ഒടിയൻ മാണിക്കന്‍ ഒടിവെക്കുന്നത് നരേനെയോ?; അഭിമുഖം

കൃത്യമായ ഇടവേളകളിൽ സിനിമ ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടുന്ന യുവതാരമാണ് നരേൻ. മലയാളത്തിൽ തുടങ്ങി തമിഴിലേക്ക് ചേക്കേറിയെങ്കിലും നരേൻ ഇന്നും മലയാളികൾക്ക് ഇഷ്ടമുള്ള മുഖമാണ്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം താരം വീണ്ടും മലയാളി പ്രേക്ഷകർക്കു മുന്നിലെത്തുന്നു. മോഹൻലാൽ ഒടിയൻ മാണിക്കനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയനിൽ ശ്രദ്ധേയമായ വേഷമാണ് നരേൻ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് നരേൻ. ഷൂട്ട് തീർന്നപ്പോൾ കുറച്ചു കൂടി രംഗങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് മോഹിപ്പിച്ചുപോയ ഒടിയന്റെ വിശേഷങ്ങൾ നരേൻ മനോരമ ഓൺലൈനുമായി പങ്കു വച്ചു... 

അതിഥിവേഷത്തിൽ പ്രകാശൻ

സംവിധായകൻ ശ്രീകുമാർ മേനോനാണ് ഒടിയനിലേക്ക് എന്നെ വിളിക്കുന്നത്. അദ്ദേഹം എന്റെ കഥാപാത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞു. കഥയും പശ്ചാത്തലവും കേട്ടപ്പോൾ തന്നെ ഇത് ചെയ്യണം എന്നു ഉറപ്പിച്ചിരുന്നു. ഒടിയനിൽ ഒരു അതിഥി കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. സിനിമയിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രം കൂടിയാണ് ഞാൻ ചെയ്യുന്ന പ്രകാശൻ എന്ന കഥാപാത്രം. പ്രകാശനെക്കുറിച്ച് സിനിമയുടെ റിലീസിനു മുൻപ് വിശദമായി പറയാൻ കഴിയില്ല. 

ലാലേട്ടനൊപ്പം രണ്ടാം ചിത്രം

പാലക്കാട് വച്ചായിരുന്നു എന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്. മോഹൻലാൽ, മഞ്ജു വാരിയർ, പ്രകാശ് രാജ് എന്നിവരുമായിട്ടാണ് എന്റെ കോമ്പിനേഷൻ രംഗങ്ങൾ. അതിൽ വലിയ സന്തോഷമുണ്ട്. ഗ്രാന്റ്മാസ്റ്ററിനു ശേഷം ലാലേട്ടനൊപ്പം ഒരുമിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഒടിയൻ. അദ്ദേഹത്തിനോടൊത്തു പ്രവർത്തിക്കുക എന്നത് എല്ലായ്പ്പോഴും ആഹ്ലാദകരമായ അനുഭവമാണ്. അതും ഇതുപോലൊരു വലിയ സിനിമയിൽ! ആദ്യമായിട്ടാണ് മഞ്ജു വാര്യർക്കൊപ്പവും പ്രകാശ് രാജിനൊപ്പവും അഭിനയിക്കുന്നത്. എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന അനുഭവങ്ങളാണ് ഒടിയൻ സമ്മാനിച്ചത്. 

ഇനിയും രംഗങ്ങളുണ്ടായിരുന്നെങ്കിൽ

അനായാസമായി ലാലേട്ടൻ അഭിനയിച്ചു പോകുന്നത് കാണാൻ ഇപ്പോഴും കൗതുകമാണ്. നമ്മുടെ കൂടെ വളരെ സൗഹൃദത്തോടെ സംസാരിക്കുകയും ക്യാമറയ്ക്കു മുന്നിൽ എത്തിയാൽ കഥാപാത്രമാകുകയും കട്ട് പറഞ്ഞാൽ വീണ്ടും പഴയപോലെ നമ്മുടെ സൗഹൃദ സംഭാഷണം തുടരുകയും ചെയ്യുന്ന വിസ്മയം! മഞ്ജു വാര്യർക്കൊപ്പം മനോഹരമായ രംഗം സിനിമയിലുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിമാരിൽ ഒരാൾ കൂടി ആയതിനാൽ അവർക്കൊപ്പം അഭിനയിക്കുക എന്നു പറയുന്നത് എനിക്ക് ഇരട്ടി സന്തോഷമായിരുന്നു. ഓർമയിൽ സൂക്ഷിക്കാൻ അങ്ങനെ ഒരു പിടി നല്ല മുഹൂർത്തങ്ങൾ ഈ സിനിമ സമ്മാനിച്ചിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞപ്പോൾ, കുറച്ചു കൂടി രംഗങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി. 

ഇതൊരു മാസ്–ക്ലാസ് സിനിമ

ഒരു അതിഥിവേഷത്തിൽ അഭിനയിച്ചു പോകുമ്പോൾ വലിയൊരു സിനിമ ചെയ്തതായി സാധാരണ തോന്നാറില്ല. കുറച്ചു രംഗങ്ങളിൽ മാത്രമല്ലേ വന്നു പോകുന്നുള്ളൂ. എന്നാൽ ഒടിയന്റെ കാര്യത്തിൽ അങ്ങനെയല്ല. അതിനു കാരണം ചിത്രത്തിന്റെ ഗംഭീരൻ തിരക്കഥയാണ്. പ്രേക്ഷകരെ തിയറ്ററിലേക്ക് ഇടിച്ചു കയറ്റുന്ന തരത്തിലുള്ള മാസ് സിനിമകൾ വരാറുണ്ട്. എന്നാൽ അതിൽ കലാമൂല്യമുള്ള കഥയുണ്ടാകണമെന്നില്ല. ഒടിയൻ അങ്ങനെയല്ല. ഇതൊരു മാസ്–ക്ലാസ് സിനിമയാണ്. നല്ല തിരക്കഥയ്ക്കുള്ളിൽ ഒരു മാസ് സിനിമ! ഛായാഗ്രാഹകൻ ഷാജി പകർത്തിയ ദൃശ്യങ്ങൾ സിനിമയുടെ കരുത്താണ്. ഹരികൃഷ്ണൻ സാറിന്റെ കരുത്തുറ്റ തിരക്കഥ, ഫൈറ്റ് കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ അങ്ങനെ എല്ലാവരും സംവിധായകനൊപ്പം നിന്നു. 

ഇടവേളകൾ സംഭവിക്കുന്നത്

ഇടവേളകൾ മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച് സംഭവിക്കുന്നതല്ല. ഞാനെപ്പോഴൊക്കെ തമിഴ് സിനിമ വിട്ട് മലയാളത്തിൽ ഫോകസ് ചെയ്യണമെന്ന് വിചാരിക്കുന്നുവോ, അപ്പോഴൊക്കെ എന്തെങ്കിലും ഒരു തമിഴ് പ്രൊജക്ട് നമ്മെ തമിഴിലേക്ക് തിരിച്ചു കൊണ്ടു പോവുകയും ആ പ്രൊജക്ട് വൈകുകയും ചെയ്യും. തമിഴിൽ ചെയ്യുന്നത് കൂടുതലും കേന്ദ്രകഥാപാത്രമായിട്ടാണ്. അതിൽ ഉത്തരവാദിത്തം കൂടുതലാണ്. രണ്ടു മാസം എന്നു കരുതുന്നത് പിന്നീട് ആറു മാസമോ എട്ടു മാസമോ ഒക്കെയാകും. അതിനിടയിൽ മലയാളത്തിലെ പ്രൊജക്ടുകൾ നഷ്ടമാകും. 

പ്രതീക്ഷയുടെ പുതുവർഷം

2019ൽ മലയാളത്തിൽ ചില ചിത്രങ്ങൾ എന്റേതായി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചർച്ചകൾ നടക്കുന്നു. ഒന്നു രണ്ടു മാസത്തിനുള്ളിൽ ധാരണയാകും. സംവിധായകൻ സുശീന്ദ്രൻ ചെയ്യുന്ന ഒരു പടം തമിഴിൽ വരാൻ പോകുന്നു. അതുപൊലെ മറ്റൊരു തമിഴ് ചിത്രവും ചർച്ചകളിലാണ്. മലയാളത്തിൽ നല്ലൊരു ചിത്രം ചെയ്യുക എന്നതാണ് എപ്പോഴും ആഗ്രഹം. വളരെ ശ്രദ്ധിച്ചാണ് മലയാളത്തിൽ വേഷങ്ങൾ തിരഞ്ഞെടുക്കുന്നത്. എങ്കിലും ചിലപ്പോഴൊക്കെ സൗഹൃദത്തിന്റെ പേരിലും സിനിമകൾ ചെയ്യാറുണ്ട്. 

ഒടിയൻ മാജിക് തമിഴിലും

റിലീസ് ദിവസം കുടുംബത്തോടൊപ്പം ചെന്നൈയിൽ ഒടിയൻ കാണാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ്. ഇവിടെ തമിഴ് പത്രങ്ങളിലൊക്കെ ഒടിയനെക്കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ സന്തോഷം തോന്നും. തമിഴിൽ പോസ്റ്ററുകളും നിറയെ കാണാം. രജനികാന്തിന്റെയൊക്കെ സിനിമ പോലെ തമിഴ്നാട്ടുകാർ നമ്മുടെ ഒരു സിനിമ കാത്തിരിക്കുന്നത് കാണുന്നത് ഒരു പുതുമയാണ്. അവർക്ക് ഒടിയൻ എന്ന സിനിമയെക്കുറിച്ച് അറിയാം. കേരളത്തിനു പുറത്തുള്ള പ്രേക്ഷകരും മലയാള സിനിമ വലിയ രീതിയിൽ കാണാൻ തുടങ്ങിയിരിക്കുന്നു. ചെന്നൈയിലുള്ള എന്റെ മലയാളികളല്ലാത്ത സുഹൃത്തുക്കൾ പോലും മലയാളത്തിലെ ഈയടുത്ത് ഇറങ്ങിയ സിനിമകൾ കാണുന്നുണ്ട്. ഒരു പത്തു വർഷം മുൻപ് ഇങ്ങനെ ആയിരുന്നില്ല. നഗരങ്ങളിൽ മാത്രമാകാം ഇത്തരമൊരു മാറ്റം. എങ്കിലും ഏറെ പ്രതീക്ഷ നൽകുന്ന മാറ്റമാണിത്. 

ഞാനും മഞ്ജുവും തന്മയയും

കുടുംബത്തിനോടൊപ്പം ചെന്നൈയിലാണ് താമസം. മഞ്ജുവും മകൾ തന്മയയും ചെന്നൈയുമായി ചേർന്നമട്ടാണ്. മോൾ ഇപ്പോൾ നാലാം ക്ലാസിലാണ്. പാട്ടിലും നൃത്തത്തിലുമൊക്കെ താൽപര്യമുണ്ട്. അവളെ ചുറ്റിപ്പറ്റിയാണ് എല്ലാം. അവൾക്ക് സ്കൂൾ ഉള്ളതുകൊണ്ട് അവധിക്കാലത്താണ് നാട്ടിലേക്ക് വരാറുള്ളത്. എന്റെ മാതാപിതാക്കൾ തൃശൂരും മഞ്ജുവിന്റെ കോഴിക്കോടുമാണ്. ഷൂട്ടിങ്ങിനായി പരമാവധി രണ്ടു മൂന്നു മാസമൊക്കെയാണ് വീട്ടിൽ നിന്നു മാറി നിൽക്കേണ്ടി വരാറുള്ളൂ. അതുകൊണ്ട് മോളുമായുള്ള കളികളും ചിരികളും അധികം നഷ്ടമാകാറില്ല. അവൾ വളരുന്നത് അടുത്തു നിന്നു കാണുന്നതിൽ വലിയ സന്തോഷം.