലായിരുന്നു. സിനിമയിൽ നിന്ന് മാറ്റിയെന്ന് ഞങ്ങൾ അദ്ദേഹത്തോടു പറഞ്ഞില്ല. ഒരാഴ്ചത്തേയ്ക്ക് ഷൂട്ടിങ് ഇല്ല. പോയിട്ട് വന്നാൽ മതി എന്നായിരുന്നു കാരണം പറഞ്ഞത്.’ പത്മകുമാർ പറഞ്ഞു.

‘പക്ഷേ അദ്ദേഹം പറഞ്ഞത് ഇപ്പോൾ തിരുവനന്തപുരത്തേയ്ക്കു പോകാനാകില്ല. അവിടെ കുറച്ച് സാമ്പത്തിക പ്രശ്നമുണ്ട്. ഞാൻ ഇവിടെ തന്നെ നിന്നോളാം എന്നായിരുന്നു. ഹോട്ടൽ റൂം ഇല്ല എന്നൊക്കെ ‍ഞങ്ങൾ കാരണം പറഞ്ഞു. അങ്ങനെ ചെയ്യാനേ അന്ന് സാധിക്കുമായിരുന്നുള്ളൂ. പിറ്റേന്നാണ് ഹോട്ടലിൽ നിന്ന് വിളിക്കുന്നത് ശ്രീനാഥിനെ റൂമിൽ ബോധമില്ലാത്ത നിലയിൽ കണ്ടെത്തിയെന്ന്. എന്റെ പ്രൊഡക്ഷൻ കൺട്രോളറെയാണ് വിളിച്ചു കാര്യം പറഞ്ഞത്. കയ്യിലെ ഞരമ്പൊക്കെ മുറിച്ചിട്ടുണ്ട് എന്നും പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു അപ്പോഴേക്കും അവർ.’–പത്മകുമാർ പറഞ്ഞു.

ഞങ്ങൾ ആശുപത്രിയിലെത്തുമ്പോൾ അദ്ദേഹം മരിച്ചിരുന്നു. അന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതു വരെ ഞാൻ അടക്കം പ്രൊഡക്ഷനിലെ കുറേ പേർ കൂടെയുണ്ടായിരുന്നു. മൃതദേഹത്തോടൊപ്പം തിരുവനന്തപുരത്തേയ്ക്കു പോയില്ല എന്നതു സത്യമാണ്. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. പക്ഷേ അദ്ദേഹത്തിന്റെ ബോഡി ഉത്തരവാദിത്തപ്പെട്ടവരെ ഏൽപ്പിക്കുന്നതു വരെ ഞാൻ ഒപ്പമുണ്ടായിരുന്നു. ശ്രീനാഥിന്റെ മൃതദേഹത്തോടൊപ്പം ഞാൻ തിരുവനന്തപുരത്ത് പോയി എന്ന് പറഞ്ഞിരുന്നു. അത് അബദ്ധത്തിൽ പറഞ്ഞതാണ്. ഈ സംഭവം നടന്നിട്ട് വർഷം കുറേ ആയില്ലേ? അതുകൊണ്ട് പറഞ്ഞുപോയതാണ്. ഇപ്പോൾ ഈ വിവാദം വീണ്ടും ഉയർന്നു വരുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ല.’ പത്മകുമാർ പറഞ്ഞു.

‘ശ്രീനാഥ് വളരെ നല്ലൊരു മനുഷ്യനാണ്. സൗമ്യനായ വ്യക്തി. പക്ഷേ അദ്ദേഹത്തെ നിയന്ത്രിച്ചിരുന്നത് ലഹരിയായിരുന്നു. മലയാള സിനിമയിൽ ഒരുപാട് പ്രതിഭകളെ നശിപ്പിച്ചതും നശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ വിഷമാണിത്. ശ്രീനാഥിന്റെ കാര്യത്തിലും വില്ലനായത് ഇതു തന്നെയാണെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്.’ പത്മകുമാർ വ്യക്തമാക്കി.

ശ്രീനാഥിനു വേണ്ടി ശിക്കാറിൽ നീക്കി വച്ച വേഷം പിന്നീട് ചെയ്തത് ലാലു അലക്സ് ആയിരുന്നു‌.