Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവിന്റെ താരവെളിച്ചത്തിൽ നിഴലായി നിന്ന മാധവ വാരിയർ

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
Manju Warrier With Father

കുറച്ചു കാലം മുൻപ് അപ്രതീക്ഷിതമായി മാധവ വാരിയർ വിളിച്ചു. മാധവേട്ടനെന്നാണു അറിയുന്ന എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നത്. ‘മോള് വീണ്ടും ഗുരുവായൂരിൽ ‍‍‍‍ഡാൻസ് കളിക്കുന്നു. താൻ വരണം എന്നു പറയാൻ വിളിച്ചതാണ്.’ തീരെ പ്രതീക്ഷിക്കാത്ത വിവരമായിരുന്നു. പെട്ടെന്നു എന്നാണ് തിരിച്ചെത്തുന്നത് എന്നു ചോദിച്ചപ്പോൾ മാധവേട്ടൻ ചിരിക്കുക മാത്രം ചെയ്തു. പത്രത്തിൽ ഒന്നും കൊടുക്കേണ്ട എന്നു പ്രത്യേകം പറഞ്ഞാണ് ഫോൺവച്ചത്. ഇന്റർവ്യൂവിനു വേണ്ടി നിരന്തരം വിളിച്ചപ്പോഴും അദ്ദേഹം ഒഴിഞ്ഞുമാറി. 

താരങ്ങളുടെ അച്ഛനോ അമ്മയോ ഭർത്താവോ ആകുകയെന്നതു പലർക്കും താരത്തേക്കാൾ വലിയ പദവിയാണ്. അവരുടെ കയ്യിലെ പാവമാത്രമായി ജീവിക്കുന്ന എത്രയോ അഭിനേതാക്കളെ കണ്ടിട്ടുണ്ട്. അടുത്ത കാലത്ത് ഒരു നടിയോടു സംസാരിച്ചപ്പോൾ പറഞ്ഞതു കേട്ടു ഞെട്ടിപ്പോയി. ഇന്റർവ്യൂവിൽ സംസാരിക്കുക ഭർത്താവാണ് എന്ന്. അഭിനയിക്കുകയും അദ്ദേഹമാണെന്നു പറയാത്തതു ഭാഗ്യം. 

മഞ്ജുവിന്റെ അച്ഛൻ മാധവേട്ടൻ യാത്രയായ ശേഷം ആലോചിക്കുമ്പോഴാണു, അദ്ദേഹം ജീവിച്ചത് എങ്ങിനെയാണെന്നു മനസ്സിലാകുന്നത്.  ഗുരുവായൂരിൽ മഞ്ജു നൃത്തം ചെയ്യുമ്പോൾ അദ്ദേഹം ആൾ തിരക്കിനിടയിൽ തൂണും ചാരിനിന്നു നൃത്തം കാണുന്നതു കണ്ടിരുന്നു. ഒരിക്കൽപ്പോലും മകളെക്കുറിച്ചു  എഴുതണമെന്നു പറഞ്ഞിട്ടില്ല. വാർത്തകളും  വിവാദങ്ങളും പെയ്തിറങ്ങിയകാലത്തു മാത്രം വിളിച്ചു ചോദിച്ചു, ‘എന്തെല്ലാമോ എല്ലാവരും എഴുതുന്നു. ഞങ്ങളും ഒരു കുടുംബമല്ലടോ. ’ അപ്പോഴും എഴുതരുതെന്നു വിലക്കിയിട്ടില്ല. 

കണ്ടുമുട്ടിയ സമയത്തൊരിക്കലും മകളുടെ സിനിമകളെക്കുറിച്ചു സംസാരിച്ചിട്ടില്ല. വ്യക്തിപരമായ േവദനകൾ പങ്കുവച്ചിട്ടുമില്ല. മാങ്ങാക്കൂട്ടാനെക്കുറിച്ചും കടുമാങ്ങയെക്കുറിച്ചുമാണു സംസാരിച്ചിട്ടുള്ളത്. മഞ്ജുവിന്റെ അമ്മ അസുഖത്തിലൂടെ കടന്നുപോയപ്പോൾ മാത്രം വേദനയോടെ സംസാരിച്ചു. വീടിനോടു േചർന്നുള്ള അമ്പലത്തിലെ കഴകം അദ്ദേഹത്തിനു മറ്റെല്ലാത്തിലും വലുതാണെന്നു സംസാരിക്കുമ്പോൾ തോന്നിയിട്ടുണ്ട്. 

മഞ്ജു ഒന്നുമല്ലാതെ വീട്ടിൽ തിരിച്ചെത്തിയപ്പോഴും വീണ്ടും ഉയരങ്ങളിലേക്കു കടന്നുപോയപ്പോഴും ഒരേ മനസ്സോടെയാണു സംസാരിച്ചിട്ടുള്ളത്. പുള്ളിലെ രണ്ടു കിടപ്പുമുറിയുള്ള സാധാരണ വീട് താരത്തിന്റെ  വീടാക്കി മാറ്റണമെന്നദ്ദേഹം ഒരിക്കലും ആഗ്രഹിച്ചില്ല. അവിടെ താര സംഗമങ്ങളും പാർട്ടികളും നടത്തിയില്ല. 

manju-warrier-family

രോഗത്തിന്റെ പിടിയിലായ ദിവസങ്ങളിൽ ഊൺമേശയിൽ വന്നിരുന്നു അദ്ദേഹം പറഞ്ഞു, ‘സ്വയം കഴിക്കാൻ പറ്റുന്നില്ല എന്നതു ചെറിയ കാര്യമാണ്. മറ്റുള്ളവർ കഴിക്കുന്നതു കാണാതെ കിടക്കേണ്ടി വരിക എന്നതു കഷ്ടവും. അവസാന രാത്രിവരെ അദ്ദേഹം കുടുംബത്തോടൊപ്പം കടുമാങ്ങ കൂട്ടി ഊണു കഴിച്ചു. കുടുംബവുമായി ഊൺമേശ പങ്കിടാനാകാതെ ഒരു ദിവസം പോലും കിടന്നില്ല, ഭാഗ്യവാൻ. ഹോണ്ട സിറ്റി കാർ വാങ്ങുമ്പോൾ പറഞ്ഞു, ഇത്ര വിലകൂടിയ കാർ എനിക്കു താങ്ങാനാകുമോ എന്നു സംശയമുണ്ടടോ’. മകൾ വീണ്ടും ഉയരങ്ങളിലേക്കു തിരിച്ചെത്തിയ ശേഷമായിരുന്നു ഇതു പറഞ്ഞത്. 

മഞ്ജുവിന്റെ അച്ഛനാണെന്നു പറഞ്ഞു പരിചയപ്പെടുത്തുന്നതും കണ്ടിട്ടില്ല. ശ്രീ ശ്രീ രവിശങ്കറിനെ കണ്ടപ്പോൾ മാത്രം അതു പറയുന്നതു കേട്ടു. പക്ഷെ അദ്ദേഹം ഒരിക്കലും ശ്രീ ശ്രീയുടെ ഭക്തനായിരുന്നില്ല. വളരെ സമചിത്തതയോടെ കാര്യങ്ങൾ വിലയിരുത്തി. നാലോ അഞ്ചോ വർഷം മുൻപു അദ്ദേഹം ചെണ്ട കൊട്ടു പഠിക്കാൻ പോയി. അരങ്ങേറ്റം നടത്തുകയും ചെയ്തു. 

ഇടത്തരം കുടുംബത്തിൽ ജീവിക്കുകയും മകളെ സ്വപ്ന തുല്യമായ ഉയരത്തിലേക്കു എത്തിക്കുകയും ചെയ്തതിനു പുറകിൽ മാധവ വാരിയർക്കു വലിയ സാമ്പത്തിക ചിലവുണ്ടായിട്ടുണ്ട്. രാവും പകലുമില്ലാതെ അധ്വാനിക്കേണ്ടി വന്നിട്ടുണ്ട്. അരങ്ങുകൾക്കു അകത്തും പുറത്തും കാവലിരുന്നു രാവിലെ എഴുനേറ്റ് ഓഫീസിലേക്ക് ഓടേണ്ടി വന്നിട്ടുണ്ട്. പക്ഷെ താൻ ഉറങ്ങാതെ കഷ്ടപ്പെട്ടു വളർത്തിക്കൊണ്ടിവന്നതാണ് ഈ താരമെന്നു ഒരു തവണപോലും പറയുന്നതു കേട്ടിട്ടില്ല. അപൂർവ സമയത്തുമാത്രമാണു കുടുംബ ചിത്രത്തിനുപോലും നിന്നു തന്നിട്ടുള്ളത്. വീട്ടിൽ പെറുക്കിവച്ച നാടൻ മാങ്ങ പാക്കറ്റിലാക്കി സ്നേഹപൂർവം കാറിൽകൊണ്ടു വച്ചു തരുന്ന സാധാരണ നാട്ടിൻ പുറത്തുകാരൻ മാത്രമായിരുന്നു അദ്ദേഹം എന്നും. 

manju-warrier-family-1

മഞ്ജു വാരിയർ എന്ന താരത്തിന്റെ വെളിച്ചത്തിൽ നിൽക്കാതെയാണു അവരുടെ അച്ഛൻ കടന്നുപോയത്. മകൾ വെട്ടി തിളങ്ങുമ്പോഴും അദ്ദേഹം അതിന്റെ നിഴലിലേക്കു മാറി നിന്നു. ഇതുപോലെ അപൂർവം ചിലരെ മാത്രമെ കണ്ടിട്ടുള്ളു. ഗായിക സുജാതയുടെ ഭർത്താവ് ഡോ.കൃഷ്ണ മോഹനൻ എന്ന മോഹനേട്ടനെ.  പ്രതിഭാധനനായ അദ്ദേഹം എന്നും നിഴലിൽ മാത്രം നിന്നു ആഹ്ളാദിച്ചു. ചിലർ അങ്ങിനെയാണ്. അവർ നിഴലിലും തെളിമയോടെ നിൽക്കും. അടുത്തു നിൽ‌ക്കുന്നവർക്കു അവരുടെ തിളക്കം കാണാനാകും.