ജിഷ; ഞങ്ങൾ അന്നേ കണ്ട പേടി

ബിബിനും വിഷ്ണുവും(ഇടത്)

ഇന്നലെകളിൽ കണ്ട ചലച്ചിത്രങ്ങളിലെ ചില രംഗങ്ങൾ, ഡയലോഗുകൾ, സംഭങ്ങള്‍ അതൊക്കെ പിന്നീട് നമ്മുടെ ജീവിതത്തില്‍ യാഥാർഥ്യമാകാറുണ്ട്. അതില്‍ ചിലത് ഒരിക്കലും നടക്കരുതെന്നാഗ്രഹിക്കുന്നതായിരിക്കും. പെരുമ്പാവൂരിലെ ജിഷയെന്ന പെൺകുട്ടിയുടെ കൊലപാതകത്തിനുളള ഉത്തരം കണ്ടെത്തിയപ്പോൾ നമ്മളിലൊരുപാടു പേർക്ക് അത് തോന്നിയിരിക്കാം. അമർ അക്ബര്‍ അന്തോണി എന്ന ചിത്രത്തെ ഓർത്തു പോയിരിക്കാം. വാട്സ് ആപ്പിലും ഫേസ്ബുക്കിലും ചില ട്രോളുകളും ഇതേ സംബന്ധിച്ച് പ്രചരിക്കുകയുണ്ടായി. നവാഗതരായ വിഷ്ണുവും ബിബിനുമായിരുന്നു ഈ സിനിമയുടെ തിരക്കഥയെഴുതിയത്. അലസമാരായി അടിച്ചു പൊളിച്ച് ജീവിക്കുന്ന യുവാക്കളുടെ കഥ പറഞ്ഞ ചിത്രം അവസാനിക്കുന്നത് അപ്രതീക്ഷിതമായ ക്ലൈമാക്സിലാണ്. തിരക്കഥാകൃത്തുക്കളിലൊരാളായ ബിബിൻ മനോരമ ഓൺലൈനിനോട് പറയുന്നു...

‘ചിത്രത്തിന്റെ ക്ലൈമാക്സ് അങ്ങനെയായത് മനസിലെപ്പോഴോ കയറിക്കൂടിയ ഒരു പേടി കാരണമാണ്. കൂട്ടുകാരുടെയും തങ്ങളുടെയും ജീവിതമാണ് തിരക്കഥയാക്കിയത്. എഴുതി തുടങ്ങിയ കാലത്തായിരുന്നു നാട്ടിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വന്നത്. സത്യത്തിൽ അന്നത് പേടിപ്പിച്ചിരുന്നു. അതുകൊണ്ടാകാം സിനിമ എഴുതിയപ്പോഴും അങ്ങനെയൊരു ആശയം കയറിക്കൂടിയത്. ബിബിന്‍ പറയുന്നു. പിന്നെ അത് ദൈവം തോന്നിപ്പിച്ചു എന്ന് വിശ്വസിക്കുവാനാണ് എനിക്കിഷ്ടം. ഒരു പേപ്പറെടുത്ത് എഴുതാനിരിക്കുമ്പോൾ നല്ല ഒഴുക്കോടെ എഴുതാനും നല്ല ആശയങ്ങളെ ഉൾപ്പെടുത്തുവാനും സാധിക്കുന്നുവെങ്കിൽ അത് ദൈവത്തിന്റെ സഹായമാണെന്നാണ് കരുതുന്നത്.അന്യസംസ്ഥാനത്തു നിന്നെത്തുന്നവർ മാത്രമല്ല, പല പകൽമാന്യൻമാർക്കുള്ളിലും അത്തരമൊരു വൈകൃതം ഒളിഞ്ഞിരിക്കുന്നുവെന്നും സിനിമ പറയുന്നുവല്ലോ.

അമർ അക്ബർ അന്തോണിയിൽ വില്ലൻ കഥാപാത്രത്തെ അവതരപ്പിച്ച ഷെഫീഖ് റഹ്മാൻ കുടുംബത്തോടൊപ്പം

സത്യത്തിൽ ജിഷയുടെ കൊലപാതകത്തെ കുറിച്ച് കേട്ടപ്പോൾ, എന്തൊക്കെയാണ് സംഭവിച്ചതെന്നറിഞ്ഞപ്പോൾ മനസിനുറപ്പായിരുന്നു ഇത് ഇങ്ങനെയൊരാളേ ചെയ്യാൻ വഴിയുള്ളൂവെന്ന്. കാരണം ഇത്ര വികൃതമായി മുറിപ്പാടുകൾ ഏൽപ്പിക്കുന്ന രീതി അവരുടേതാണെന്നാണ് കേട്ടിട്ടുള്ളത്. മലയാളിക്ക് റേപ്പ് ചെയ്യാനും കൊല്ലാനും സാധിക്കും എങ്കിലും ഇങ്ങനെ മുറിവേൽപ്പിക്കാനിക്കെല്ലെന്നാണ് എന്റെ ഒരു ചിന്ത.

സിനിമയുടെ ക്ലൈമാക്സിന് വലിയ കയ്യടിയാണ് കിട്ടിയത്. അതിനേക്കാൾ വലിയ കയ്യടിയായിരുന്നു സിദ്ദിഖിന്റെ ഡയലോഗിന് കിട്ടിയത്. ബലാത്സംഗ വീരൻമാർക്ക് കിട്ടണമെന്ന് ആഗ്രഹിക്കുന്ന ശിക്ഷാ രീതിയെ കുറിച്ച് പറഞ്ഞതുകൊണ്ടാണത്. സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ പുതിയ രൂപം കാണുമ്പോൾ എങ്ങനെ പറയാതിരിക്കും. എങ്കിലും അത്തരമൊരു ശിക്ഷാ രീതിയോ പ്രാവർത്തികമാണോ ഇല്ലയോ എന്നറിയില്ല. ബലാത്സംഗം ചെയ്യുന്നവരെയെല്ലാം കൊല്ലണമെന്നൊക്കെ നമ്മള്‍ പറയുമെങ്കിലും ഇങ്ങനെ ചെയ്താൽ അത് ക്ഷമിക്കുന്നവരല്ല മലയാളികൾ. ഇങ്ങനെ കൊന്നുകളയണോ എന്ന് നമ്മൾ ചോദിക്കും. അതാണ് നമ്മുടെ മനസാക്ഷി.

ഒരുപാടു പേർ വാട്സ് ആപ്പിലും ഫേസ്ബുക്കിലും സന്ദേശമയച്ചിരുന്നു. എന്താണീ സംഭവത്തെ കുറിച്ച് പറയാനുള്ളതെന്ന് ചോദിച്ചുകൊണ്ട്. കാരണം ഇത്തരം വിഷയങ്ങൾ ഇല്ലായ്മ ചെയ്യണമെങ്കിൽ അടിസ്ഥാന തലത്തിൽ നിന്ന് മാറ്റങ്ങൾ തുടങ്ങണം. അമ്മയേയും പെങ്ങളെയേയും തിരിച്ചറിയാനുള്ള പഠനം സ്കൂൾ തലത്തിൽ തന്നെ കൊടുക്കണം. വാട്സ് ആപ്പിലും ഫേസ്ബുക്കിലുമൊക്കെ ജിഷ വിഷയത്തിൽ പ്രതികരിക്കുമ്പോൾ തന്നെ, അശ്ലീല വിഡിയോകൾ കാണുന്നില്ലേ നമ്മൾ. അങ്ങനെയൊരെണ്ണം വന്നാൽ കാണാതെ വിടുമോ? ഇല്ല. മറ്റൊരു ജിഷയ്ക്കായി കാത്തിരിക്കുകയാണെന്നേ എനിക്ക് പറയുവാനുള്ളൂ’–ബിബിൻ പറഞ്ഞു.