‘ഇത് ആഘോഷങ്ങളോടുള്ള പ്രേമം’

പുതുതലമുറ ആഘോഷങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും പക്ഷേ അതിന് ഒരു സിനിമയെ മാത്രം കുറ്റപ്പെടുത്തുകയെന്നത് തെറ്റായ പ്രവണതയാണെന്നും സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ്. ഒരു സിനിമ മാത്രമാണ് ഇതിന് പൂര്‍ണമായ ഉത്തരവാദി എന്ന നിലയിലാണ് കാര്യങ്ങള്‍ പോകുന്നത്. അങ്ങനെയെങ്കില്‍ മുരളി ഗോപി പറ‍ഞ്ഞതുപോലെ നമ്മുടെ മലയാള സിനിമ ഭക്തിസാന്ദ്രമായ സിനിമകളിലേക്കോ ഭക്തിഗാനമേളകളിലേക്കോ വ്യതിചലിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രേമം സിനിമ ഇന്നത്തെ യുവത്വത്തിന് ഇഷ്ടപ്പെടാന്‍ കാരണം എന്താണ് അവര്‍ക്ക് രസിക്കുന്നതെന്ന് കൃത്യമായി ആവിഷ്കരിച്ച് കൊടുത്ത ചിത്രമായതുകൊണ്ടാണ്. . ഇന്നത്തെ യൂത്തിന്‍റെ ജീവിതസാഹചര്യവുമായി ബന്ധിപ്പിക്കാന്‍ സാധിച്ചതുകൊണ്ടാണ് ആ സിനിമ വലിയൊരു വിജയമായി മാറിയത്.

സിനിമയിലെ ഒരു കഥാപാത്രത്തിന്‍റെ വേഷം അനുകരിക്കുന്നത് അവര്‍ അത് ഇഷ്ടപ്പെടുന്നു എന്നതിന്‍റെ തെളിവാണ്. ഇവിടെ കൊളേജുകളില്‍ പ്രേമം സിനിമയിലെപ്പോലെ വേഷം ധരിച്ച് കുട്ടികള്‍ എത്തുന്നു. 15 വര്‍ഷം മുന്‍പുള്ള സ്ഫടകത്തിലെ ‘ചെകുത്താന്‍’ ലോറിയില്‍ കുട്ടികള്‍ വരുന്നു. ഈ ആഘോഷങ്ങളെയൊക്കെ ശരിയായ രീതിയില്‍ കണ്ടു നോക്കൂ.

അവിടെ ഒരൊത്തൊരുമ കാണുന്നില്ലേ, നിറങ്ങളിലും വസ്ത്രങ്ങളിലും സൗഹൃദങ്ങളുടെ സ്നേഹം പടര്‍ത്തിയാണ് ഇവര്‍ ആഘോഷങ്ങള്‍ പങ്കുവക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് അങ്ങനെയൊരു സാഹചര്യവുമുണ്ട്. എന്നാല്‍ സി.ഇ.ടിയിലെ അപകടം ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. അത് നടന്നതില്‍ വളരെയേറെ ഖേദമുണ്ട്. സംഭവിക്കാന്‍ പാടില്ലാത്തതാണ് അവിടെ സംഭവിച്ചത്.

അപകടം ഉണ്ടായലോ ആഘോഷങ്ങള്‍ അതിരുകടന്നാലോ അത് തിരുത്താനും അവരെ ഉപദേശിക്കാനുമുള്ള ബാധ്യത അധ്യാപകര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമുണ്ട്. പുസ്തകങ്ങളില്‍ നിന്നുള്ളത് മാത്രം പഠിപ്പിക്കുക എന്നതല്ലല്ലോ വിദ്യാഭ്യാസം കൊണ്ട് അര്‍ഥമാക്കുന്നത്.

മലയാള സിനിമയില്‍ പെൺകുട്ടികൾ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കപ്പെടുന്നുവെന്നൊരു പരാമര്‍ശം കൂടി കേട്ടിരുന്നു. സമീപകാലത്ത് മലയാള സിനിമയില്‍ അങ്ങനെ ചെയ്യാറില്ല, അങ്ങനെയെങ്കില്‍ തമിഴ് സിനിമകള്‍ എന്നേ നിരോധിക്കണം. അവിടെ സ്ത്രീകളെ ഗ്ലാമറിനും മസാലയ്ക്കും മാത്രമാണ് ചില സിനിമകളില്‍ ഉപയോഗിക്കുന്നത്. സിനിമയെ സിനിമയായി കാണാനുള്ള വിവേചനബുദ്ധിയുള്ളവരാണ് ഞാനുള്‍പ്പെടുന്ന മലയാളി പ്രേക്ഷകര്‍. അരുണ്‍ കൂട്ടിച്ചേര്‍ത്തു.