ശ്രീനിവാസൻ കഥയെഴുതുകയാണ്, പുതുമുഖത്തിനു വേണ്ടി

വി. ജെ. സ്റ്റാജൻ, ശ്രീനിവാസൻ

ഒരിടവേളയ്ക്ക് ശേഷം നടനും സംവിധായകനുമായ ശ്രീനിവാസൻ തിരക്കഥാരചനയിൽ വീണ്ടും സജീവമാകുന്നു. ഒരുപാട് ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിനു ഇപ്പോൾ വേണ്ടി തിരക്കഥയൊരുക്കുന്ന അദ്ദേഹം അടുത്തതായി എഴുതുന്നത് ഒരു പുതുമുഖ സംവിധായകനു വേണ്ടിയാണ്. പ്രമുഖ പരസ്യ സംവിധായകനായ വി.ജെ. സ്റ്റാജനു വേണ്ടിയാണ് അദ്ദേഹം കുടുംബബന്ധങ്ങൾ പശ്ചാത്തലമാക്കിയ കഥ എഴുതുന്നത്. 

ഒരു മറവത്തൂർ കനവ്, ഉദയനാണ് താരം, കഥ പറയുമ്പോൾ എന്നീ സിനിമകളാണ് ശ്രീനിവാസൻ പുതുമുഖങ്ങൾക്കായി ഇതിനു മുൻപ് എഴുതിയിട്ടുള്ളത്. സ്വതസിദ്ധമായ നർമ്മവും സാമൂഹ്യ വിമർശനവും ഇടകലർത്തി എഴുതുന്ന തിരക്കഥയ്ക്കൊപ്പം തന്റെ നര്‍മ്മോക്തിയും വാക്‌സാമര്‍ത്ഥ്യവുമായി ഈ സിനിമയിൽ ഒരു സുപ്രധാന റോളിൽ ശ്രീനിവാസനുമുണ്ടാകും. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മൂന്ന് യുവതാരങ്ങളുടെയും മറ്റു അഭിനേതാക്കളുടെയും താരനിർണയം നടന്നുകൊണ്ടിരിക്കുകയാണ്. 

പ്രമുഖ ബ്രാൻഡുകൾക്കായി 150–ലധികം പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സ്റ്റാജന്റെ ഇൗ ചിത്രം അടുത്ത വർഷം മധ്യത്തോടെ തീയറ്ററുകളിലെത്തും.