3 ഡിയില്‍ ആടുജീവിതം സ്ക്രീനിലെത്തും 2018ൽ..

ബെന്യാമിന്റെ ‘ആടുജീവിതം’ നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രം ചിത്രീകരിക്കുക കുവൈത്ത്, ദുബായ്, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിൽ. വിവിധ ഭാഷകളിലായുളള 3ഡി ചിത്രം 2018ൽ പൂർത്തിയാകും. പൃഥ്വിരാജ് ആണു പ്രധാന കഥാപാത്രമായ നജീബ് ആയി വേഷമിടുന്നത്. പ്രവാസി വ്യവസായി കെ.ജി. ഏബ്രഹാമിന്റെ ഉടമസ്‌ഥതയിൽ കെജിഎ ഫിലിം കമ്പനിയാണു നിർമിക്കുന്നത്. കെ.ജി ഏബ്രഹാമും ബ്ലസിയും പൃഥ്വിരാജും പങ്കെടുത്ത വാർത്താസമ്മേളനത്തിലാണു വിശദാംശങ്ങൾ അറിയിച്ചത്.

കഥയിലെ നിസ്സഹായതയല്ല, മനുഷ്യനും പ്രകൃതിയും ഉൾപ്പെടുന്ന പ്രമേയമാണ് ‘ആടുജീവിതം’ ചലച്ചിത്രമാക്കാൻ കാരണമെന്നു ബ്ലസി പറഞ്ഞു. ബിഗ് ബജറ്റ് ചിത്രം സാമ്പത്തിക നേട്ടം കണക്കാക്കിയല്ല നിർമിക്കുന്നതെന്ന് കെ.ജി. ഏബ്രഹാം പറഞ്ഞു. നോവൽ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞതു തന്നെ അതിന്റെ പ്രാധാന്യത്തിനു തെളിവാണ്. അതിനാലാണ് ഈ സംരംഭവുമായി സഹകരിക്കുന്നത്. ‘ആടുജീവിത’ത്തിലെ നജീബ് ആകാൻ ജീവിതശീലങ്ങൾ തന്നെ മാറേണ്ടതുണ്ടെന്നു പൃഥ്വിരാജ് പറഞ്ഞു.

നീണ്ട കാലം തന്നെ ഈ സിനിമയ്ക്കായി മാറ്റിവയ്ക്കേണ്ടതുണ്ട്. അതിനിടെ മറ്റു സിനിമകളുമായി സഹകരിക്കാനാകുമെന്നു കരുതുന്നില്ല. കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കേണ്ടതുണ്ട്. അഭിനയിച്ചു തീർന്നാലും നജീബിന്റെ മാനസികാവസ്‌ഥയിൽ ആയിരിക്കും. നജീബിന്റെ രീതി അറിയാൻ മൂന്നോ നാലോ ദിവസം അദ്ദേഹവുമൊത്തു താമസിക്കാൻ ആലോചനയുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.