മാധ്യമ സുഹൃത്തുക്കളോട് ക്ഷമാപണത്തോടെ: ഉണ്ണി ആർ

ഈ കുറിപ്പ് വായിച്ചു തീർക്കുവാൻ നിങ്ങൾ ക്ഷമ കാണിക്കണം. പണ്ട് ഡയാന രാജകുമാരിയുടെ മരണത്തെക്കുറിച്ച് ടി ജെ എസ് ജോർജ് ഇന്ത്യൻ എക്സ്പ്രസ്സിൽ ഒരു ലേഖനം എഴുതിയിരുന്നു. ഡയാന മാധ്യമ ഒളിഞ്ഞു നോട്ടത്തിന്റെ ഇരയായിരുന്നുവെന്നും അങ്ങനെയാണ് ആ മരണം സംഭവിച്ചതെന്നുമായിരുന്നു ടി ജെ എസിന്റെ ലേഖനത്തിന്റെ കാതൽ. 

ഒളിഞ്ഞു നോട്ടം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കാവുമ്പോൾ പല രീതിയിൽ മരണം സംഭവിക്കാം. അത്  ശാരീരികമായ അന്ത്യം മാത്രമല്ല മാനസികമായും അത്തരമൊരു മരണം ഉണ്ടാവുക സ്വാഭാവികമാണ്. അറിഞ്ഞോ അറിയാതെയോ പരസ്പര മത്സരത്തിനിടയിൽ എത്രയെത്ര ചെറു മരണങ്ങൾ ഇവിടെ സംഭവിക്കുന്നുണ്ട് എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? 

ഇത്രയും പറയുവാൻ കാരണം കഴിഞ്ഞ ദിവസങ്ങൾ തൊട്ട് ചാനലുകളിലൂടെ നിരന്തരം ആവർത്തിക്കുന്ന ഒരു ദൃശ്യം മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്നതു കൊണ്ടാണ്. ജയിലിൽ കിടക്കുന്ന ദിലീപിനെ കണ്ട് ഇറങ്ങുന്ന മകളുടെ ദൃശ്യമാണ് നിങ്ങൾ കാണിച്ചു കൊണ്ടിരിക്കുന്നത്. ആ പെൺകുഞ്ഞിന്റെ സ്വകാര്യതയെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചോ? അവളെ ഈ ലോകത്തിനു മുന്നിൽ തുറന്ന് നിർത്തുന്നത് മാധ്യമ ധർമ്മത്തിന് ചേർന്നതാണോ? അവൾ ഈ ലോകത്തിലേക്ക് ഒറ്റയ്ക്ക് സഞ്ചരിച്ച് തുടങ്ങിയിട്ടില്ല. 

ധീരരായ സ്ത്രീ മാധ്യമ പ്രവർത്തകർ ഉള്ള ഒരു നാടാണ് ഇത്. ആരും ഈ ദൃശ്യം ആവർത്തിച്ച് കാണിക്കുന്നതിൽ ഒരു കുഴപ്പവും കാണുന്നില്ലേ? ഇരയ്ക്കൊപ്പം നിൽക്കുമ്പോഴും നമ്മൾ നടത്തുന്ന ഇത്തരം ദൃശ്യ ബലാൽക്കാരങ്ങൾ ഒരു പാവം പെൺകുഞ്ഞിനെ എത്രമാത്രം മുറിവേൽപ്പിക്കുമെന്ന് ചിന്തിക്കാൻ കഴിവുള്ളവരാണ് നിങ്ങൾ മാധ്യമ പ്രവർത്തകരെന്ന് എനിക്കറിയാം. സ്വകാര്യതയെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയെക്കുറിച്ചൊന്നും നമ്മൾ പറയണ്ട. സാധാരണ ഒരു മലയാളി ചോദിക്കുന്ന ഒരു ചോദ്യം നിങ്ങൾക്ക് സ്വയം ചോദിച്ചു കൂടെ , ആ പാവം പെൺകുഞ്ഞ് എന്ത് തെറ്റ് ചെയ്തു?

ഇത്രയും എഴുതിയതിൽ എന്തെങ്കിലും അവിവേകമുണ്ടെങ്കിൽ പത്തിരുപത് കൊല്ലം മാധ്യമ പ്രവർത്തന ജീവിതമുണ്ടായിരുന്ന നിങ്ങളുടെ സമൂഹത്തിലെ ഈയുള്ളവനോട് ക്ഷമിക്കണം.