ആസിഫ് അലിയുടെ ആ ‘എടുത്തു’ചാട്ടം

ആസിഫ് അലിയുടെ പുതിയ ചിത്രമായ ‘നിർണായക’ത്തിലെ നായക കഥാപാത്രം അജയ് നീന്തൽ അറിയാത്ത ചെറുപ്പക്കാരനാണ്. തൊടുപുഴയാറിന്റെ കരയിലാണു ജനിച്ചതെങ്കിലും ആസിഫ് അലിക്കും നീന്താനറിയില്ല. മൂന്നു നിലയുള്ള ഡൈവിങ് പോയിന്റിൽനിന്നു നീന്തൽക്കുളത്തിലേക്ക് എടുത്തുചാടിയപ്പോൾ ആസിഫിന്റെ ‘പെർഫോമൻസ് എക്‌സലന്റ്’ ആയി എന്നു സംവിധായകൻ പറഞ്ഞതും അതുകൊണ്ടുതന്നെയാവും. പുണെയിലെ എൻഡിഎ അക്കാദമിയിലെ പട്ടാളക്കാരുടെ നീന്തൽക്കുളത്തിലാണ് ആസിഫ് അലിയുടെ സാഹസിക ചാട്ടം നടന്നത്.

പട്ടാളക്കാരനാകാനുള്ള മോഹവുമായി പുണെയിലെത്തുന്ന അജയ് എന്ന യുവാവിന്റെ റോളാണ് ആസിഫിന്. ഞാൻ അഭിനയിക്കുകയായിരുന്നില്ല, നീന്തലറിയാത്ത അജയ്‌യായി ശരിക്കും ജീവിക്കുകയായിരുന്നു. എൻഡിഎയിലെ മൂന്നാം സെമസ്‌റ്റർ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾ മാത്രമേ അത്രയും ഉയരത്തിൽനിന്നു ചാടാറുള്ളൂ. നീന്താനറിയില്ലെങ്കിലും സീനിനു പൂർണത കിട്ടണമെങ്കിൽ അത്രയും മുകളിൽനിന്നു ചാടേണ്ടിവരുമെന്നു ഡയറക്‌ടർ വി. കെ. പ്രകാശ് പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. ആസിഫിന്റെ ധൈര്യമൊന്നു കാണണമല്ലോയെന്നു പറഞ്ഞുകൊണ്ടു കുറെ മലയാളിപ്പിള്ളേർ താഴെ നിൽപ്പുണ്ടായിരുന്നു. അവരുടെ മുൻപിൽ നാണംകെടാനാവില്ലല്ലോ – ആസിഫ് അലി പറയുന്നു.

മമ്മൂട്ടി നായകനായ സൈലൻസിനുശേഷം വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന നിർണായകം ജൂൺ ആറിനു റിലീസാകും. പ്രതിരോധ വകുപ്പിൽനിന്ന് അനുമതി നേടിയശേഷമാണു സൈന്യം ആസിഫിനെ നീന്തൽക്കുളത്തിലേക്കു കയറ്റിയത്. പുണെയിലെ എൻഡിഎ ആശുപത്രിയുടെ മുകൾനിലയിലാണു നീന്തൽക്കുളം. മുകളിൽ കയറി നിന്നു നോക്കിയപ്പോൾ കുളത്തിനു തീപ്പെട്ടിയുടെയത്ര വലുപ്പമേയുള്ളൂ. പേടിയാണെങ്കിൽ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്നു വികെപി പറഞ്ഞു. പക്ഷേ, ഞാൻ സമ്മതിച്ചില്ല – ആസിഫ് പറയുന്നു.

എടുത്തുചാടി സെക്കൻഡുകൾക്കുള്ളിൽ താഴെയെത്തിയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞ പ്രതീതിയായിരുന്നു. കുളത്തിന്റെ ഏറ്റവും അടിയിൽ ചെന്നു തൊട്ടതോർക്കുമ്പോൾ ഇപ്പോഴും ഒരുൾക്കിടിലമാണ്. വെള്ളത്തിന്റെ മുകളിലെത്തിയപ്പോൾ കയ്യും കാലുമിട്ടടിച്ചു. എൻഡിഎയിലെ കുറെ പിള്ളേരുണ്ടായിരുന്നു കരയിൽ. അവർ കുളത്തിലേക്കു ചാടി എന്നെ പൊക്കിയെടുത്തു. നന്നായി പേടിച്ചെങ്കിലും ആ സീൻ തകർത്തുവെന്ന് എല്ലാവരും പറഞ്ഞു. നിർണായകത്തിലെ അജയ് ശരിക്കും ഭയങ്കര ‘ഷൈ’ ആയ ക്യാരക്‌ടറാണ്. എൻഡിഎയിൽ ചേരാനെത്തിയ അജയ്‌യുടെ ധൈര്യം മേലുദ്യോഗസ്‌ഥർ പരീക്ഷിക്കുന്ന സീനായിരുന്നു അത്. തിയറ്ററിലെത്തുമ്പോൾ പ്രേക്ഷകർക്ക് ആ രംഗം കാണുമ്പോൾ നല്ല ഒറിജിനാലിറ്റി തോന്നും – ആസിഫലിയുടെ മുഖത്ത് ഒരു കുസൃതിച്ചിരി.