ക‌ബാലി ഏറ്റെടുത്തതിനു പിന്നിൽ ? ആന്റണി പെരുമ്പാവൂർ പറയുന്നു

സുരേഷ് ബാലാജിക്കും കബാലി നിർമാതാവ് കലൈപുലി എസ് താനുവിനുമൊപ്പം ആന്റണി പെരുമ്പാവൂർ

ലോകമൊട്ടാകെ ചർച്ച ചെയ്യുന്ന ചിത്രം കബാലി അത് കേരളത്തിലെത്തിക്കുന്നത് മോഹൻലാലും ആന്റണി പെരുമ്പാവൂരും ചേർന്ന്. ആദ്യമായാണ് ഒരു അന്യഭാഷ ചിത്രം ആശീർവാദ് വിതരണത്തിനെടുക്കുന്നത്. അതും വമ്പൻ മുതൽമുടക്കിൽ. എന്നാൽ ഇതിന് പിന്നിൽ ഒരു വലിയ കഥയുണ്ടെന്ന് ആന്റണി െപരുമ്പാവൂർ പറയുന്നു.

‘ഈ അടുത്ത കാലത്തൊന്നും ഇത്രയും ചർച്ച ചെയ്ത ചിത്രം വന്നിട്ടില്ല. ചില കാര്യങ്ങൾ എപ്പോഴും സംഭവിക്കുന്ന ഒന്നല്ല. എല്ലാവരും ഒരേപോലെ ഒരേ ആകാംക്ഷയിൽ ചിത്രത്തെ കാത്തിരിക്കുന്നു. അങ്ങനെയാണ് ഈ ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്താലെന്തെന്ന ഒരു ചിന്ത ഉണ്ടാകുന്നത്.’– ആന്റണി പെരുമ്പാവൂർ പറയുന്നു.

‘സുചിത്ര മോഹൻലാലിന്റെ സഹോദരനും തമിഴിലെ പ്രശസ്ത നിർമാതാവായ സുരേഷ് ബാലാജി വഴി കബാലിയുടെ നിർമാതാവ് കലൈപുലി എസ് താനുവിനെ കാണുകയും കരാ‍ർ ഒപ്പിടുകയുമായിരുന്നു. കേരളമൊട്ടുക്കുള്ള രജനി ആരാധകർക്കും സിനിമാപ്രേക്ഷകർക്കുമുള്ള ഒരു സമ്മാനം കൂടിയാണിത്.’

‘മോഹൻലാൽ സാറിന് കലൈപുലി താനുവുമായി മറ്റൊരു ബന്ധം കൂടിയുണ്ട്. കാലാപാനി എന്ന ചിത്രം തമിഴ്നാട്ടിൽ റിലീസ് െചയ്തത് താനു ആയിരുന്നു. ഇത് മാത്രമല്ല ഈ സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരുപാട് കാര്യങ്ങളുണ്ട്. ഞാനും ലാൽസാറും ചേർന്ന് ആരംഭിച്ച തൊടുപുഴയിലെ ആദ്യ മൾട്ടിപ്ലക്സ് തിയറ്റർ കോംപ്ലക്സിൽ ആദ്യമായി പ്രദർശിപ്പിക്കുന്നത് കബാലിയാണ്. അന്ന് അവിടെ നാല് തിയറ്ററുകളിലും കബാലിയാകും ഉണ്ടാവുക. കേരളത്തിൽ 250 തിയറ്ററുകളിലായി 1500 ഷോകൾ ആണ് ആദ്യ ദിനം നടക്കുക’. ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.