ദുൽഖർ സിനിമയ്ക്ക് ക്ലൈമാക്സ് എഴുതി, പിന്നാലെ നായകനുമായി

മലയാളത്തിലേക്ക് നാളെ ‘ഒരു ഒന്നൊന്നര നായകൻ’ രംഗപ്രവേശം ചെയ്യുകയാണ്. സൂപ്പർഹിറ്റ് തിരക്കഥാകൃത്തായും സഹനടനായും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ബിബിൻ ജോർജ് ആദ്യമായി നായകനാകുന്ന ഒരു പഴയബോംബ് കഥ റിലീസിനെത്തുന്നു. വൈകല്യങ്ങളെ അതിജീവിച്ച് സിനിമാലോകം കീഴടക്കുന്ന ബിബിന്‍, വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ.

ചെറുപ്പം മുതലേ സിനിമ തന്നെ

മൂന്നാം ക്ലാസ് മുതലേ പാട്ടും ഡാൻസും കൂടെ ഉണ്ടായിരുന്നു. അന്നൊക്കെ ഇത് ചെയ്യുമ്പോൾ സഹതാപത്തോടെയായിരുന്നു ആളുകള്‍ എന്നെ നോക്കിയിരുന്നത്. എനിക്ക് അത് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണ്. നമ്മളെ കാണുമ്പോള്‍ ചിരിയോ പോസിറ്റീവ് എനർജിയോ ആണ് മറ്റുള്ളവരുടെ മുഖത്ത് ഉണ്ടാകേണ്ടതെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ആ ആഗ്രഹത്തിൽ നിന്നാണ് ഞാൻ മിമിക്രി പഠിക്കാൻ തീരുമാനിക്കുന്നത്.

അന്നു മുതൽ സിനിമയെ ഇഷ്ടപ്പെടുകയും സിനിമയിൽ വരാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ആദ്യമൊക്കെ എല്ലാവരെയും പോലെ അവഗണന നേരിട്ടിട്ടുണ്ട്. എന്നാൽ ലക്ഷ്യം ഞാൻ വിട്ടില്ല. തിരക്കഥാകൃത്തായി വന്നെങ്കിലും മനസ്സിലുള്ളൊരു ആഗ്രഹമായിരുന്നു നായകനായി ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്നത്. അതിനു വേണ്ടി ദൈവത്തോടു പ്രാർഥിച്ചിട്ടില്ല. ദൈവം കേട്ട പ്രാർഥന ഞാൻ പ്രാർഥിക്കാതെ പോയ പ്രാർഥനയായിരുന്നു.

പത്താം ക്ലാസിൽ കലാഭവനിൽ മിമിക്രി പഠിക്കാൻ പോയി. പിന്നീടു ഞാനും സുഹൃത്തുക്കളും ചേർന്ന് സ്വന്തമായി സ്കിറ്റുകൾ എഴുതി ഉണ്ടാക്കാൻ തുടങ്ങി. അങ്ങനെ ടെലിവിഷൻ രംഗത്തെത്തി.

നായകനാകുന്ന കഥ

ദുൽഖർ ചിത്രത്തിന്റെ ക്ലൈമാക്സ് എഴുതിക്കൊണ്ടിരിക്കുന്ന സമയം. തലയ്ക്കു ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. ആ സമയത്ത് ബിഞ്ചു ജോസഫ്, സുനിൽ കർമ എന്നീ രണ്ടു പേർ ഈ കഥയുമായി വരുന്നു. ബോംബ് കഥയുടെ കഥ കേട്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല. അവരോടു ഞാൻ വിളിക്കാം എന്നുപറഞ്ഞു. സത്യത്തിൽ ആ കഥ ഞാൻ ശ്രദ്ധിച്ചു കേട്ടുപോലുമില്ലായിരുന്നു.

പെട്ടെന്ന് സലീഷ് കരിക്കൻ എന്ന സുഹൃത്ത് എന്നോടു ചോദിച്ചു, നല്ല കഥയായിട്ടും എന്തിനാണു പറഞ്ഞു വിട്ടതെന്ന്. അങ്ങനെ അവരെ ഉടൻ തന്നെ വിളിച്ച് കഥ കേട്ടു. വീണ്ടും കഥ കേട്ടപ്പോഴാണ് ഇത്രയും നല്ല കഥയാണല്ലോ എന്ന് എനിക്കും തോന്നിയത്.

ഷാഫി സാർ എനിക്ക് ഒരുപാട് സ്വാതന്ത്ര്യം തന്നു. എന്റെ പെർഫോമൻസ് നന്നായിട്ടുണ്ടെങ്കിൽ അതിന് കാരണം ഷാഫി സാർ ആണ്. ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളിയും ഒരുപാട് സഹായിച്ചു. സിനിമയിലെ അണിയറപ്രവർത്തകർ മുഴുവൻ എനിക്ക് പൂർണപിന്തുണ തന്നു. ഡാൻസ് ചെയ്യുമ്പോൾ കാലിന് നീരൊക്കെ വന്നിരുന്നു. അവരുടെയൊക്കെ സ്നേഹത്തിന്റെ പുറത്താണ് ഈ സിനിമ ഞാൻ ചെയ്ത് തീർത്തത് തന്നെ. ഷൂട്ടിങ് നടന്ന കോതമംഗലത്തെ നാട്ടുകാരും ഒരുപാട് സഹായിച്ചു.

വിഷ്ണുവും ഞാനും

വിഷ്ണുവും ഞാനും ആറാം ക്ലാസ് മുതലുള്ള സൗഹൃദമാണ്. ഞങ്ങൾക്ക് ഞങ്ങളുടേതായ കുറച്ച് നിലപാടുകളുണ്ട്. അത് അതുപോലെ കാത്തുസൂക്ഷിക്കുന്നതുകൊണ്ട് ദൈവാനുഗ്രഹങ്ങളും ഉണ്ടായി.

ദുൽഖറിന്റെ ‘യമണ്ടൻ പ്രേമകഥ’

ഇന്ത്യയിൽ തന്നെയുള്ള പ്രഗൽഭരാണ് ദുൽഖറിനോടു കഥ പറയാൻ നിൽക്കുന്നത്. ഞങ്ങൾ കഥ പറയുമ്പോൾ തന്നെ ആ ക്യൂവിലുണ്ടായിരുന്ന സംവിധായകരുടെ പേരു കേട്ടാൽ നിങ്ങൾ ഞെട്ടും. അതിനിടെയാണ് യമണ്ടൻ പ്രേമകഥയുടെ കഥയുമായി ചെല്ലുന്നത്. ചെന്നു, കഥ പറഞ്ഞു. ദുൽഖർ ഞങ്ങളുടെ ടൈപ്പ് ഓഫ് സിനിമകൾ ചെയ്തിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരു സംശയം ഉണ്ടായിരുന്നു.

കഥയിൽ കുറച്ച് നിർദേശങ്ങൾ അദ്ദേഹം പറഞ്ഞു, ഞങ്ങൾക്കും തോന്നി അങ്ങനെ എന്തുകൊണ്ട് ചിന്തിച്ചില്ലെന്ന്. അങ്ങനെ രണ്ടു മൂന്നുമാസം വീണ്ടും ആ തിരക്കഥയിൽ വർക്ക് ചെയ്തു. അവസാനം ദുൽഖറിന് പൂർണതൃപ്തി തരുന്ന തിരക്കഥയിലേക്കു ഞങ്ങൾ എത്തി.

ഒരു കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്; സാധാരണക്കാർ കാണാൻ ആഗ്രഹിക്കുന്ന ഒരു ദുൽഖറിനെ ഈ സിനിമയിൽ കാണാം. ബി.സി. നൗഫൽ എന്ന ആളാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വർഷങ്ങൾക്കു മുമ്പേ അദ്ദേഹവുമായി പരിചയമുണ്ട്.

വൈകല്യത്തെ അതിജീവിച്ച ബിബിൻ

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് വയ്യെന്ന കാര്യം തിരിച്ചറിയുന്നത്; അതും വേറൊരു കുട്ടിയുടെ വായിൽ നിന്ന്. ഞാൻ കളിയാക്കിയപ്പോൾ ആ കുട്ടി തിരിച്ചു കളിയാക്കിയതാണ്. അവന്റെ വാക്കുകേട്ടപ്പോൾ എനിക്ക് എന്തോപോലെ ആയി. സത്യത്തിൽ ആ സമയത്തൊന്നും എന്റെ വയ്യായ്കയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പക്ഷേ മറ്റൊരാൾ കളിയാക്കിയപ്പോൾ വളരെ വിഷമമുണ്ടായി. വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞപ്പോൾ, അതൊന്നും നീ കാര്യമായി എടുക്കേണ്ടെന്ന് പറയുകയും ചെയ്തു.

കാലിൽ പണ്ട് ഷൂ ഉപയോഗിക്കുമായിരുന്നു. വളരെ വേദന തോന്നിയിരുന്നതിനാൽ എടുത്ത് കളയാൻ എന്റെ അച്ഛൻ തന്നെയാണ് പറഞ്ഞത്. അങ്ങനെ എന്തു കാര്യത്തിനും എന്നെ സഹായിക്കുന്ന അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് ഉണ്ടായിരുന്നത്. േചച്ചിമാരും അങ്ങനെ തന്നെ. കല്യാണപരിപാടികള്‍ക്കും മറ്റും എന്നെക്കൊണ്ട് പാട്ട് പാടിപ്പിക്കുക, ഡാൻസ് ചെയ്യിപ്പിക്കുക അങ്ങനെ പോസീറ്റിവ് ആയ കാര്യങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്.

മറ്റുള്ളവർ കളിയാക്കുമ്പോള്‍ അതു മനസ്സിൽ വയ്ക്കാറുണ്ടായിരുന്നു. വാശിയും ഉണ്ടായിരുന്നു. എന്നാൽ അത് പിന്നീട് എന്റെ ജീവിതശൈലിയിലേക്ക് കൊണ്ടുവന്നപ്പോൾ വൈകല്യം മറക്കാൻ തുടങ്ങി, നല്ല കൂട്ടുകാരെ കിട്ടി, അവരിലൊരാളായി. മനസ്സുകൊണ്ട് തന്നെ സാധാരണമനുഷ്യനായി മാറി. ഇപ്പോൾ കളിയാക്കാൻ വരുന്നവരോട് ‘ഒന്ന് പോടാപ്പാ’ എന്നു തിരിച്ചു പറയാൻ കഴിയും.