ഈ ചന്തു ചതിയനാണ്

നമ്മൾ ചവിട്ടി നിൽക്കുന്ന ഈ മണ്ണിന്റെ ചരിത്രത്തിൽ നിന്ന് അടർത്തിയെടുത്ത കഥയെ ആസ്പദമാക്കി ഒരു സിനിമ കൂടി എത്തുന്നു. ജയരാജിന്റെ വീരം. വടക്കൻ പാട്ടിന്റെ ഉൾത്തലങ്ങളെ, ഷേക്സ്പിയർ നാടകത്തിലൂടെ വായിച്ച്, കളരിയുടെ വിസ്മയങ്ങളിലൂടെ ഒരു അവതരണം. നല്ല മെയ്‍വഴക്കമുള്ള ചിത്രം എന്നു തന്നെ പറയാം. ചലച്ചിത്ര ഭംഗിയും വൈവിധ്യതയുടെ ഊർജവും ഉൾക്കൊണ്ട ഒരുപാടു സിനിമകളുടെ സൃഷ്ടാവ് വീരവുമായെത്തുന്നത് വാനോളം പൊക്കമുള്ള പ്രതീക്ഷകളുമായാണ്. എന്റെ സിനിമ നിങ്ങൾ കാണണം, എന്നു നെ‍ഞ്ചിൽ കൈ ചേർത്ത് ആത്മവിശ്വാസം തിളക്കം നൽകിയ വാക്കുകളോടെ ജയരാജ് പറയുന്നു. സിനിമയെ കുറിച്ച് അറിഞ്ഞ കഥകളിലും കണ്ട കാഴ്ചകളിലും കൗതുകമേറെ. എന്താണു വീരം? വർഷങ്ങൾക്കു മുൻപേ മനസിൽ കയറിക്കൂടിയ കഥയെ ഒരു കൊല്ലം കൊണ്ടു ചെയ്തു തീർത്തതിന്റെ വഴികളെ കുറിച്ച് ജയരാജ് സംസാരിക്കുന്നു...

എന്താണ് വീരം

വീരം എന്നാൽ അതു മക്ബത് ആണ്. നവരസങ്ങളിലെ വീരത്തെ, വീര രസത്തെ ഷേക്സ്പിയർ നാടകമായ മക്ബത്തിലൂടെ ആവിഷ്കരിക്കുന്നതാണു വീരം. ഷേക്സ്പിയർ നാടകങ്ങൾ എഴുതി കാലത്തിലേക്കു നടന്നിട്ട് എത്രയോ കൊല്ലങ്ങളായിരിക്കുന്നു. എന്നിട്ടും ആ നാടകങ്ങള്‍ അന്നും ഇന്നും പ്രസ്കതമാണ്. അവയിലെ അന്തസത്ത ഇന്നും ശക്തമാണ്. ഷേക്സ്പിയർ നാടകങ്ങളിൽ ഏറ്റവും ശക്തമായതാണു മക്ബത്. ഞാൻ ഈ പ്രമേയം തിര‍ഞ്ഞെടുക്കുവാൻ കാരണം അതുമാത്രമല്ല, ലോക പ്രശസ്തരായ സംവിധായകർ ഏറ്റവും കൂടുതൽ അഡോപ്റ്റ് ചെയ്തിട്ടുള്ളത് മക്ബതിൽ നിന്നാണ്. അകിരാ കുറസോവ ഉൾ‌പ്പെടെയുള്ള പ്രതിഭാധനരെല്ലാം മക്ബത്തിനെ ആസ്പദമാക്കി സിനിമകളൊരുക്കിയിട്ടുണ്ട്. കാലത്തിനെ അതിജീവിക്കുവാൻ മക്ബത്തിനു സാധിക്കുന്നതു കൊണ്ടാണത്.

ലോകം കണ്ട ഏറ്റവും ശക്തമായ രണ്ടു കഥാപാത്രങ്ങൾ, മക്ബത്തും ലേഡീ മക്ബത്തും. അവരുടെ ജീവിതം എന്നെന്നും പ്രസക്തമാണ്. മാനവികതയിൽ എന്നും നിലനിൽക്കുന്ന അത്യാർത്തിയും അതിമോഹവും അതുവഴി ആവർത്തിക്കപ്പെടുന്ന തെറ്റുകളും, പിന്നീടതിന്റെ പാപബോധത്തിൽ അനാഥമാക്കപ്പെടുന്ന ജന്മങ്ങളും എന്നെന്നുമുണ്ട്. മക്ബത്തിനേയും ലേഡീ മക്ബത്തിന്റെയും പോലെ. നമുക്കുമുണ്ട് സമാനമായ ‌കഥാന്തരീക്ഷം. അതാണു ചന്തു. ലേഡീ മക്ബത്തിനു പകരം കുട്ടിമാണിയും. അധികാരത്തിനായി തന്റെ പ്രിയപ്പെട്ട രാജാവിനേയും അതിനു പിന്നാലെ സംശയം തോന്നുന്നവരെയെല്ലാവരേയും കൊന്നൊടുക്കുവാൻ മക്ബത്തിനെ പ്രേരിപ്പിക്കുന്നത് ലേഡീ മക്ബത്ത് ആണ്. ഇവിടെ തെറ്റുകളിലേക്കും അനാവശ്യ ചിന്തകളിലേക്കും ചന്തുവിനെ തള്ളിവിടുന്നതും രണ്ടു സ്ത്രീകളാണ്. ഉണ്ണിയാർച്ചയും കുട്ടിമാണിയും.

അരിങ്ങോടർ ചേകവരുമായിട്ടുള്ള പോര് കഴിഞ്ഞ് തന്റെ മടിയിൽ തളർന്നുറങ്ങുന്ന ആരോമലിനെ,പതിനെട്ടര കളരിയുടെ ചേകവരാകുവാൻ വേണ്ടി കുത്തുവിളക്കുകൊണ്ട് കുത്തിക്കൊന്നുവെന്നു പറയുന്ന ചന്തു. വടക്കൻ പാട്ടിൽ മുഴുവനുള്ളത് ചതിയനായ ചന്തുവാണ്. അരിങ്ങോടരുെട മരുമകളായ കുട്ടിമാണിയാണു ചന്തുവിനെയെല്ലാത്തിനും പ്രേരിപ്പിക്കുന്നത്. ലേഡീ മക്ബത്തിനെ പോലെ. മക്ബത്തിന്റെ പ്രിയപ്പെട്ട രാജാവിന്റെ സ്ഥാനത്ത് ഇവിടെ ആരോമലാണ്. നമ്മുടെ ചിന്തകളിലും കഥകളിലും ഉറങ്ങിക്കിടക്കുന്നൊരു കഥയെ, ലോകം ഒട്ടേറെ ചർച്ച ചെയ്ത മറ്റൊന്നുമായി കൂട്ടിവായിക്കുമ്പോൾ തോന്നുന്ന സമാനതകളാണു ഈ സിനിമയിലേക്കെത്തിച്ചത്. ഇതെന്റെ സ്വപ്നമായിരുന്നു.

താങ്കൾ പറഞ്ഞതു പോലെ മക്ബത്തിനെ ആസ്പദമാക്കി ലോകോത്തര സംവിധായകർ സിനിമയെടുത്തിട്ടുണ്ട്. അപ്പോൾ എവിടെയാണ് വീരം വ്യത്യസ്തമാകുന്നത്.

മക്ബത്തിനെ പല തലങ്ങളിൽ നിന്നു വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ മറ്റു ഭാഷകളിൽ ഒട്ടനവധി ആവിഷ്കാരങ്ങളുണ്ടായിട്ടുണ്ട്. അതിൽ നിന്നെല്ലാം വീരം വ്യത്യസ്തമാകുന്നത് ലോകത്തെ തന്നെ വിസ്മയിപ്പിച്ച ആയോധന കലയുടെ ബലം ഈ പ്രമേയത്തിനുണ്ടെന്നാണ്. ലോകത്തിൽ കളരിയ്ക്കു ലഭിക്കുന്ന പ്രാധാന്യം ചെറുലതല്ല. ബിസി ആറാം നൂറ്റാണ്ടിൽ തന്നെ നിലനിന്ന അത്രയധികം പുരാതന പാരമ്പര്യമുള്ള കലയിലൂടെയുള്ള കഥപറച്ചിലാണിത്. ലോകത്തിനു തന്നെ അത്ഭുതമാണ് കളരി. ലോകം ആദരിച്ച ഒരു ക്ലാസികൽ നോവലിന്റെ കഥയ്ക്കു സമാനമായി, ലോകത്തെ വിസ്മയിപ്പിച്ച ആയോധനകലയോടു ചേർന്നു നിൽക്കുന്ന മറ്റൊരെണ്ണമുണ്ടെന്ന തിരിച്ചറിവ് അത്ഭുതമല്ലേ.

പതിനാറാം നൂറ്റാണ്ടാണു ഷേക്സ്പിയർ കാലം. അതിനു മുൻപേ പന്ത്രണ്ടോ പതിമൂന്നോ നൂറ്റാണ്ടിൽ നമ്മുടെ മണ്ണിൽ സമാനമായ മറ്റൊരു കഥ നടന്നുവെന്നതും അത്ഭുതമല്ലേ. ആ യാദൃശ്ചികതയാണു ഞാൻ ലോകത്തോടു പറയുന്നത്.നമുക്കു പരിചിതമായ മലയാളം ഭാഷയിൽ നിന്നു വ്യത്യസ്തമായ പഴയ വടക്കൻ ശൈലിയിലുള്ള സംസാരഭാഷയാണ് സിനിമയ്ക്കുള്ളത്. നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു ഭാഷാശൈലിയുണ്ടെന്നു കേൾക്കുന്നത് നമുക്കും കൗതുകമല്ലേ. മക്ബത്തിലുള്ളതു പോലെ രണ്ടു പ്രധാന സ്ത്രീകഥാപാത്രങ്ങൾ വടക്കൻ കഥയിലുമുണ്ട്. ഉണ്ണി ആർച്ചയും കുട്ടിമാണിയും. ഇവരുടെ മാനസിക തലങ്ങളാണ് മറ്റേ സ്ത്രീ കഥാപാത്രങ്ങളേക്കാൾ സംഘർഷഭരിതവും. അഡാപ്റ്റേഷൻ എന്നതിനപ്പുറം നമ്മുടെ മണ്ണിൽ നിദ്രകൊള്ളുന്ന കഥാതന്തുവിനെ നമ്മുെട ശ്രേഷ്ഠമായ പാരമ്പര്യത്തിലൂടെ ലോകത്തിലെ മറ്റൊരു ക്ലാസികുമായി ചേർത്തുവായിക്കുന്നതാണു വീരം.

എവിടെ നിന്നാണ് മക്ബത്തിനോടു ചുറ്റിപ്പറ്റിയ ചന്തുവും വീരവുമൊക്കെ മനസിൽ കയറിക്കൂടുന്നത്?

ഒരുപാട് സ്വപ്നം കാണുന്നയാളാണു ഞാൻ. ആ സ്വപന്ങ്ങളിലേക്കെപ്പോഴോ കടന്നുവന്നവരാണ് ഇവരെല്ലാം. ഭരതേട്ടനോപ്പമുള്ള സിനിമാക്കാലമാണ് അതിന് ആർജവമായത്. വ്യത്യസ്തമായ സിനിമകളെടുക്കണമെന്നും അത് അതിരുകൾക്കപ്പുറം സഞ്ചരിച്ച് കാലാതീതമാകണമെന്നും ആഗ്രഹിക്കുന്നയാളാണ്. ആ ചിന്തകളുടെയൊക്കെ യാഥാർഥ്യങ്ങളിലൊന്നാണ് വീരം. മൂന്നു നാലഞ്ച് വർഷം മുന്‍പു തോന്നിയ ആശയമാണിത്. ചരിത്രകാരൻ കൂടിയായ ഡോ.എംആർ രാഘവ വാര്യരുടെ അടുത്തെത്തി സംഭാഷണങ്ങളെഴുതി പൂർത്തിയാക്കിയതാണ്. ഷൂട്ടിങിനുള്ള ഇടങ്ങൾ തേടി അജന്ത എല്ലോറ ഗുഹകളിൽ വരെ പോയതാണ്. പക്ഷേ ആ സിനിമ പിന്നീടു നടന്നില്ല.

രണ്ടാമതു വീരത്തിനായുള്ള യാത്ര തുടങ്ങുമ്പോൾ ആരും ഒപ്പമുണ്ടായിരുന്നില്ല. നിർമ്മാതാവു പോലും. വഴിയിലെവിടെയെങ്കിലും വച്ച് അവരെല്ലാം ഒന്നുചേരുമെന്നെനിക്ക് അറിയാമായിരുന്നു. ഒരു അഭിമുഖത്തിലൂടെയാണ് നിർമ്മാതാവ് എന്നിലേക്കേത്തുന്നത്. മനോരമയ്ക്കു തന്നെ നൽകിയ അഭിമുഖത്തിൽ ഒരു ചോദ്യമുണ്ടായിരുന്നു എന്താണ് അടുത്ത പരിപാടിയെന്ന്. വീരം എന്നുത്തരം പറഞ്ഞു. ആരാണ് നിർമ്മാതാവ് എന്നു ചോദിച്ചപ്പോൾ അറിയില്ലെന്നും. ആ അഭിമുഖം വായിച്ചാണ് ചന്ദ്രമോഹൻ എന്നെ വിളിക്കുന്നത്. അറിയാമോ ഇരുപത്തിയഞ്ച് വർഷം മുൻപ് നമ്മൾ പരിചയപ്പെട്ടിരുന്നു, അന്നൊരു സിനിമയെ കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും അതു നടന്നില്ല. എനിക്കു തോന്നുന്നു ഇതാണെന്റെ ചിത്രമെന്ന്. നമുക്കിതു ചെയ്യാമെന്ന്. അങ്ങനെയാണെനിക്കു നിർമ്മാതാവിനെ കിട്ടുന്നത്. ടെക്നിക്കൽ ക്വാളിറ്റിയിൽ ചിത്രം ഹോളിവുഡിനോടു കിടപിടിക്കുന്ന ഒന്നാകണമെന്ന നിർബന്ധം ഞാൻ അന്നേ അദ്ദേഹത്തോടു പറഞ്ഞിരുന്നു. പിറ്റേ ആഴ്ച തന്നെ ഞാൻ ഹോളിവുഡിലേക്കു പോയി.

‍സിനിമയിലെ ആ ടെക്നിക്കൽ വശം?

സിനിമയുടെ ബജറ്റിന്റെ അറുപതു ശതമാനവും ചെലവിട്ടത് സ്പെഷ്യൽ ഇഫക്ടിനും സാങ്കേതിക മികവിനുമാണ്. ഹോളിവുഡിൽ നിന്നും നാലു പ്രധാനപ്പെട്ട ടെക്നീഷ്യൻമാരെയാണു സിനിമയ്ക്കായി കൊണ്ടുവന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൻ പോപ്ഹിൽട്ടണാണ്. ന്യൂസിലൻഡുകാരനായ ഇദ്ദേഹമാണ് ലോകത്തെ വിസ്മയിപ്പിച്ച ലോർഡ് ഓഫ് ദി റിങ്സ്, ഹംഗർ ഗെയിംസ് എന്നീ ചിത്രങ്ങൾക്ക് ആക്ഷനൊരുക്കിയത്. ഗ്ലാഡിയേറ്റർ പോലുള്ള സിനിമളുടെ മേക്കപ്പ് മാനായ ട്രഫർ പ്രൊഡാണ് വീരത്തിന്റെയും അലങ്കാരം. ടൈറ്റാനിക്കിന്റെയും റെവറന്റിന്റെയും കളറിസ്റ്റ് സൂപ്പർവൈസറായ ജഫ് ഓലം, ഹാൻഡ് സിമ്മറിന്റെ അസോസിയേറ്റും ട്രാഫിക്, ഫാന്റം തുടങ്ങിയ സിനിമകൾക്കു സംഗീതമൊരുക്കി ജെഫ് റോണയാണു വീരത്തിലെ ഇംഗ്ലിഷ് ഗാനവും പശ്ചാത്തല ഈണങ്ങളുമൊരുക്കിയത്. നാട്ടിലെത്തി ആറു മാസത്തോളം ഇവർ സിനിമയ്ക്കായി പഠനം നടത്തി. അത്രയേറേ ആത്മാർഥതതയോടെയാണ് ഓരോരുത്തരും സിനിമയുടെ ഭാഗമായത്.

ചന്തുവാകാൻ എന്തുകൊണ്ടാണ് മലയാളത്തിനു പുറത്തുനിന്നൊരാൾ?

കഥാപാത്രത്തിനുള്ള അന്വേഷണം അവിടെയെത്തിച്ചതാണ്. മലയാളത്തിൽ നിന്നും ഓ‍ഡിഷന് ക്ഷണിച്ചപ്പോൾ മുപ്പതോളം അപേക്ഷകൾ കിട്ടിയതാണ്. അതിൽ നിന്നൊന്നും ശരിയാകാതെ വന്നപ്പോഴാണ് അന്വേഷണം കുറച്ചു കൂടി വിപുലമാക്കിയത്. ശാരീരികമായും അഭിനയ മികവിനാലും മുന്നിട്ടു നിൽക്കുന്ന ഒരാൾക്കു വേണ്ടിയുള്ള അന്വേഷണം ബോംബെയിലെ നാടകക്കളരികളിൽ പയറ്റിത്തെളിഞ്ഞ കുനാലിൽ എത്തിച്ചു. അദ്ദേഹം സിനിമയ്ക്കായി എടുത്ത ശ്രമങ്ങൾ എന്നെപ്പോലും അമ്പരപ്പിച്ചു. അത്രയേറെ ആത്മാർഥതയോടെയാണ് ചെയ്തത്. നാടകങ്ങളിൽ അഭിനയിച്ചൊരാൾക്ക് സംഭാഷണങ്ങളെ കാണാതെ പഠിക്കുവാനും ഇത്തരം സിനിമകൾക്കു വേണ്ട ബലം നല്‍കി ആ സംഭാഷണങ്ങളെ അവതരിപ്പിക്കുവാനും അതിനൊത്ത് മനവും മെയ്യവും കൊണ്ടുവരുവാനും സാധിക്കും എന്നെനിക്കു തോന്നി.

ഉണ്ണിയാർച്ചയാകാനും കുട്ടിമാണിയാകുവാനും പോലും നടിമാർ പുറത്തുനിന്നാണല്ലോ?

ഈ സിനിമയിൽ അഭിനയിക്കേണ്ട നടിമാര്‍ക്കു വേണ്ട പ്രത്യേകതകൾ വച്ച് അന്വേഷണം നടത്തിയപ്പോൾ‌ േകരളത്തിനു പുറത്തു നിന്നാണ് അനുയോജ്യമായവരെ കിട്ടിയത്. മലയാളത്തിൽ നിന്നും നോക്കിയിരുന്നു. സിനിമ മൂന്നു ഭാഷകളിലാണ് ചിത്രീകരിച്ചത്. ഈ നടിമാർക്കു ഇംഗ്ലിഷും ഹിന്ദിയും അറിയാം. പിന്നെ പഠിച്ചെടുക്കേണ്ടത് മലയാള സംഭാഷണങ്ങൾ മാത്രമാണ് എന്നതും ഒരു കാരണമായി.

കേരളത്തിൽ നിന്നുള്ളവരുടെ പങ്കാളിത്തം തീരെ കുറവല്ലേ?

ഞാന്‍ മലയാളിയല്ലേ? നിര്‍മ്മാതാവും കാമറാമാനും എഡിറ്ററും മലയാളികളല്ലേ. ടെക്നിക്കൽ ഭാഗത്തെ നാലു പ്രധാനികളേയും നാലു പ്രധാന അഭിനേതാക്കളേയും മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം മലയാളികളാണ്. സംഗീതത്തിൽ നിന്നു നോക്കിയാൽ ജെഫ് റോണ പശ്ചാത്തല സംഗീതമൊരുക്കിയെങ്കിലും കാവാലം നാരായണ പണിക്കരും അർജുനൻ മാസ്റ്ററുമൊക്കെ ഭാഗമായിട്ടുണ്ട്.

ഏതു ഭാഗം ചിത്രീകരിച്ചപ്പോഴാണ് ഏറ്റവും വെല്ലുവിളിയായി തോന്നിയത്?

സിനിമയിൽ മൂന്ന് അങ്കമാണുള്ളത്. ഒരെണ്ണം മഴയത്താണു ചിത്രീകരിച്ചത്. മൂന്നിന്റെയും, പ്രത്യേകിച്ച് മഴയത്തുള്ള അങ്കത്തിന്റെ പുനരവതരണം തീർത്തും ദുഷ്കരമാണ്. കളരി നോക്കണം, മഴ, പിന്നെ സ്പെഷൽ ഇഫക്ടും. ഇവ മൂന്നും ഒന്നിനോടൊന്നു സുന്ദരമായി ചേർന്നു വരണം. എല്ലാം നല്ലതാക്കുവാൻ നല്ല ശ്രദ്ധയും സമയവും വേണ്ടിവന്നു.

നല്ല ആത്മവിശ്വാസമുണ്ടല്ലേ?

തീർച്ചയായും അത്രയേറെ ബുദ്ധിമുട്ടിയാണ് സിനിമയെടുത്തത്. എനിക്കേറ്റവും ആത്മവിശ്വാസം പകരുന്നത് താരങ്ങളുടെ പ്രകടനമാണ്. ഓരോരുത്തരും മാസങ്ങളാണു സിനിമയുടെ പഠനത്തിനായി മാത്രം ചെലവിട്ടത്. നാട്ടിലെത്തി ആറുമാസത്തോളം കളരി പഠിക്കുവാനും മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഡയലോഗ് കാണാതെ പഠിക്കുവാനും മാത്രം വേണ്ടി വന്നു അവർക്ക്. പിന്നെ ഹോളിവുഡിലും ബോളിവുഡിലും നമ്മുടെ നാട്ടിലും പ്രദർശിപ്പിക്കുന്നുണ്ട്. ഗോൾഡൻഗ്ലോബിലേക്ക് എൻട്രി കിട്ടി. അതെല്ലാം ആത്മവിശ്വാസം നൽകുന്നു.

ഇതിനിടയിൽ പുലിമുരുകനെ ചേർത്തൊരു ചെറിയ വിവാദവുമുണ്ടായല്ലോ? അതു സിനിമയെ ബാധിക്കുമെന്നു കരുതുന്നുണ്ടോ?

അങ്ങനെ ഭയപ്പെടുന്നില്ല. അവർ നല്ല പിന്തുണ തരുമെന്ന് കരുതുന്നു. ആ വിഷയത്തിൽ ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അതു മാറിക്കാണും എന്നു കരുതുന്നു. ഞാനതിൽ ഖേദം പ്രകടിപ്പിച്ചല്ലോ. അതോടെ ആ വിഷയം തീർന്നുവെന്നാണ് കരുതുന്നത്. അതൊരു പ്രശ്നമാകുമെന്ന് ഞാൻ കരുതുന്നില്ല. മനഃപൂർവ്വം ഒന്നും ഉദ്ദേശിച്ചതല്ല. ഇതുവരെയിറങ്ങിയ മലയാള സിനിമയിൽ ഏറ്റവും ചെലവേറിയതാണ് വീരം എന്നാണെനിക്കു തോന്നുന്നത്. ന‌ൂറു കോടി ക്ലബിൽ സിനിമയെത്തണം എന്നൊരു ആഗ്രഹമുണ്ട്. ഞാൻ പറഞ്ഞ അർഥത്തിലല്ല പുറത്തുവന്നതും വ്യാഖ്യാനിക്കപ്പെട്ടതും. ആ വിഷയം തീർന്നു എന്നാണു ഞാൻ കരുതുന്നത്.

ഈ കാലത്ത് ഇങ്ങനെയൊരു സിനിമയെടുക്കുവാനുള്ള ആർജ്ജവം എവിടുന്നു കിട്ടി?

അത് ഭരതൻ സ്കൂളിന്റെ ബലമാണ്. ഭരതേട്ടൻ തന്ന ആർജ്ജവമാണ്. ഒരുപാട് സ്വപ്നം കാണുകയും വ്യത്യസ്തമായ സിനിമകൾ എടുക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നൊരാളാണ്. കേട്ടും വായിച്ചും കണ്ടും അറിഞ്ഞ സ്വപ്ന കണ്ട കഥാപാത്രങ്ങളെ സിനിമയിലേക്ക് യുക്തിപൂർവ്വം സിനിമാറ്റിക് ഭംഗിയോെട എങ്ങനെ മാറ്റാം എന്നു കാണിച്ചു തന്നെ അദ്ദേഹമാണ്. വൈശാലി പോലുള്ള ഭരതൻ സിനിമകൾ അതിന് ഉദാഹരണമാണ്. സിനിമയിലെ സിനിമാറ്റിക് ബ്യൂട്ടിയുടെ പ്രാധാന്യം മനസിൽ കൂട്ടിച്ചേർക്കപ്പെട്ടത് ഭരതേട്ടനൊപ്പമുള്ള സിനിമാ പഠനമാണ്. അതുതന്നെയാണ് വീരത്തിലും പ്രായോഗികമാക്കിയത്. കഥാപാത്രങ്ങൾക്ക് ആരാണോ അനുയോജ്യം, അവർ മുൻപരിചയമില്ലാത്ത അഭിനേതാക്കൾ കൂടിയാണെങ്കില്‍, പ്രതിഭയുണ്ടെന്നു തോന്നിയാല്‍ അവരെ വച്ചു സിനിമ ചെയ്യണമെന്നുമുള്ള ധൈര്യം പകർന്നതും അദ്ദേഹമാണ്. നല്ല ടെക്നിക്കൽ ക്വാളിറ്റിയും കഥയുമുണ്ടെങ്കിൽ മലയാളത്തിൽ ചരിത്ര സിനിമകൾ വിജയിക്കുക തന്നെ ചെയ്യുമെന്ന് തെളിയിക്കപ്പെട്ടതാണല്ലോ.

ഈ സിനിമ കാണുമ്പോൾ നിങ്ങൾ ആ കാലത്തിലേക്കു പോകും. പതിമൂന്നാം നൂറ്റാണ്ടിലെ കേരളമാണു പശ്ചാത്തലം. ആ ഒരു അനുഭവമുണ്ടാകുവാൻ വേണ്ടിയാണു ഫത്തേപൂർ സിക്രിയിലും ഔറംഗബാദിലും ആഗ്രയിലും അജന്ത എല്ലോറ ഗുഹകളിലുമൊക്കെ സിനിമയുടെ ചിത്രീകരണം കൊണ്ടുപോയത്. ഇപ്പോഴത്തെ കേരളത്തിൽ ചിത്രീകരിച്ചാൽ ഒരുപക്ഷേ ആ അനുഭൂതി കിട്ടണമെന്നില്ല. കണ്ടിറങ്ങുമ്പോൾ ആ കാലത്തിന്റെ ചട്ടക്കൂടിൽ നിന്നുപോകും നമ്മൾ. കഥാപാത്രങ്ങളുടെ സംഭാഷണത്തിലും എന്തിന് അവർ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളിൽ പോലും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സ്വർണം തീരെ കുറവാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ ചന്തത്തിൽ പോലും ശ്രദ്ധ കൊടുത്തിട്ടുണ്ട്.

ഫ്രെയിമുകൾക്കൊപ്പം മനസുതൊടുന്ന കഥാസന്ദർഭത്തെ പ്രേക്ഷകന്റെ മനസിൽ ചേർത്തുവയ്ക്കുന്ന സംഗീതം തന്നെ വേണമെന്നു ചിന്തിച്ചതും എല്ലാം ഭരതൻ ക്ലാസുകളുടെ മികവാണ്. അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം നല്ല സംഗീതമാണല്ലോ. അതുമാത്രമല്ല, ഇത്തരം സിനിമകളിൽ നമ്മളുടേതായ സ്റ്റൈലൈസേഷൻ കൊണ്ടുവരണമെന്നു പഠിപ്പിച്ചതും അദ്ദേഹമാണ്. കുനാൽ കപൂറിന്റെ ശരീരത്തേയും നെറ്റിയിലേയും നിറങ്ങൾ, കഥകളുമായി ഊർജ്ജസ്വലനായി ഒരു ദേശത്തു നിന്നു മറ്റൊരു ദേശത്തേക്ക് പറക്കുന്ന പാണൻ എല്ലാം അതുകൊണ്ട് ഉൾപ്പെടുത്തിയതാണ്. ഇതുവരെ നമ്മൾ വടക്കൻ പാട്ടുകളിലൂടെ അറിഞ്ഞ, സിനിമകളിൽ കണ്ട പാണന്‍ ദുർബലനാണല്ലോ. എല്ലാത്തലത്തിലും വ്യത്യസ്തതകൾ കൊണ്ടുവന്നിട്ടുണ്ട്.

ആർടിസ്റ്റ് നമ്പൂതിരി മഹാഭാരതം വരച്ചിടുന്നതിലെ ചേല് കണ്ണിൽ നിന്നു മായാറേയില്ല. അതു മനസിലുണ്ടായിരുന്നു ഈ സിനിമയ്ക്കു ചേർക്കേണ്ട മനോഹാരിതകളെ കുറിച്ചോർക്കുമ്പോൾ.

പുതിയ സിനിമാ സങ്കൽപങ്ങളിലേക്കും യുവതയുടെ മുന്നിലേക്കും സിനിമ വയ്ക്കുമ്പോഴുള്ള പ്രതീക്ഷ?

സിനിമാ ചരിത്രത്തിൽ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട് ചില മുന്നേറ്റങ്ങൾ. എല്ലാകാലത്തും ഹിസ്റ്റോറിക്കലി റിലവന്റ് ആയ സിനിമകൾ ഉണ്ടാകാറുണ്ട് ഇതുപോലെ. മക്ബത് അന്നും ഇന്നും പ്രസക്തമാണ്. വിദ്യാർഥികൾ കലാലയങ്ങളിൽ പഠിക്കുന്നുണ്ട് ഈ നാടകം. മധ്യവയസ്കർക്കു കോളെജ് കാലഘട്ടത്തിലേക്കുള്ള ഓർമയാണ് മക്ബത്. പിന്നെ മക്ബത് എന്ന നാടകത്തെ സിനിമാറ്റിക് ആയി, നമ്മുടെ വടക്കൻ പാട്ടുമായി ബന്ധപ്പെടുത്തി ചെയ്യുന്നതിലെ കൗതുകവും. ഏതു തലത്തിൽ നിന്നു നോക്കിയാലും എല്ലാ മനുഷ്യരുമായി മക്ബത് ബന്ധപ്പെട്ടു കിടക്കുന്നു. അതാണെന്റെ പ്രതീക്ഷയും.

വടക്കൻ പാട്ടിലെ ചന്തുവിനെ മലയാളത്തിൽ മുൻപും ആവിഷ്കരിച്ചിട്ടുണ്ട്. അതില്‍ തെറ്റിദ്ധരിക്കപ്പെട്ട ചന്തുവാണ്. ഇതിൽ ചതിയൻ ചന്തുവും. ചർച്ചയ്ക്കു വഴിവയ്ക്കില്ലേ?

തീർച്ചയായും. എല്ലാം ആവിഷ്കാരത്തിന്റെ ഭാഗമാണല്ലോ. ചന്തുവിനെ നല്ല രീതിയിൽ ഇൻറർപ്രിട്ട് ചെയ്താണ് ഒരു വടക്കൻ വീരഗാഥ സൃഷ്ടിച്ചത്. പക്ഷേ മാക്ബത് പറയുമ്പോൾ ചതിയനായ ചന്തുവിനെയാണു വേണ്ടത്. യഥാർഥ ചന്തുവിനോടും ചരിത്രത്തോടുമാണു വീരം കൂടുതൽ‌ ചേർന്നു നിൽക്കുന്നത്. ചന്തുവിനെ എന്തുകൊണ്ട് ചതിയൻ ചന്തു എന്നു വിളിക്കുന്നു അന്നത്തെ സാഹചര്യമെന്നാണ് മാനവികതയോട് അതെങ്ങനെ ചേര്‍ന്നു നിൽക്കുന്നുവെന്നാണ് എന്റെ സിനിമ ചർച്ച ചെയ്യുന്നത്?

ട്രെയിലറിൽ കഥാപാത്രങ്ങൾ ശാരീരികമായി ഒരുപാട് അടുത്ത് ഇടപഴകുന്ന രംഗങ്ങളുണ്ടല്ലോ?

അതൊന്നും കച്ചവട താൽപര്യങ്ങൾക്കനുസരിച്ചു ചെയ്തതല്ല. കഥാസന്ദർഭത്തിന്റെ ഭാഗമാണത്. ചന്തുവിന്റെ ജീവിതത്തിലെ സ്ത്രീ പ്രാധാന്യത്തെ കുറിച്ചു പറയേണ്ടതിലല്ലോ. അരിങ്ങോടരുമായിട്ടുള്ള പോരിന് തുണ പോയാൽ ആറ്റുമണമേൽ കുഞ്ഞിരാമനെ ഉപേക്ഷിച്ച് ഒപ്പം പോരാമെന്നു പറയുന്ന ഉണ്ണിയാര്‍ച്ചയും ആരോമലിന്റെ ഉടവാളിൽ ഇരുമ്പാണി മാറ്റി മുളയാളി വച്ച് ചതിച്ചാൽ ഭാര്യയായിരുന്നോളാം എന്തിനാണ് എച്ചിൽ തിന്നുന്നത് എന്നു ചോദിച്ച കുട്ടിമാണിയും. ഇരുവരുടെയും പ്രലോഭനങ്ങളാണ്, അവരോടുള്ള മോഹമാണു ചന്തുവിനെ ചതിയനാക്കുന്നത്. ആ സാഹചര്യങ്ങളെയൊക്കെ സംവദിക്കുവാനാണ് അത്തരം രംഗങ്ങൾ. കച്ചവട താൽപര്യങ്ങൾക്കു വേണ്ടി കുത്തിതിരുകിയതല്ല ഇവയൊന്നും. ആണിന്റെയും പെണ്ണിന്റെയും പ്രണയത്തേയും ഒന്നുചേരലിനേയും ഏറ്റവും മനോഹരമായി മലയാളത്തിൽ അവതരിപ്പിച്ച ഭരതേട്ടനിൽ നിന്നു കിട്ടിയതാണീ പാഠവും.

വീരം ചെയ്തു കഴിഞ്ഞപ്പോഴുള്ള അനുഭൂതി?

വീരം പൂർത്തിയായിട്ടില്ലല്ലോ. അത് എല്ലാവരിലേക്കും എത്തിക്കുന്നതോടെയേ വീരം പൂർണമാകൂ. അതിനുള്ള പ്രയത്നത്തിലാണിപ്പോൾ. അടുത്ത മാസം പതിനാറിന് ഹോളിവുഡിൽ സിനിമ പ്രദർശനത്തിനെത്തും. ഇംഗ്ലിഷ് പറയുന്ന ചന്തുവും ഉണ്ണിയാർച്ചയും പങ്കുവയ്ക്കുന്ന കൗതുകം ചെറുതല്ല. അതുപോലെ കലാലയങ്ങളിലെ ഇംഗ്ലിഷ് വിഭാഗങ്ങളിലേക്കെല്ലാം വീരത്തിന്റെ പ്രാധാന്യം പങ്കിട്ട് ഞങ്ങളെത്തുന്നുണ്ട്.

മാക്ബത്തിലെ ഒരു ഭാഗമുണ്ട്, ലൈഫ് ഈസ് ടെയ്‍ൽ ടോൾഡ് ബൈ ആൻ ഇഡിയ്റ്റ് എന്നത്. ആ ഭാഗം അവതരിപ്പിച്ചു കാണിക്കുവാനാണ് കലാലയങ്ങളിലെ വിദ്യാർഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നല്ല അവതരണങ്ങളെ ട്രെയിലറിൽ ഉൾപ്പെടുത്തും. അങ്ങനെയുള്ള നീക്കങ്ങളും സിനിമയ്ക്കായി ചെയ്യുന്നുണ്ട്്. നെഞ്ചിനുള്ളിലും ചിന്തയിലുമെല്ലാമിപ്പോൾ‌ വീരമാണ്.

ഇനി?

നവരസങ്ങളിൽ ഏതെങ്കിലും ഒന്നിനെ ആസ്പദമാക്കി ഒരു ചിത്രം...