ഇവിടെ മേരി, അവിടെ നാഗവല്ലി: അനുപമ

ചുരുണ്ടമുടിയും നിഷ്കളങ്കമായ ചിരിയുമായി എത്തിയ മേരിയെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർ ഇപ്പോൾ ആകെ നിരാശയിലാണ്. പ്രേമം സിനിമ ഇറങ്ങി നാളുകളേറെ ആയെങ്കിലും അനുപമയെ മലയാളികള്‍ക്ക് കാണാൻ കിട്ടുന്നില്ല. എവിടെപ്പോയി താരം? പഠനത്തിന്റെ തിരക്കിലാണോ? അതോ സിനിമ തൽക്കാലം േവണ്ടെന്ന് വച്ചിരിക്കുകയാണോ?

ഇതൊന്നുമല്ല അനുപമ ഇപ്പോൾ തമിഴിലും തെലുങ്കിലുമായി തിരക്കോട് തിരക്കാണ്...ഇതൊക്കെയാണെങ്കിലും ഞാൻ അന്നു ഇന്നും മലയാളികളുടെ മേരി തന്നെയാണെന്ന് അനുപമ പറയുന്നു....കൂടുതൽ വിശേഷങ്ങളുമായി അനുപമ പരമേശ്വരൻ മനോരമ ഓൺലൈനിൽ....

മേരിയെ മലയാളികൾക്ക് കാണാനേ കിട്ടുന്നില്ലല്ലോ?

അയ്യോ അങ്ങനെ പറയല്ലേ, കുറച്ച് ഷൂട്ടിങ് തിരക്ക് ഉണ്ടായിരുന്നു. ഞാൻ അന്നും ഇന്നും മലയാളികളുടെ മേരി തന്നെയാണ്. ത്രിവിക്രം ശ്രീനിവാസിന്റെ തെലുങ്ക് ചിത്രം, പ്രേമത്തിന്റെ തെലുങ്ക്, കൂടാതെ കൊടി എന്ന തമിഴ് ചിത്രം. അതുകൊണ്ടു സംഭവിച്ചതാണ് ഈ തിരക്കുകളൊക്കെ.

ആദ്യ തെലുങ്ക് ചിത്രം അ ആ സൂപ്പർ ഹിറ്റ് ആണല്ലോ, അനുപമയുടെ കഥാപാത്രവും പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണല്ലോ?

അതേ. ആദ്യത്തെ തെലുങ്ക് ചിത്രം സൂപ്പര്‍ഹിറ്റ് ആയതിൽ ഏറെ സന്തോഷം. വളരെ എക്സൈറ്റ്മെന്റോടു കൂടിയാണ് ഞാൻ ഈ ചിത്രം ചെയ്തത്. വലിയൊരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.

നിഥിനും സമാന്തയ്ക്കുമൊപ്പം, കൂടാതെ ത്രിവിക്രം ശ്രീനിവാസിന്റെ ചിത്രം

ത്രിവിക്രം സാറിന്റെ ചിത്രമായതിനാൽത്തന്നെയാണ് കേട്ട ഉടനേ ഞാൻ യെസ് പറഞ്ഞത്. അദ്ദേഹം നല്ല സംവിധായകനും മികച്ച തിരക്കഥാകൃത്തുമാണ്. അതാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. പിന്നെ അതിലെ കാസ്റ്റിങ്. സമാന്ത, നിഥിൻ , നദിയ മാം (നദിയ മൊയ്തു) ,റാവു രമേഷ്,അജയ് തുടങ്ങിയ വലിയ താരനിര... എല്ലാവരും ഒരു നല്ലൊരു ടീം ആണ്. നല്ല പ്രൊഡ്യൂസർ ആണ്. എന്തുകൊണ്ടും ആ ടീം എന്നെ ആകർഷിച്ചു. അതുകൊണ്ടാണ് ഞാനും ചിത്രത്തിന്റെ ഭാഗമായത്. ഈ ചിത്രം അവർക്കൊരു ടീച്ചിങ് പ്രോസസും എനിക്ക് ലേണിങ് പ്രോസസും ആയിരുന്നു. എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന ഒരുപാട് സുന്ദരനിമിഷങ്ങളും ചിത്രം സമ്മാനിച്ചു. നാഗവല്ലി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

അപ്പോൾ തെലുങ്കും പഠിച്ചെടുത്തോ?

ഇപ്പോഴും തെലുങ്ക് നന്നായി പഠിച്ചിട്ടില്ല. കുറച്ചൊക്കെ ഇപ്പോൾ കേട്ടാൽ മനസിലാകുമെന്നേ ഉള്ളു. ഞാൻ ചെയ്ത കഥാപാത്രത്തിന് ഒരുപാട് സംഭാഷണം ആവശ്യമില്ല. കുറച്ച് ഡയലോഗേ ഉള്ളു. ഇതൊരു ചെറിയ കഥാപാത്രമാണ്.

മലയാളത്തിലെ നാഗവല്ലിയുമായി എന്തെങ്കിലും സാമ്യം ഉണ്ടോ?

ഒരു സാമ്യവും ഇല്ല. നാഗവല്ലി എന്നാണ് കഥാപാത്രത്തിന്റെ പേരെന്നു സംവിധായകൻ പറഞ്ഞപ്പോൾ തന്നെ എനിക്കു ചിരി വന്നു. എനിക്കും ഓർമ വന്നത് ശോഭന മാമിനെ തന്നെയാണ്. ഒരിക്കലും നാഗവല്ലിക്ക് ഒരു തുടർ ഭാഗം വരില്ല, ആ പേരു കേൾക്കുമ്പോൾ തന്നെ മണിച്ചിത്രത്താഴും ശോഭന ചേച്ചിയെയുമാണ് ഏവരുടെയും മനസിലേക്ക് ആദ്യമെത്തൂ. കഥാപാത്രത്തിന്റെ പേര് എനിക്ക് ഇഷ്ടപ്പെട്ടു. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ അതും ഇഷ്ടപ്പെട്ടു. മേരിയിൽ നിന്നു വളരെ വ്യത്യസ്തമായിട്ടുള്ള ഒരു കഥാപാത്രമാണ്.

ധനുഷിനും തൃഷക്കുമൊപ്പം കൊടി എന്ന തമിഴ് ചിത്രം

കൊടിയുടെ ഷൂട്ട് ഇപ്പോൾ കഴിഞ്ഞു. സെപ്റ്റംബറിലോ ഒക്ടോബറിലോ ചിത്രത്തിന്റെ റിലീസിങ് പ്രതീക്ഷിക്കുന്നുണ്ട്. നല്ലൊരു അനുഭവം ആയിരുന്നു. ധനുഷ് എന്ന വിലിയൊരു നടന്റെ കൂടെ, അതിലുപരി ഞാനേറെ ഇഷ്ടപ്പെടുന്ന ഒരു അഭിനേതാവ്, ഞാൻ ധനുഷിന്റെ വലിയ ആരാധികയാണ്. അദ്ദേഹത്തെ ഒന്നു കാണുക, അദ്ദേഹത്തിന്റെ കൂടെ ഒരു സീനെങ്കിലും അഭിനയിക്കുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. ദൈവം സഹായിച്ച് അതു നടന്നു. ധനുഷ് സപ്പോർട്ടീവ് ആണ്. കാര്യങ്ങൾ പറഞ്ഞുതരും. എന്തു ചെയ്യണം, ഇങ്ങനെ ചെയ്താൽ എങ്ങനെ ഇരിക്കും, എന്നൊക്കെ പറഞ്ഞു തരും.

കൊടിയിലെ വേഷത്തെക്കുറിച്ച്?

വേഷത്തെക്കുറിച്ച് ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ല, സംവിധായകനും നിർമാതാവുമൊക്കെ പറയും. അതാകും നല്ലത്.

പ്രേമം തെലുങ്ക്?

പ്രേമം തെലുങ്ക് ഷൂട്ടും ഡബ്ബിങും കഴിഞ്ഞു. ഓഗസ്റ്റിൽ റിലീസ് ഉണ്ടാകും. നമ്മൾ ഒരിക്കൽ ചെയ്ത ഒരു കഥാപാത്രം അതും ഒരു വർഷത്തിനു ശേഷം വീണ്ടും അതുതന്നെ ചെയ്യുകഎന്നു പറയുമ്പോൾ ഒരുപാട് ഫണ്ണും എക്സൈറ്റ്മെന്റും ഉണ്ടാകും. ഞാനും റിലീസിനായി കാത്തിരിക്കുന്നു.

പുതിയ പ്രോജക്ടുകൾ?

തമിഴിലും തെലുങ്കിലുമായി കുറച്ച് പ്രോജക്ടുകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. അടുത്തുതന്നെ ഇതിൽ ഏതെങ്കിലുമൊക്കെ ചെയ്യും.

അപ്പോൾ മലയാളികൾക്ക് മേരിയെ കാണാൻ ഇനിയും താമസമെടുക്കും?

അയ്യോ, അതെനിക്ക് അറിഞ്ഞു കൂടാ, മലയാളത്തിൽ എന്തെങ്കിലും ചെയ്താൽ പോരല്ലോ? എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കഥാപാത്രങ്ങൾ വരുകയാണെങ്കിൽ ഞാൻ ഉറപ്പായും മലയാളം ചെയ്യും. എന്നെ ആദ്യം സ്വീകരിച്ചത് മലയാളികളാണ്. നല്ല ഓഫറുകൾ വന്നാൽ ഉറപ്പായും മലയാളം ചെയ്യും.

തമിഴും തെലുങ്കും മാറിമാറി സ്വീകരിക്കുന്നതിനിടയിൽ പഠനം എങ്ങനെ പോകുന്നു?

പഠനത്തിന്റെ കാര്യം ഒരു ചോദ്യചിഹ്നമാണ്. നിർത്തി വച്ചിട്ടില്ല. ഷൂട്ടിങ് കേരളത്തിനു പുറത്തായതിനാൽത്തന്നെ കോളജിൽ പോകാൻ സാധിച്ചില്ല. അതുകൊണ്ട് അറ്റൻഡൻസ് പ്രശ്നമുണ്ട്. ഇപ്പോൾ കോളജിൽ നിന്ന് ബ്രേക് എടുത്തിരിക്കുകയാണ്. ഒന്നുകിൽ അടുത്ത വർഷം ജോയിൻ ചെയ്യും അല്ലെങ്കിൽ പ്രൈവറ്റ് ആയി പഠിക്കും.