പാ‍ഡിയിൽ അന്ന് എന്ത് സംഭവിച്ചു ? ആദ്യമെത്തിയ ഡോക്ടർ പറയുന്നു

ഇൻസെറ്റിൽ ഡോ. സുമേഷ്

ഞാനറിയുന്ന മണിയെ ആർക്കെങ്കിലും നിർബന്ധിച്ച് മദ്യം കഴിപ്പിക്കുവാനോ, മദ്യം കഴിക്കുകയാണെങ്കിൽ അത് നിർബന്ധിച്ച് നിർത്തിക്കുവാനോ സാധിക്കില്ല. അങ്ങനെയാണ് അദ്ദേഹത്തിന്റെ രീതി. സുഹൃത് സംഘത്തിൽ ഡോമിനേറ്റ് ചെയ്യുന്നതും അദ്ദേഹം തന്നെ. എന്റെ അറിവിലുള്ള മണി ഇതാണ്. സുഹൃത്തുക്കൾക്ക് എതിരെയുള്ള ആരോപണങ്ങളിൽ എന്തെങ്കിലും കഴമ്പുള്ളതായി എനിക്ക് തോന്നുന്നില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണല്ലോ. അതുകൊണ്ട് കൂടുതലൊന്നും പറയാനില്ല‌. കലാഭവൻ മണിയെ അദ്ദേഹത്തിന്റെ വിശ്രമ കേന്ദ്രമായ പാഡിയിൽ നിന്ന് അമൃത ആശുപത്രിയിലേക്ക് എത്തിച്ച ഡോക്ടർ സുമേഷിന്റെ വാക്കുകളാണിത്. ഡോക്ടർ സുമേഷ് സംസാരിക്കുന്നു മനോരമ ഓൺലൈനോട്.

രാവിലെ പതിനൊന്ന് മണിയോടെയാണ് മണിയുടെ മാനേജർ വിളിച്ചറിയിച്ചതനുസരിച്ച് പാഡിയിലെത്തുന്നത്. ശാരീരികമായി തീർത്തും അവശനായിരുന്നു അദ്ദേഹം. എന്നിട്ടും ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയിരുന്നില്ല. നിരവധി തവണ രക്തം ഛർദ്ദിച്ചിരുന്നതായി മനസിലാക്കിയിരുന്നു. കുറേ നാളായി മദ്യം കഴിക്കുന്നൊരാൾക്ക് അത് കിട്ടാതെ വരുമ്പോഴുള്ള അസ്വസ്ഥത (withdrawal symptoms) മണിയിൽ കാണാനായിരുന്നു. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് എനിക്ക് തോന്നി.

പിന്നെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായിരുന്നു. പക്ഷേ മണി അതിന് വഴങ്ങിയില്ല. അതേക്കുറിച്ച് പറഞ്ഞ് അടുത്ത് ചെല്ലുമ്പോൾ നമ്മളുടെ കൈയൊക്കെ തട്ടിമാറ്റി ആകെ വല്ലാത്ത പെരുമാറ്റമായിരുന്നു. പിന്നീട് ഒരു ഇൻജക്ഷൻ കൊടുത്തിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പോകുന്ന വഴിയെല്ലാം മണി സംസാരിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ പോലെ എന്തെങ്കിലും സംശയം തോന്നിക്കുന്ന വർത്തമാനമൊന്നും മണിയിൽ നിന്നുണ്ടായിരുന്നില്ല.

അമൃതയിലാണ് അദ്ദേഹം കരൾ രോഗത്തിന് ചികിത്സയിലിരുന്നത്. മാനേജരുടെ അനിയനും അമൃതയിലുള്ള എന്റെ ഒരു സുഹൃത്തും വഴി അമൃതയിൽ അഡ്മിറ്റ് ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഇതിനിടയിൽ. മൂന്നു മണിക്കും നാലു മണിക്കും ഇടയ്ക്കാണ് ഞങ്ങൾ ആശുപത്രിയിലെത്തുന്നത്. ആശുപത്രിയിലെത്തിയപ്പോൾ ഞാൻ നടന്നുപോകാം ട്രോളിയൊന്നും വേണ്ടന്നായി പിന്നെ. സ്ഥിരം ചികിത്സിക്കുന്ന ഡോക്ടർ ഇസ്മയിൽ അവിടെയില്ലായിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റൻറ് ഡോക്ടർ മാത്യുവാണ് ചികിത്സിച്ചത്. ആമാശയം മുതൽ ചെറുകുടൽ വരെയുള്ള ഇടങ്ങളിൽ ശക്തമായ രക്തസ്രാവമുണ്ടായിരുന്നുവെന്ന് എൻഡോസ്കോപി കഴിഞ്ഞപ്പോൾ അറിയാൻ കഴിഞ്ഞു. അതുപോലെ മീഥൈൽ ആൽക്കഹോളിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. സാധാരണ സ്പിരിറ്റ് എന്നൊക്കെയാണ് ഇതിന് പറയാറ്.

രാത്രിയായപ്പോൾ സ്ഥിതി വീണ്ടും വഷളായി. മെറ്റബോളിക് അബ്സോർഷനിലേക്ക് ശരീരം മാറുന്നുവെന്ന് ഡോക്ടർ മാത്യു അറിയിച്ചു. കിഡ്നിയുടെ പ്രവർത്തനം അവതാളത്തിലായതോടെ ഡയാലിസിസ് ചെയ്തു. പിറ്റേന്നും ഡയാലിസിസ് ചെയ്യേണ്ടി വന്നു. വീണ്ടും അതിന്റെ ആവശ്യമുണ്ടായിരുന്നുവെങ്കിലും രക്തസമ്മർദ്ദം കുറ​ഞ്ഞതോടെ അത് സാധ്യമല്ലാതായി. വൈകുന്നേരത്തോടെ വന്ന ഹൃദയസ്തംഭനത്തിൽ മണി മരണമടയുകയും ചെയ്തു.

കുട്ടിക്കാലം മുതൽക്കേ എനിക്ക് മണിയെ അറിയാം. മദ്യപിക്കാറുണ്ട്, പിന്നെ ഇടയ്ക്ക് നിർത്തി അങ്ങനെ പലതും കേട്ടിരുന്നു. മദ്യപാനം നിർത്തണമെന്ന് ഞാനും പറയുമായിരുന്നു. നാട്ടുകാരുടെ എന്ത് കാര്യത്തിനും ഓടിയെത്തുന്നയാളും ഒരുപാട് സഹായങ്ങൾ ചെയ്യുന്നയാളുമായിരുന്നു മണി. നല്ല ജനസമ്മതിയുള്ളയാൾ. പക്ഷേ അമിതമായി അദ്ദേഹത്തിന്റെ കാര്യത്തിൽ ഇടപെടുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. വളരെ കുറച്ചു പേർക്കേ എന്തെങ്കിലും ചെയ്യരുത് എന്ന് മണിയോട് പറയാൻ കഴിയുമായിരുന്നുള്ളൂ. അതിലൊരാളാണ് ഞാൻ.

അദ്ദേഹത്തോട് ആര്‍ക്കെങ്കിലും ശത്രുതയുള്ളതായോ മറ്റോ എനിക്കറിയില്ല. എന്തായാലും പൊലീസ് അന്വേഷണവും ഫോറൻസിക് പരിശോധനയും നടക്കുകയാണല്ലോ. അവർ തെളിയിക്കട്ടേ. ഡോക്ടർ സുമേഷ് പറഞ്ഞു നിർത്തി.