എന്ന് സ്വന്തം പാര്‍വതി

പാര്‍വതി

നോട്ട് ബുക്ക് എന്ന ചിത്രത്തിലാണ് പാർവതിയെ മലയാളി ആദ്യ കാണുന്നത്. വർഷങ്ങൾക്കിപ്പുറം ധനുഷിന്റെ നായികയായി മരിയാനിലും പിന്നാലെ സൂപ്പർ ഹിറ്റ് ചിത്രമായ ബാംഗ്ലൂർ ഡെയ്സിൽ ദുൽഖറിന്റെ ജോഡിയായും പാർവതി എത്തി. പാർവതി ആളാകെ മാറിപ്പോയല്ലോ. പ്രേക്ഷകർ പറഞ്ഞു. ഇപ്പൊ ദാ എന്നു നിന്റെ മൊയ്തീനിൽ കാഞ്ചനമാലയായി പാർവതി എത്തിയപ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു നമ്മുടെ പ്രേക്ഷകർ.

പല നായികമാരും വാക്കിൽ മാത്രം സെലക്റ്റീവാകുമ്പോൾ പാർവതി വാക്കിൽ മാത്രമല്ല പ്രവർത്തിയിലും അത് അന്വർത്ഥമാക്കി. അതു കൊണ്ടാണല്ലൊ കാലമിത്ര കഴിഞ്ഞിട്ടും വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം നാം ആ മുഖം കണ്ടത്. ഒാരോ ചിത്രത്തിലും രൂപഭാവത്തിൽ അടിമുടി മാറിയെത്തുന്ന പാർവതി മലയാളത്തിന്റെ ജോണി ഡെപ്പ് ആണെന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നു. കാഞ്ചനമാലയ്ക്കുവേണ്ടി നടത്തിയ തയാറെടുപ്പുകളും യഥാർഥ കാഞ്ചനമാലയെ കണ്ടപ്പോഴുള്ള അനുഭവവുമെല്ലാം പാർവതി മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

∙ബാംഗ്ലൂർ ഡെയ്സിനു ശേഷം തീർത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ കാഞ്ചനമാലയായി പാർവതി. ഈ ഗെറ്റപ്പ് ചെയ്ഞ്ച് എങ്ങനെ ഉണ്ടായിരുന്നു?

റിയലി ഗുഡ്. ഈ ചെയ്ഞ്ചിൽ എല്ലാവരും ഭാഗമാണ്. ഓരോ രംഗം കഴിയുന്പോഴും ഓരോന്നും മാറിക്കൊണ്ടിരിക്കും. പ്രത്യേകിച്ച് കോസ്റ്റ്യൂം ഡിസൈനേഴ്സ്, മേക്കപ്പ് കൈകാര്യം ചെയ്യുന്നവർ ഇങ്ങനെ. വളരെ നാൾ നീണ്ടു നിന്ന ഒരു ഷൂട്ട് ആയിരുന്നു എന്നു നിന്റെ മൊയ്തീന്റേത്. ഒരുപാട് സമയം എടുത്ത് ചെയ്ത ഒരു ചിത്രമാണ്. ഇത്രയും കഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ അതിൽ സന്തോഷം തോന്നുകയാണ്. കഥ എല്ലാവരും ഇഷ്ടപ്പെടുകയും എല്ലാവർക്കും അത് ഉള്‍ക്കൊള്ളാനും സാധിച്ചതിൽ. പലരും പറഞ്ഞത് ചിത്രം തീർന്ന് കഴിഞ്ഞ് നിറകണ്ണുകളോടെ മാത്രമേ തിയറ്റർ വിട്ടു പോകാൻ കഴിഞ്ഞുള്ളൂ എന്നാണ്.

ഗെറ്റപ്പ് എന്നതിന്റെ ആദ്യ രൂപം സംവിധായകന്റെ മനസിലാണ് തെളിയുന്നത്. അതിനനുസരിച്ചുള്ള കോസ്റ്റ്യൂം, കോസ്റ്റ്യൂം ഡിസൈനർ ക്രിയേറ്റ് ചെയ്യുന്നു. അതിനുശേഷമാണ് ലുക്ക് വരുന്നത്. ഇത്രയുമൊക്കെ ആയിക്കഴിഞ്ഞിട്ടും എനിക്ക് എന്റെ ബോഡി ലാങ്വേജ് വേറൊരു സ്ഥലത്ത് നിന്നു കിട്ടുന്നതാണ്. ആ പ്രകൃതം മനസിലാക്കിയാലേ അനായാസമായി അഭിനയിക്കാൻ സാധിക്കൂ. കാഞ്ചനമാലയാകാൻ വേണ്ടി ഞാൻ ശരീരഭാരം കൂട്ടി. തടി കൂട്ടി. മുടി വിഗ് വച്ച് മാറ്റം വരുത്തിയാലും മനസിൽ ആ പ്രകൃതം വരുത്താൻ കഴിഞ്ഞാലേ നമ്മൾ കഥാപാത്രമാകൂ. രൂപവ്യത്യാസം അനിവാര്യമാണ്. എന്റെ കഥാപാത്രങ്ങളെയാണ് പ്രേക്ഷകർ കാണുന്നതും ഇഷ്ടപ്പെടുന്നതും. പാർവതി എന്ന വ്യക്തിയെ എത്രത്തോളം മറയ്ക്കാൻ പറ്റുമോ അത്രയും വിജയം.

∙കാഞ്ചനമാലയാകാൻ എടുത്ത പരിശീലനത്തെക്കുറിച്ച്?

ആ കാലഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അന്നത്തെ പ്രധാനസംഭവങ്ങള്‍ എന്നിവ അറിയണം. വേഷവിധാനം ,ശരീരഘടന, കാഞ്ചനമാലയെ കാണാൻ എങ്ങനെ ആയിരുന്നു. ദേഹപ്രകൃതം തുടങ്ങിയ കാര്യങ്ങളൊക്കെ മനസിലാക്കി.

പിന്നെ നേരത്തേ പറഞ്ഞതുപോലെ കാഞ്ചനമാലയ്ക്കായി ശരീരഭാരം കൂട്ടി. ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിച്ചിരുന്നു. നാലഞ്ചു മാസത്തെ തയാറെടുപ്പ് നടത്തിയിട്ടുണ്ട്.

സംവിധായകൻ വിമൽ, മുക്കത്തെ ആൾക്കാരുമായൊക്കെ സംസാരിച്ച് ഒരുപാട് നാളത്തെ റിസേർച്ച് നടത്തിയാണ് സിനിമ ചെയ്തത്. അതുകൊണ്ടു തന്നെ പൊതുവായ വിവരങ്ങളെല്ലാം അദ്ദേഹത്തിൽ നിന്നു കിട്ടിയിരുന്നു. ആ കാലഘട്ടത്തെക്കുറിച്ച പഠിച്ചു. അഞ്ച് പുസ്തകങ്ങളിലായായിരുന്നു സ്ക്രിപ്റ്റ്. അതിൽ എല്ലാ കാര്യങ്ങളും വ്യക്തമായി ഉണ്ടായിരുന്നു.

∙ചിത്രം തുടങ്ങുന്നതിനു മുൻപ് കാഞ്ചനമാലയെ നേരിട്ടു കണ്ടിരുന്നോ?

തീർച്ചയായും. ഞാൻ കാഞ്ചനമാലയെ നേരിട്ടുകണ്ടു. പ്രണയകാലത്ത് മൊയ്തീൻ എഴുതിയ കത്തുകളെല്ലാം അവർ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതെല്ലാം എനിക്കു കാണിച്ചു തന്നു. ഒരുപാട് ചേദ്യങ്ങൾ ചോദിക്കണമെന്നു കരുതിയാണ് പോയതെങ്കിലും കാഞ്ചനമാലയെ കണ്ടപ്പോൾ ഒന്നും ചോദിക്കാൻ സാധിച്ചില്ല. അവരെ കണ്ടുകഴിഞ്ഞാൽ ഇത്രയും ത്യാഗങ്ങളൊക്കെ സഹിച്ച ഒരാളാണെന്നു തോന്നില്ല. ശരിക്കും ഞാൻ അത്ഭുതപ്പെട്ടുപോയി. മൊയ്തീൻ തുടങ്ങിവച്ച ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റുമെല്ലാം നോക്കിനടത്തുകയാണ് ഇപ്പോൾ അവർ. നല്ല തിരക്കുള്ള സമയത്തു കൂടിയാണ് ഞാൻ കാണാൻ പോയത്. അതുകൊണ്ടുതന്നെ അധിക സമയം ബുദ്ധിമുട്ടിക്കാനും തോന്നിയില്ല. മൊയ്തീന്റെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഓർമയിൽ അവർ ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു. മുക്കത്തുള്ള അവരുടെ ഒരു സുഹൃത്തിനെ കണ്ടിരുന്നു. അദ്ദേഹം ഏതൊക്കെ പുസ്തകങ്ങൾ വായിക്കണമെന്നൊക്കെ പറഞ്ഞു തന്നു.

പാര്‍വതി, കാഞ്ചനമാല

∙ബാംഗ്ലൂർ ഡെയ്സിനു ശേഷം ഒരു ഇടവേള?

ഗ്യാപ് വേണമെന്നു വിചാരിച്ച് എടുത്തതല്ല. ബാംഗ്ലൂർ ഡെയ്സിന്റെ റിലീസ് കഴിഞ്ഞപ്പോൾ എന്നു നിന്റെ മൊയ്തീൻ തുടങ്ങിയായിരുന്നു. ഏകദേശം ഒരു വർഷത്തോളം ഷൂട്ട് നീണ്ടുപോയി. ഇതിനിടയ്ക്ക് തമിഴ് സിനിമയും ചെയ്യുന്നുണ്ടായിരുന്നു.

∙ശരിക്കും ജീവിച്ചിരിക്കുന്ന ഒരാളെ വെള്ളിത്തിരയിൽ എത്തിക്കാൻ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. അതിലുപരി അതൊരു വെല്ലുവിളി കൂടിയല്ലേ?

വെല്ലുവിളിയാണ്. അതിനെക്കാൾ എനിക്കു കിട്ടിയ ഒരു അംഗീകാരം ആണെന്നാണ് ഞാൻ കരുതുന്നത്. ഇങ്ങനെ ഒരു കഥാപാത്രം എന്നെ വിശ്വിച്ചേൽപ്പിക്കുക, അത് എനിക്കു കിട്ടിയ ഒരു ഉത്തരവാദിത്വമാണ്. അത് അതിന്റെ എല്ലാ റെസ്പെക്ടോടും കൂടി മനോഹരമായി തന്നെ ചെയ്തുകൊടുക്കണമെന്ന ആഗ്രഹവുമുണ്ടായിരുന്നു.

∙കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല. പ്രണയത്തെക്കുറിച്ച് പാർവതിക്ക് എന്താണു പറയാനുള്ളത്?

പ്രണയം അത് അനിവാര്യമാണ്. പ്രണയം, സ്നേഹം, ഇഷ്ടം ഇതൊന്നുമില്ലെൽ പിന്നെ എന്ത്? മനുഷ്യരെ മനുഷ്യരാക്കുന്നത് തന്നെ ഇവയൊക്കെ അല്ലേ! അന്യോന്യം മനസിലാക്കുന്നതും ഇടപഴകുന്നതുമെല്ലാം ഇവയുടെയൊക്കെ ഭാഷ കൊണ്ടാണല്ലോ.

∙സേറയ്ക്കു ശേഷം കാ‍ഞ്ചനമാലയേയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണല്ലോ?

എനിക്കും സന്തോഷമുണ്ട്. പ്രേക്ഷകർ തന്നെയാണ് എന്റെ പിന്തുണയും ശക്തിയുമെല്ലാം. പിന്നെ അവർ ഇഷ്ടപ്പെട്ടിരിക്കുന്നത് പാർവതിയെ അല്ല, കാഞ്ചനമാല എന്ന വ്യക്തിയെയാണ്. പാർവതി എന്താണെന്നോ, എങ്ങനെയാണ് ജീവിക്കുന്നതെന്നോ അല്ല, കാഞ്ചനമാല എന്ന വ്യക്തിയെ മാത്രമാണ് അതിൽ കാണിച്ചിരിക്കുന്നത്. അഭിനേത്രി എന്ന നിലയിലുള്ള എന്റെ ദൗത്യമാണ് അത്. ഞാൻ എന്ന വ്യക്തിയേ അവിടെ കടന്നുവരാൻ പാടില്ല.

∙കാഞ്ചനമാലയാകാൻ തീരുമാനിച്ചതിന്റെ പിന്നിൽ?

ഇങ്ങനെ ഒരു മനോഹരമായ കഥ യഥാർഥജീവിതത്തിൽ നടന്നു എന്നതു തന്നെ ഒരു വലിയ കാര്യമല്ലേ. മരണത്തിനു പോലും പ്രണയത്തെ തോൽപിക്കാൻ സാധിക്കുന്നില്ല. ഇതാണ് ശരിക്കുമുള്ള പ്രണയം എന്ന് കാഞ്ചനമാല കാണിച്ചു തരികയാണ്. ആ സ്നേഹത്തിൽ നിന്നുള്ള ഊർജം സമ്പാദിച്ച് അവർ ജീവിക്കുന്നു. ഇങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ എനിക്കു സാധിച്ചതുതന്നെ ഒരു മഹാഭാഗ്യമായി കരുതുന്നു. ഇതിന് എല്ലാവരോടും നന്ദി പറയുന്നു. പ്രേക്ഷകർ നൽകിയ എല്ലാ പിന്തുണയ്ക്കും പ്രത്യേകം നന്ദി.