തടസ്സങ്ങളില്ല, കാഞ്ചനയും മൊയ്തീനും ആഗസ്റ്റ് 7ന് എത്തും

പൃഥ്വിരാജ്-പാര്‍വതി മേനോന്‍ ജോഡികള്‍ ഒന്നിച്ചെത്തുന്ന എന്നു നിന്‍റെ മൊയ്തീന്‍ ആഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തും. കാഞ്ചനയുടെയും മൊയ്തീനിന്‍റെയും അനശ്വരപ്രണയകഥയുടെ ദൃശ്യാവിഷ്കാരമാണ് ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം.

എന്നാല്‍ ഈ ചിത്രം പുറത്തിറങ്ങിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് യഥാര്‍ത്ഥ കാഞ്ചനമാല രംഗത്തെത്തിയതോടെ ചിത്രത്തിന്‍റെ റിലീസ് അനശ്ചിതത്വത്തിലായിരുന്നു. സിനിമയുടെ തിരക്കഥയില്‍ ജീവതത്തോട് ബന്ധമില്ലാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കുടുംബാംഗങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും കാഞ്ചനമാല പറഞ്ഞിരുന്നു.

എന്നാല്‍ കാഞ്ചനമാലയെ ആരെക്കെയോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് സിനിമയുടെ സംവിധായകനായ ആര്‍.എസ് വിമല്‍ പറയുന്നത്. ഒരിക്കലും അവരുടെ കുടുംബത്തെ മോശമായി ഈ സിനിമയില്‍ കാണിക്കുന്നില്ല. മൊയ്തീന്‍റെ സഹോദരന്‍ ബി.പി റഷീദ് പറഞ്ഞു തന്ന വിവരണത്തിലൂടെയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്നും വിമല്‍ പറയുന്നു.

മലബാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് കാഞ്ചനമാല മൊയ്തീന്‍ പ്രണയം. മുക്കത്ത്‌ സുല്‍ത്താന്‍ എന്ന്‌ അറിയപ്പെട്ടിരുന്ന വി.പി. ഉണ്ണിമൊയ്‌തീന്‍ സാഹിബിന്റെ മകന്‍ മൊയ്‌തീനും രാഷ്‌ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ്‌ ഈ പ്രണയകഥയിലെ നായകനും നായികയും.

ഇതേ പ്രണയം ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്റിലൂടെ വിമല്‍ പ്രേക്ഷകരിലെത്തിച്ചിരുന്നു. അന്ന് തൊട്ടുള്ള ആഗ്രഹമാണ് ഈ കഥ സിനിമയാക്കണമെന്നതും. 1960 കാലഘട്ടത്തിലെ കോഴിക്കോടിനെ വീണ്ടും പുനരവതരിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍.

പൃഥ്വിയ്ക്കും പാര്‍വതിയ്ക്കും പുറമെ ബാല . ടൊവീനോ, സായ്കുമാര്‍, ഇന്ദ്രന്‍സ്, ശശികുമാര്‍, ലെന എന്നിവരും അഭിനയിക്കുന്നു. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. റഫീക്ക് അഹമ്മദാണ് ഗാനരചന,രമേഷ് നാരായണനും എം ജയചന്ദ്രനും ചേര്‍ന്ന് സംഗീതം ഒരുക്കുന്നു.