വീട്ടിലെ ഒരാളെപ്പോലെ എനിക്കു മമ്മൂക്ക: ചിപ്പി

പാഥേയം സിനിമയിൽ ചിപ്പിയും മമ്മൂട്ടിയും

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ ഒരു സിനിമയാണ് ഭരതൻ-ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന പാഥേയം. 1993ൽ പുറത്തിറങ്ങിയ സിനിമയിലൂടെ ചിപ്പി എന്ന പുതുമുഖ താരത്തെക്കൂടി മലയാളസിനിമയ്ക്ക് ലഭിച്ചു. മമ്മൂട്ടിയുടെ മകളായി പാഥേയത്തിലൂടെ വന്ന ചിപ്പി പിന്നീട് ഹിറ്റ്ലറിലും നമ്പർവൺ സ്നേഹതീരം ബാംഗ്ലൂരിലും സഹോദരിയായി വേഷമിട്ടു. മമ്മൂട്ടിയുമൊത്തുള്ള അഭിനയമുഹൂർത്തങ്ങൾ ചിപ്പി മനോരമ ഓൺലൈനുമായി പങ്കുവെക്കുന്നു.

പാഥേയം എനിക്ക് ഒരിക്കലും മറക്കാനാവാത്ത സിനിമയാണ്. എന്റെ ആദ്യ സിനിമ എന്ന പ്രത്യേകത മാത്രമല്ല, ഞാൻ ആദ്യമായി മമ്മൂക്കയെ കാണുന്നതും പാഥേയത്തിന്റെ സെറ്റിലാണ്. അതിന്റെ ഒരു സന്തോഷവും ആകാംക്ഷയും പേടിയുമൊക്കെയുണ്ടായിരുന്നു. കോളജിലൊക്കെ സുഹൃത്തുക്കളോടൊക്കെ പറഞ്ഞിട്ടാണ് അഭിനയിക്കാൻ പോയത്. മമ്മൂക്കയോടോപ്പമാണെന്നു കേട്ടപ്പോൾ എല്ലാവർക്കും എക്സൈറ്റ്മെന്റായിരുന്നു. പാഥേയത്തിന്റെ സെറ്റിലെ ഏറ്റവും ചെറിയ ആൾ ഞാനായിരുന്നു. അതിന്റെതായ പരിഗണന എല്ലാവരിൽ നിന്നുമുണ്ടായിരുന്നു. സിനിമ എന്തെന്ന് അറിയാതെ കണ്ണുമിഴിച്ച് നിൽക്കുന്ന പരുവമായിരുന്നു. ആ അവസ്ഥയിൽ എല്ലാ പിന്തുണയും തന്നത് മമ്മൂക്കയാണ്.

ഭരതൻ അങ്കിൾ ഓരോ സീനും എങ്ങനെ അഭിനയിക്കണം എന്നു പറഞ്ഞുതരും എന്നാലും അഭിനയിക്കുന്നതിനു മുമ്പ് മമ്മൂക്കയും കൂടുതൽ മെച്ചമാക്കാൻ വേണ്ടി ചെറിയ ടിപ്സ് പറഞ്ഞുതരുമായിരുന്നു. ഈ ഡയലോഗ് കഴിയുമ്പോൾ എന്റെ മുഖത്ത് നോക്കണം, ഈ സിനീൽ തലകുനിക്കണം എന്നൊക്കെ പറയുമായിരുന്നു. അന്ന് അദ്ദേഹം പറയുന്നതുപോലെ തന്നെ ഞാൻ ചെയ്തു, സിനിമ ഇറങ്ങി അത് സ്ക്രീനിൽ കണ്ടുകഴിഞ്ഞപ്പോഴാണ് ആ ഒരു ചെറിയ നോട്ടം പോലും സീൻ നന്നാക്കാൻ സഹായകമായിരുന്നുവെന്ന് മനസ്സിലാകുന്നത്. ഞാൻ ആദ്യമായി അഭിനയിക്കുന്നതല്ലേ, അതുകൊണ്ട് തെറ്റിപ്പോകുമോ? അദ്ദേഹത്തിന് ദേഷ്യമാകുമോ എന്നൊക്കെയുള്ള ഭയമുണ്ടായിരുന്നു.

പക്ഷെ തെറ്റിയാലും അത് ശരിയാക്കുന്നിടം വരെ മമ്മൂക്ക ക്ഷമയോടെ ഇരുന്നിട്ടുണ്ട്. അഭിനയിക്കാനുള്ള ആത്മവിശ്വാസം അദ്ദേഹം പകർന്നുതരാറുണ്ടായിരുന്നു. ചിലസീനുകളിലൊക്കെ അദ്ദേഹത്തിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് നിന്നിട്ടുണ്ട്. മമ്മൂക്ക അത്ര ഉൾക്കൊണ്ട് അഭിനയിക്കുന്നതുകാരണം പലപ്പോഴും റിഹേഴ്സലിന് ചെയ്തതിനേക്കാൾ നന്നായി ക്യാമറയ്ക്കു മുന്നിൽ ചെയ്യാൻ എനിക്കും സാധിച്ചിട്ടുണ്ട്. സിനിമയിലെ പാട്ടുകളായിരുന്നെങ്കിലും മനോഹരമായിരുന്നു. സിനിമയിലുടനീളം അച്ഛൻ മകൾ ബന്ധം പ്രേക്ഷകർക്കും അനുഭവവേദ്യമായിട്ടുണ്ട്. ഇത്രവർഷം കഴിഞ്ഞിട്ടും പാഥേയം പ്രേക്ഷകർ ഓർത്തിരിക്കുന്നത് സിനിമ അത്രമേൽ വൈകാരികമായി ആകർഷിച്ചതുകൊണ്ടാണ്.

പാഥേയം കഴിഞ്ഞ് മമ്മൂക്കയുടെ സഹോദരിയായി അഭിനയിച്ച സിനിമകളാണ് ഹിറ്റ്ലറും നമ്പർവൺ സ്നേഹതീരം ബാംഗ്ലൂരും. നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂരിൽ ചെറിയ ഒരു റോളായിരുന്നു എന്റേത്. ഹിറ്റ്ലർ സിനിമയുടെ സെറ്റുതന്നെ രസകരമായിരുന്നു. വലിയ ക്രൂ. എല്ലാവരും മിക്കവാറും സമയം ഒരുമിച്ചായിരിക്കും. ഞങ്ങൾ ഹിറ്റ്ലറിലെ സഹോദരിമാരെല്ലാവരും ചിരിയും ബഹളവുമൊക്കെയായിട്ട് ഇടവേളകൾ പോലും സജീവമായിരുന്നു.

ഈ ഇടവേളകളിൽ ഞങ്ങളെല്ലാവരും അന്താക്ഷരിയൊക്കെ കളിക്കുമായിരുന്നു. ആ സമയത്ത് മമ്മൂക്കയും ഞങ്ങളോടൊപ്പം അന്താക്ഷരി കളിക്കാനൊക്കെ കൂടുമായിരുന്നു. ആദ്യ സിനിമയിൽ പരിചയപ്പെട്ടപ്പോൾ കാണിച്ച അതേ സ്നേഹം തന്നെയാണ് ഈ രണ്ടുസിനിമകളിൽ അഭിനയിക്കാൻ ചെന്നപ്പോഴും അദ്ദേഹം കാണിച്ചത്. ഇന്നും അതേ സ്നേഹപൂർവ്വമായ പെരുമാറ്റമാണ്. ഇപ്പോൾ വല്ലപ്പോഴും ഏതെങ്കിലും ചടങ്ങുകളിലൊക്കെയാണ് അദ്ദേഹത്തെ കാണുന്നത്. എന്നാൽപോലും ഒരു അപരിചിതത്വവും കാണിക്കാറേയില്ല.

നമ്മുടെ വീട്ടിലുള്ള ഒരാളെ വർഷങ്ങൾ കഴിഞ്ഞ കാണുന്ന ഒരു സന്തോഷമാണ് അദ്ദേഹത്തെ കാണുമ്പോൾ തോന്നുന്നത്. തിരിച്ചും അതേ അടുപ്പം കാണിക്കാറുണ്ട്. ഈ പിറന്നാൾ ദിനത്തിൽ എല്ലാ ആരോഗ്യവും സന്തോഷവും എന്നും അദ്ദേഹത്തിനുണ്ടാകട്ടെയെന്ന് എന്റെയും എന്റെ കുടുംബത്തിന്റെയും വക ആശംസകൾ അറിയിക്കുന്നു.