ഇരുട്ടിന്റെ രാജകുമാരനാണ് ‘ലൂസിഫർ’: മുരളി ഗോപി

‘‘മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ചു പറയാൻ ഞാൻ യോഗ്യനല്ല. പൃഥ്വിരാജിന്റെ സംവിധാനത്തെപ്പറ്റി പറയാം. തിരക്കഥ മുഴുവൻ മനഃപാഠമാക്കി സിനിമ ഒരുക്കുന്ന പൃഥ്വിരാജ് എന്നെ അദ്ഭുതപ്പെടുത്തുന്നു. സംവിധാനത്തിന്റെ മർമമറിയാവുന്ന ഒരാളെപ്പോലെ പൃഥ്വിരാജ് ഓരോ ഷോട്ടും ഗംഭീരമായാണു ചിത്രീകരിക്കുന്നത്.’’ 

പറയുന്നതു ‘ലൂസിഫറി’ന്റെ തിരക്കഥാകൃത്തു കൂടിയായ നടൻ മുരളി ഗോപി. സംവിധായകനായി പൃഥ്വിരാജ് അരങ്ങേറുന്ന സിനിമയാണു ലൂസിഫർ. നായകൻ മോഹൻലാൽ. 

‘‘മോഹൻലാലിന്റെ ആരാധകർ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ‘ലൂസിഫർ’. ഞാൻ ഇഷ്ടപ്പെടുന്ന പല സവിശേഷതകളും മോഹൻലാലിൽ ഉണ്ട്. അതെല്ലാം ‘ലൂസിഫറി’ൽ ഉണ്ടാകും. ഇരുട്ടിന്റെ രാജകുമാരൻതന്നെയാണു ‘ലൂസിഫർ’.അതിൽ രാഷ്ട്രീയമുണ്ട്. മറ്റു പലതുമുണ്ട്. സിനിമ കാണുമ്പോൾ കൂടുതൽ മനസ്സിലാകും.’’– മുരളി ഗോപി പറയുന്നു. 

മുരളി ഗോപി എഴുതിയ ‘ടിയാൻ’,‘കമ്മാരസംഭവം’ എന്നീ പരീക്ഷണാത്മക വാണിജ്യ സിനിമകൾ പ്രതീക്ഷിച്ച ബോക്സ് ഓഫിസ് വിജയം നേടിയില്ല. അതുകൊണ്ടുതന്നെ തൽക്കാലം പരീക്ഷണങ്ങൾക്കില്ലെന്നു പറയുന്നു, മുരളി. വരുംകാലത്ത് ‘ടിയാനും’ ‘കമ്മാരസംഭവ’വും ഓർമിക്കപ്പെടുമെന്നുതന്നെയാണു മുരളിയുടെ വിശ്വാസം. രണ്ടു വർഷം കഴിയുമ്പോൾ സ്വയം തിരക്കഥ രചിച്ചു സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണു മുരളി. 

തിരക്കഥയിൽ ശ്രദ്ധിച്ചതിനാൽ കഴിഞ്ഞ കുറെക്കാലമായി അഭിനയം കുറച്ചിരിക്കുകയാണ്. അവസാനം അഭിനയിച്ചത്‘ആമി’യിൽ ആയിരുന്നു. നവംബർ‌ മുതൽ വീണ്ടും അഭിനയത്തിൽ സജീവമാകും. ‘‘അഭിനയത്തിനൊപ്പം വർഷത്തിൽ ഒരു സിനിമയ്ക്കു തിരക്കഥ എഴുതും. ബിഗ് ബജറ്റ് പ്രമേയങ്ങളേ എഴുതൂ എന്ന നിർബന്ധമൊന്നുമില്ല. ചെറിയ പടങ്ങൾക്കും എഴുതും’’ മുരളി പറയുന്നു. 

അനുസരണയുള്ള നടൻ 

അഭിനയിക്കുന്ന ചിത്രങ്ങളുടെ തിരക്കഥയിൽ ഇടപെടുന്നുവെന്ന ആരോപണം മുരളി നിഷേധിക്കുന്നു. അഭിനയിക്കുമ്പോൾ അനുസരണയുള്ള നടൻ മാത്രമാണു താൻ. ‘‘തിരക്കഥയെക്കുറിച്ച് അഭിപ്രായം ചോദിച്ചാൽ മാത്രമേ പറയൂ. വേറൊരാൾ എഴുതിയ തിരക്കഥയിൽ ഇടപെടാറില്ല. തിരക്കഥാകൃത്തുക്കളായ നടന്മാരെക്കുറിച്ച് എല്ലാക്കാലത്തും ഇത്തരം ആക്ഷേപം ഉയരാറുണ്ട്. ശ്രീനിവാസൻ, അനൂപ് മേനോൻ, ജഗദീഷ് തുടങ്ങിവരെല്ലാം ഈ ആക്ഷേപം കേട്ടവരാണ്’’ – മുരളി ചൂണ്ടിക്കാട്ടുന്നു. 

ഓർമയിൽ അച്ഛൻ 

കൊച്ചി ബോൾഗാട്ടി പാലസിൽ ‘ഐസ്ക്രീം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അച്ഛൻ ഭരത് ഗോപിക്കു പക്ഷാഘാതം ഉണ്ടായതെന്നു മുരളി ഓർമിക്കുന്നു. ‘‘അച്ഛന്റെ ഇടതുവശം തളർന്നു. അന്നു ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുകയാണ്. എല്ലാ സൗഭാഗ്യങ്ങൾക്കും മേൽ ഇരുൾവീണ പോലുള്ള അവസ്ഥയായിരുന്നു അത്. അമേരിക്കയിൽ കൊണ്ടുപോയി ചികിത്സിച്ചെങ്കിലും പൂർണ ശേഷി വീണ്ടെടുക്കാനായില്ല. പഴയ അഭിനയശേഷിയുടെ നിഴൽ മാത്രമേ പിന്നീടു പ്രകടിപ്പിക്കാനായുള്ളൂ.’’ 

വീണ്ടും അഭിനയിക്കാൻ തുടങ്ങിയപ്പോൾ 2% അഭിനയിച്ചിട്ടുവരാമെന്നു പറഞ്ഞാണ് അച്ഛൻ പോയിരുന്നതെന്നു മുരളി ഓർമിക്കുന്നു. 1986 ഫെബ്രുവരി 21നു തന്നിലെ നടൻ മരിച്ചുവെന്നാണു ഗോപി പറഞ്ഞിരുന്നത്. 

സുഗന്ധം തൊട്ടുമുന്നിൽ 

അച്ഛൻ അമേരിക്കയിൽ ചികിത്സയ്ക്കു പോയപ്പോൾ വീട്ടിൽ മുരളി ഒറ്റയ്ക്കായിരുന്നു. ഒരു ദിവസം കോളിങ് ബെൽ കേട്ടു തുറന്നു നോക്കുമ്പോൾ തൊട്ടുമുന്നിൽ പ്രേംനസീർ. പിന്നിൽ ജി.ദേവരാജൻ. അച്ഛന്റെ അസുഖം അന്വേഷിക്കാൻ എത്തിയതാണു രണ്ടുപേരും. നസീർ സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന മുരളി അദ്ദേഹത്തെ നേരിട്ടു കണ്ടപ്പോൾ ഞെട്ടിപ്പോയി. സിനിമയിൽ നസീർ പ്രത്യക്ഷപ്പെടുമ്പോൾ തിയറ്ററിൽ സുഗന്ധം പരക്കുന്നതുപോലെ തോന്നുമെന്നു മുരളി പറയുന്നു. അതേ സുഗന്ധം തൊട്ടു മുന്നിൽ. 

‘‘എന്നെ മനസ്സിലായോ...എന്റെ പേരു പ്രേംനസീർ....’’ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ‘‘നമ്മളെ കണ്ടു പയ്യൻ വിരണ്ടെന്നാണു തോന്നുന്നത്. അകത്തു കയറി ഇരിക്കാം.’’ എന്നായി ദേവരാജൻ മാഷ്. 

രണ്ടുപേരും ഇരുന്നു. ‘‘മോനെന്നെ മനസ്സിലായില്ലെങ്കിലും അച്ഛന് എന്നെ അറിയാം കേട്ടോ...’’ എന്നായി നസീർ സാർ. ഭരത്ഗോപിയെ അന്വേഷിച്ചു തങ്ങൾ വീട്ടിൽ വന്നിരുന്നുവെന്നു കടലാസിൽ എഴുതി മുരളിയെ ഏൽപിച്ചശേഷം നസീർ മടങ്ങി. അദ്ദേഹം പോയശേഷവും ആ സുഗന്ധം അവിടെ തങ്ങിനിൽപുണ്ടായിരുന്നുവെന്നു മുരളി ഓർമിക്കുന്നു.