മോഹൻലാലിനു മാത്രമേ അങ്ങനെ ചെയ്യാനാകൂ

മോഹന്‍ലാല്‍, എം പത്മകുമാര്‍

ഒളിഞ്ഞിരുന്നു മൂർച്ച കൂടിയ പ്രതികാരവും പകരംവയ്ക്കാനാകാത്ത സ്നേഹവും ഇടകലർന്നെത്തിയ ശിക്കാറിനു ശേഷം മോഹൻലാൽ-പത്മകുമാര്‍-സുരേഷ് കുമാർ ടീം ഒന്നിക്കുന്ന ചിത്രമാണ് കനൽ. പേരുപോലെ തീക്ഷ്ണമായ പ്രമേയത്തിലെത്തുന്ന ചിത്രം മോഹൻലാലെന്ന നടന്‍ കൈകാര്യം ചെയ്ത ശക്തമായ കഥാപാത്രങ്ങളിലൊന്നാണ്. നാല് വ്യക്തികളുടെ തീർത്തും അപ്രതീക്ഷിതവും അവിചാരിതവുമായ ജീവിത സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന സിനിമയെ കുറിച്ച് സംവിധായകൻ സംസാരിക്കുന്നു.

കനലിലേക്കെത്തിയത് എങ്ങനെയാണ്?

രണ്ടു വർഷം മുൻപാണ് സിനിമയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത്. തിരക്കഥ എങ്ങനെ സിനിമയാക്കണമെന്നതിനെ കുറിച്ച് ഒരുപാട് തവണ ആലോചിച്ചു. സിനിമ പുതി‌യൊരു ഘടനയിൽ അവതരിപ്പിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് നാലു പേരുടെ അനുഭവങ്ങളിലൂടെ അവരിലൂടെ കഥ കൊണ്ടുപോകണമെന്നെത്തിയത്. പരീക്ഷണ ചിത്രമൊന്നുമല്ലെങ്കിലും മലയാള പ്രേക്ഷകർക്ക് പുതിയൊരു കാഴ്ചയനുഭവമായിരിക്കും കനൽ എന്നു പറയാനാകും.

ശിക്കാറിലും മോഹൻലാൽ. കനലിലും അദ്ദേഹം തന്നെ. മോഹൻലാൽ ആണോ പ്രിയ നടൻ.

പ്രിയനടൻ എന്നതിലുപരി എന്റെ പരിചയത്തിൽ നിന്ന് മോഹൻലാലിനൊപ്പമുള്ള സിനിമകളെല്ലാം ഒരുപാട് നല്ല അനുഭവങ്ങളാണ് തന്നത്. മോഹൻലാലിനൊപ്പം സിനിമെയടുത്തിട്ടുള്ള ഏതൊരു സംവിധായകനും ഇതേ അനുഭവമായിരിക്കും. കാരണം സിനിമയ്ക്കൊപ്പം അത്രയേറെ അടുത്ത് അദ്ദേഹം സഞ്ചരിക്കും. എന്ത് ബുദ്ധിമുട്ടിനും തയ്യാറാകും. വലിപ്പച്ചെറുപ്പമോ അഹംഭാവമോ ഇല്ലാതെ കഥാപാത്രത്തിനു വേണ്ടി മൊത്തം ടീമിനു വേണ്ടി നിൽക്കുവാൻ അദ്ദേഹം തയ്യാറാകും. ആ ടീമിലെ ഓരോരുത്തരോടും ഓരോന്നിനോടും അദ്ദേഹം അത്രയേറെ അടുത്ത് പെരുമാറും. മോഹൻലാലിനൊപ്പമുള്ള സംവിധാന നിമിഷങ്ങൾ മറക്കാനാകാത്തതാണ്. കംഫർട്ടബിൾ ആണ്.

പിന്നെ അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിച്ചത് ഈ കഥാപാത്രം ചെയ്യാൻ ഏറ്റവുമിണങ്ങുന്നത് അദ്ദേഹമാണ് എന്ന് തോന്നിയതുകൊണ്ടു മാത്രമാണ്. മോഹൻലാൽ എന്നല്ല ഇതിലെ നാല് നായകൻമാരേയും കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ച് തെരഞ്ഞെടുത്തതാണ്, കഥാപാത്രത്തിന്റെ ആഴത്തിനനുസരിച്ച് അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ അവർക്കാകും എന്നുറപ്പുള്ളതുകൊണ്ട് അത് തെറ്റിയില്ല. സിനിമ കണ്ടാൽ നിങ്ങൾക്കത് മനസിലാകും.

ഒരു ആക്ഷൻ ത്രില്ലർ സിനിമ പ്രതീക്ഷിച്ചാണോ തീയറ്ററിലേക്ക് പോകേണ്ടത്?

ആക്ഷൻ ത്രില്ലർ എന്നല്ല ഉദ്വേഗം നിറഞ്ഞ സിനിമയാണ്. എന്നാൽ എല്ലാ ഘടകങ്ങളും ഉള്ളൊരു സിനിമ. ആക്ഷൻ ത്രില്ലർ എന്നുപറയാനാകില്ല. പ്രണയും തമാശയും എല്ലാം ഉള്ളൊരു സിനിമ, പക്ഷേ മുഴച്ചുനിൽക്കുന്നത് ഈ നാല് കഥാപാത്രങ്ങളുടെയും മനസിനുള്ളിലെ വികാരവും വിക്ഷോഭവും തന്നെയാണ്. പ്രേക്ഷകനെ ഒപ്പംകൊണ്ടുപോകുന്ന സാധാരണക്കാരനിലെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമ.

നായകന്‍മാർക്ക് മാത്രം പ്രാധാന്യം നൽകുന്നതാണോ പത്മ കുമാർ സിനിമകൾ.ശിക്കാറിലും കനലിലും നായികമാർക്ക് അധികം പ്രാധാന്യമില്ലല്ലോ.

പൊതുവേ മലയാള സിനിമ അങ്ങനെയാണല്ലോ. എന്റേതും അങ്ങനെ തന്നെ. പക്ഷേ ഈ രണ്ട് സിനിമകളിലേയും പ്രമേയം അങ്ങനെയായതുകൊണ്ടാണ് നായകൻമാർക്ക് കൂടുതൽ പ്രാധാന്യം വന്നത്. കനലിൽ ഹണി റോസ് ഷീലു എബ്രഹാം നിഖിത എന്നീ മൂന്നു പേരാണ് നടിമാർ. മൂന്നു പേരും പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്., നായികമാർക്ക് പ്രാധാന്യമില്ലെന്ന് പറയാനാകില്ല. അവർക്കും അവരുടേതായ പ്രധാനപ്പെട്ടൊരിടമുണ്ട്. പ്രത്യേകിച്ച് ഹണി റോസിന്റെ കാര്യത്തിൽ. എനിക്ക് തോന്നുന്നു അവർ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണിതെന്ന്.

ശിക്കാർ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയൊരു സിനിമയല്ലേ. ശിക്കാറിൽ നിന്ന് കനലിലേക്കെത്തുമ്പോൾ പ്രതീക്ഷകളെന്തെല്ലാമാണ്?

ശിക്കാർ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയല്ല. അങ്ങനെ പറയരുത്. പിന്നെ രണ്ടും അൽപം തീവ്രമായ കഥകളാണ്. പക്ഷേ തീർത്തും വ്യത്യസ്തമാണ്. ശിക്കാറിൽ മോഹൻലാൽ മാവോയിസ്റ്റ് വേട്ടയിലുൾപ്പെട്ട പൊലീസുകാരനാണ്. പിന്നീട് ആ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിൽ കൊണ്ടുവരുന്ന സ്വാധീനവുമാണ് സിനിമയിലുള്ളത്. കനലിൽ മോഹൻലാൽ ബിസിനസുകാരനാണ്. രണ്ടിന്റെയും പിന്നാമ്പുറം വളരെ വ്യത്യസ്തമാണ്. വൈവിധ്യമാർന്നതാണ്. ഏറെ പ്രതീക്ഷകളോടെയാണ് സിനിമ പ്രേക്ഷകന് മുന്നിലേക്കെത്തുന്നത്. മോഹൻലാൽ ആരാധകർ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു ചിത്രം തന്നെയാണിത്. സിനിമയുടെ ആദ്യ പ്രേക്ഷനിലൊരാൾ അദ്ദേഹമായിരുന്നു. സിനിമ ഏറെ ഇഷ്ടപ്പെട്ടുവെന്നു പറഞ്ഞു. മലയാള പ്രേക്ഷകർക്ക് സിനിമയിഷ്ടമാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹവും.

മോഹൻലാലിന്റെ വ്യത്യസ്തമായൊരു കഥാപാത്രമാണെന്ന് പറഞ്ഞല്ലോ..എന്തൊക്കെയാണത്.

ബിസിനസുകാരനായ ജോൺ ഡേവിഡ് ആണ് മോഹൻലാൽ. തീർത്തും അവിചാരിതവും അപ്രതീക്ഷിതവുമായ ജീവിത സന്ദർഭങ്ങളിലൂടെ കടന്നുപോകൊന്നൊരു കഥാപാത്രം. മോഹൻലാലിന്റെ കഥാപാത്രവുമായാണ് ബാക്കി മൂന്നു പേരുടേയും ജീവിതം ബന്ധപ്പെട്ടിരിക്കുന്നത്. അനന്തരാമനെന്ന പേരിലാണ് അനൂപ് മേനോൻ എത്തുന്നത്. പ്രതാപ് പോത്തൻ ഹിൽടോപ്പ് രഘുവായിട്ടും അതുൽ കുൽക്കർണി കുരുവിള മാത്യു ഐപ്പ് ആയിട്ടും. ജോൺ ഡേവിഡ് ഏറെ അടുത്ത് നിൽക്കുന്നത് അനൂപ് മേനോന്റെ കഥാപാത്രവുമായാണ്. ജോൺ ഡേവിഡെന്ന ബിസിനസുകാരനും അനന്തരാമെന്ന ജേണലിസ്റ്റും തമ്മിൽ മിഡിൽ ഈസ്റ്റിൽ തുടങ്ങുന്ന ബന്ധമാണ്.

പക്ഷേ ഇരുവർക്കും പരസ്പരമറിയില്ല. വളരെ വർഷങ്ങൾക്കു ശേഷം നാട്ടിലെത്തിയപ്പോൾ നടത്തിയ ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ ഇവർ തമ്മിൽ പരിചയപ്പെടുകയും തങ്ങളുടെ ജീവിതങ്ങൾ പരസ്പരം ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കുന്നു. പിന്നീട് ഒന്നിച്ച് ഒരു ലക്ഷ്യത്തിനായി മുന്നോട്ട് പോകുകയും ചെയ്യുകയാണ്. സിനിമ പുരോഗമിക്കുന്നത് അങ്ങനെയാണ്. അടുത്ത നിമിഷത്തിലെന്താണെന്ന് അറിയാനുള്ള ഉദ്വേഗം ജനിപ്പിക്കുന്ന സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം വളരെ എക്സ്ക്ലൂസിവ് ആണ്. ക്ലൈമാക്സിൽ മാത്രമാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ യാഥാർഥ്യം പുറത്താകുന്നത്. കേന്ദ്രബിന്ദു മോഹൻ ലാൽ തന്നെയാണ്.

അഭിനേതാക്കളിലേക്കെത്തിയത് എങ്ങനെയായിരുന്നു?

നായക കഥാപാത്രത്തിന് എനിക്ക് മുന്നിലുള്ളത് മോഹൻലാൽ ആയിരുന്നു. സിനിമയുടെ കഥ അങ്ങനെയാണ്. പിന്നെ ഹിൽടോപ്പ് രഘുവിനെ സജീവമാക്കാൻ പ്രതാപ് പോത്തനുമാത്രമേ സാധിക്കുള്ളുവെന്നു തോന്നി. കുരുവിള മാത്യു ഐപ്പ് ആയിട്ട് മലയാളം അത്ര കണ്ടിട്ടില്ലാത്ത ഒരു നടനെ വേണമായിരുന്നു അങ്ങനെയാണ് അതുൽ കുൽക്കർണിയിലേക്കെത്തിയത്. അനൂപ് മേനോന് ജേണലിസ്റ്റ് വേഷം നന്നായി ഇണങ്ങുമെന്ന് തോന്നി. അതു തെറ്റിയില്ല. സിനിമ കണ്ടു കഴിയുമ്പോൾ മനസിലാകും കഥാപാത്രങ്ങളുടെ പൂർണത എത്രത്തോളമാണെന്ന്.

സിനിമയിൽ മറ്റെന്താണ് ഏറ്റവും സംതൃപ്തി തന്നെ ഘടകം? സംവിധായകനെന്ന നിലയിൽ ഉയർത്തിക്കാണിക്കാൻ സിനിമയിൽ മറ്റെന്താണുള്ളത്?

സംഗീതവും സാങ്കേതികതും വളരെ സംതൃപ്തി തരുന്നു. തിരക്കഥയാണ് നട്ടെല്ല്. ഔസേപ്പച്ചന്റേതാണ് സംഗീതം. ഏറെ ഹൃദ്യം. സംതൃപ്തി തരുന്ന ഘടകങ്ങൾ ഏറെയുണ്ട്. പക്ഷേ വിസ്മയിപ്പിച്ചത് ഇവരുടെ അഭിനയം തന്നെ. കനൽ പോലെ തീവ്രമായ നാലു ജീവിതങ്ങളെ നാലു നടന്‍മാരും അസാധ്യമാക്കി.

സിനിമയ്ക്കിടയിൽ നടന്ന മറക്കാനാകാത്തൊരനുഭവം പറയാമോ?

അത്രയേറെ സ്പിരിറ്റുള്ള ഒരു ടീമായിരുന്നു ഞങ്ങളുടേത്. ഖത്തറിലെ ഷൂട്ടിങ് ദിനങ്ങൾ മറക്കാനാകില്ല. അമ്പത്തിയഞ്ച് ഡിഗ്രി താപനിലയുണ്ടായിരുന്ന സമയത്തായിരുന്നു ഷൂട്ടിങ്. ഏഴു മണി കഴിഞ്ഞാൽ ആളുകൾ വീടിനു പുറത്തിറങ്ങാൻ മടിക്കുന്ന നാളുകൾ, പതിനഞ്ച് ദിവസമാണ് അവിടെ ഷൂട്ടിങ് നടന്നത്. എല്ലാവരും ഒരുപാട് സഹിച്ചു. പക്ഷേ അവിടെയാണ് മോഹൻലാലെന്ന നടൻ എത്രത്തോളം സിനിമയോടൊപ്പം നിൽക്കുന്നയാളെന്ന് മനസിലായത്. അത്രയേറെ ബുദ്ധിമുട്ടായിരുന്നു ആ ദിനങ്ങളിൽ. അദ്ദേഹത്തെപ്പോലൊരു നടന് വേണമെങ്കിൽ സമ്മതിക്കാതിരിക്കാമായിരുന്നു., പക്ഷേ അദ്ദേഹം ടീമിലെ ഓരോരുത്തർക്കും ഒരുപാട് പിന്തുണ തന്നു. മോഹൻലാലിനു മാത്രമേ അങ്ങനെ ചെയ്യാനാകൂ.

അടുത്ത പ്രോജക്ടുകളെ കുറിച്ച് ആലോചിച്ചിട്ടുണോ?

അടുത്ത സിനിമ അനൂപ് മേനോനെ നായകനാക്കിയുള്ളതാണ്. സുരേഷ് തന്നെയാണ് തിരക്കഥ. ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ള വലിയൊരു യുവനിര സിനിമയിലുണ്ടാകും,.