മമ്മൂക്കാ, ലാലേട്ടാ... ഇത്തരം 'തമാശകൾ' ഇനി വേണ്ട: രേവതി

സ്ത്രീകളെ അപഹാസ്യരാക്കിക്കൊണ്ടുള്ള തമാശകളുമായി അധികകാലം മുന്നോട്ടു പോകാനാകില്ലെന്ന് നടിയും സംവിധായികയുമായ രേവതി. കാലം മാറിക്കഴിഞ്ഞു. പാട്രിയാർക്കിയും മെയിൽ ഷോവനിസവും ഇനി നിലനിൽക്കില്ല. ഒരു ദിവസം കൊണ്ടു മാറ്റങ്ങളുണ്ടാകുമെന്നു വിശ്വസിക്കുന്നില്ല. എന്നാൽ മാറ്റങ്ങൾക്കായുള്ള ശ്രമങ്ങളിൽനിന്നു പിന്നോട്ടു പോകില്ലെന്ന് രേവതി മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

ഇനി കാര്യങ്ങൾ പഴയതുപോലെ ആവില്ല

നമ്മുടെ സമൂഹത്തിൽത്തന്നെ ലൈംഗിക ചൂഷണത്തിനെതിരെ ശക്തമായ തുറന്ന നിലപാടുകൾ എടുക്കുമ്പോൾ, സിനിമാതാരങ്ങളുടെ ഒരു അസോസിയേഷൻ ചൂഷണത്തെ പിന്തുണയ്ക്കുന്ന രീതിയിൽ തീരുമാനം എടുക്കുന്നത് തെറ്റായ സന്ദേശം നൽകും. അതാണു ഞങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അമ്മ എന്ന അസോസിയേഷൻ ഉത്തരവാദിത്തത്തോടുകൂടി അവരുടെ കടമ നിർവഹിച്ചാൽ പല കാര്യങ്ങളും ഇത്ര വഷളാകില്ല. എന്നാൽ ഇങ്ങനെയൊരു കാര്യം തുറന്നു പറഞ്ഞാൽ അതിനെ പുച്ഛത്തോടെയാണ് അവിടെയുള്ളവർ കാണുന്നത്. അതിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല. അതു മാറണം. പഴയ കാലമല്ല ഇത്. കാലഘട്ടത്തിന്റെ മാറ്റം സിനിമാ മേഖലയും ഉൾക്കൊള്ളണം. പാട്രിയാർക്കിയും മെയിൽ ഷോവനിസവും ഇനി നിലനിൽക്കില്ല.  

ഗണേഷ് കുമാറിന്റെ ശബ്ദരേഖ

കാര്യങ്ങൾ ഉന്നയിക്കുന്ന സ്ത്രീകളെ ഗണേഷ് കുമാർ ഉൾപ്പടെയുള്ളവർ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ് ആ ശബ്ദരേഖ. നമ്മൾ പോയി സംസാരിച്ചാൽ അവർ വലിയ ആദരവോടെ എല്ലാം കേൾക്കും. പിന്നെ വേറെ എന്തെങ്കിലുമൊക്കെ സംസാരിക്കും. ഇതൊക്കെ അറിയാം. അതുകൊണ്ട് മുന്നൊരുക്കത്തോടെ മാത്രമേ അത്തരം ചർച്ചകളിൽ പങ്കെടുക്കൂ. 

ദിലീപ് എന്നത് ഒരു വിഷയം മാത്രം

ദിലീപുമായി ബന്ധപ്പെട്ട് ഉണ്ടായത് ഒരു വിഷയം മാത്രമാണ്. ഇത്തരം നിരവധി പ്രശ്നങ്ങളുണ്ട്. ദിലീപിനെ തിരിച്ചെടുക്കാമെന്ന് അസോസിയേഷൻ തീരുമാനിച്ചപ്പോൾ ആ പെൺകുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ച് ഒരിക്കൽ പോലും അവർ ചിന്തിച്ചില്ല. അതാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നത്. 

അമ്മയിൽ സ്ത്രീകൾക്കു തുറന്നു പറയാനുള്ള അവസരങ്ങളില്ല

ഇതുവരെ സ്ത്രീകളുടെ നേതൃത്വത്തിൽ ഗൗരവമായ വിഷയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടില്ല. അങ്ങനെ ആരും അവിടെ സംസാരിക്കാറില്ല. ഭയം മാത്രമല്ല വിഷയം. ഏതൊരു തൊഴിലിലും ലൈംഗിക ചൂഷണമോ അത്തരത്തിലുള്ള വിഷയങ്ങളോ ഉണ്ടാകുമ്പോൾ നമ്മൾ ആരോടൊക്കെ പറയും? അടുപ്പമുള്ള ചിലരോടോ കുടുംബാംഗങ്ങളോടൊ അല്ലാതെ മറ്റാരോടും പറയില്ല. ഒരു വേദിയിൽ ഇക്കാര്യം ഉന്നയിക്കാൻ ഭൂരിപക്ഷം പേർക്കും മടിയാണ്. കാലാകാലങ്ങളായി അത്തരത്തിൽ നമ്മൾ കണ്ടീഷൻ ചെയ്യപ്പെട്ടിരിക്കുകയാണ്. വെറുതേ പ്രശ്നങ്ങൾ ഉണ്ടാക്കണ്ട, വിട്ടേക്കൂ എന്നായിരിക്കും എല്ലാവരുടെയും പ്രതികരണം. ഇതേ സാഹചര്യം തന്നെയാണ് അമ്മയിലും ഉള്ളത്. 

'നോ' എന്ന് പറഞ്ഞാൽ അതിനർഥം മനസ്സിലാവില്ലേ?

ഇപ്പോഴുള്ള പല പെൺകുട്ടികളുമായി സംസാരിച്ചിരുന്നു. അവർ പറയുന്നത് മറ്റ് ഉദ്ദേശ്യങ്ങളുമായി സമീപിക്കുന്നവരോട് 'നോ' എന്നു പറഞ്ഞാൽ അവർ അവിടെ നിറുത്തുന്നില്ല എന്നാണ്. വീണ്ടും മൊബൈലിലും വാട്ട്സാപ്പിലും ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. 'നോ' എന്ന് പറഞ്ഞാൽ അതിനർഥം 'താൽപര്യമില്ല' എന്നാണെന്ന് ഇവർക്കു മനസ്സിലാവില്ലേ?  

ഇതു പുതിയ പ്രവണതയല്ല

മുൻപും ഇത്തരം ശല്യപ്പെടുത്തലുകളൊക്കെ ഉണ്ടായിരുന്നു. പക്ഷേ, താൽപര്യമില്ലെന്നു പറഞ്ഞാൽ അത് അവിടെ അവസാനിക്കും. എന്നാൽ ഇപ്പോൾ 'നോ' എന്ന വാക്കിന് വിലയില്ലാതായിരിക്കുന്നു. മൊബൈലിലൂടെ എന്തും പറയാമെന്ന ധൈര്യം ആളുകൾക്കു വന്നു കഴിഞ്ഞു. പത്തിരുപതു വർഷം മുൻപ്, ഇപ്പോഴുള്ള രീതിയിൽ അവഹേളനങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. സമൂഹമാധ്യമങ്ങളിൽ പ്രത്യേകിച്ചും. അവരുപയോഗിക്കുന്ന വാക്കുകൾ പോലും ഞാൻ ആദ്യമായാണ് കേൾക്കുന്നത്. 

മമ്മൂക്കാ, ലാലേട്ടാ... ഇത്തരം തമാശകൾ ഇനി വേണ്ട

സൂപ്പർ താരങ്ങളുമായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഗൗരവമായ സംഭാഷണങ്ങൾക്കു ശ്രമിച്ചിട്ടില്ല. അങ്ങനെയൊരു ആവശ്യം തോന്നിയിരുന്നില്ല. പക്ഷേ, പുതിയ സാഹചര്യത്തിൽ അവരുമായി സംസാരിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. അമ്മയുടെ സ്റ്റേജ് ഷോയിലെ ആ സ്കിറ്റ് അങ്ങേയറ്റം അപഹാസ്യമായിരുന്നു. മലയാളത്തിലെ രണ്ടു സൂപ്പർതാരങ്ങൾ അതിൽ അഭിനയിക്കുകയും ചെയ്തു. അതെങ്ങനെ തമാശയായി കാണാൻ കഴിയും? എത്ര കാലം സ്ത്രീകളെക്കുറിച്ച് ഇങ്ങനെ തമാശ പറയും? ഇതൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. അതു സിനിമയ്ക്ക് മാത്രമല്ല നമ്മുടെ സമൂഹത്തിനും ഗുണം ചെയ്യും. 

കൗൺസിലിങ് സംവിധാനം വരണം

അമ്മ എന്ന അസോസിയേഷന് ഉള്ളിൽ ഒരു കൗൺസിലിങ് സംവിധാനം സജ്ജമാക്കണം. ഇങ്ങനെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ ഇവ തുറന്നു പറയാനും പരിഹാരം കണ്ടെത്താനും കഴിയുന്ന ഒരു ഇടം വേണം. സിനിമ എന്ന തൊഴിലിടം കൂടുതൽ സ്ത്രീസൗഹൃദമാകണം. അതു സാധിക്കും. പക്ഷേ, കൂട്ടായ പ്രവർത്തനം അതിന് ആവശ്യമാണ്. ഇപ്പോഴത്തെ വിവാദങ്ങൾക്ക് മുൻപു തന്നെ സിനിമാ മേഖലയിലെ ഓരോ അസോസിയേഷനിലും ജെൻഡർ സെൻസിറ്റിവിറ്റി വർക്ക്ഷോപ്പുകൾ നടത്തണമെന്ന് ഡബ്ല്യൂസിസി ആഗ്രഹിച്ചിരുന്നു. അതിനുള്ള തയാറെടുപ്പുകൾക്കിടയിലാണ് ഇപ്പോഴത്തെ വിവാദങ്ങൾ. 

പ്രത്യക്ഷത്തിൽ സ്ത്രീപ്രാതിനിധ്യമായാൽ എല്ലാമാകില്ല

കൂടുതൽ സ്ത്രീകളെ സംഘടനയുടെ തലപ്പത്തു കൊണ്ടുവന്നതുകൊണ്ടു മാത്രം കാര്യങ്ങളിൽ മാറ്റമുണ്ടാകില്ല. ജെൻഡർ സെൻസിറ്റിവിറ്റിയുള്ള, കാര്യങ്ങളെക്കുറിച്ച് അവബോധമുള്ള സ്ത്രീകൾ വരണം. അതിനായി കൂടുതൽ സമയം നീക്കി വയ്ക്കാനും പറ്റുന്നവരായിരിക്കണം.എന്നാൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. 

ഹേമ കമ്മിഷൻ നിരാശപ്പെടുത്തി

സിനിമാ മേഖലയിലെ ലിംഗവിവേചനത്തെപ്പറ്റി പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ വളരെയേറെ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ പല തവണ ഇടപെട്ടിട്ടും കമ്മിഷന്റെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു പോയില്ല. തീർച്ചയായും അതിൽ നിരാശയുണ്ട്. 

കാസ്റ്റിങ് കൗച്ച് കെട്ടുകഥയല്ല, യഥാർഥ്യം

കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു പലരും എന്നോട് അനുഭവങ്ങൾ പങ്കു വച്ചിട്ടുണ്ട്. ഞാൻ സജീവമായി സിനിമയിൽ ഉണ്ടായിരുന്ന കാലത്ത് അത്തരം അനുഭവമുണ്ടായ പെൺകുട്ടിയുടെ വിഷയത്തിൽ ഇടപെടുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ സമീപിച്ച ആ വ്യക്തിയുടെ അടുത്ത് ഞാൻ നേരിട്ടു പോയി കാര്യം ചോദിച്ചു. അന്ന് അത് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. 

രാജിയില്ല, ശ്രമങ്ങൾ തുടരും

അമ്മയിൽനിന്നു രാജിവച്ച് പുറത്തു പോകാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. അതിനുള്ളിൽ നിന്നുകൊണ്ടു തന്നെ ചർച്ചകൾക്കു തുടക്കമിടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വർഷങ്ങളായി തുടരുന്ന അവസ്ഥ പെട്ടെന്നു മാറ്റാൻ ബുദ്ധിമുട്ടാണ്. എന്നാൽ അതിനായി ശ്രമിക്കുന്നതിൽ തെറ്റില്ലല്ലോ. ചർച്ചകൾ നടക്കട്ടെ. അതിനായി ക്ഷമയോടെ പരിശ്രമം തുടരാൻ ഞാൻ തയാറാണ്.