വാട്ട്സാപ്പ് നടിമാരെ ആപ്പിലാക്കുന്നു

വാട്ട്സാപ്പും ഫേസ്ബുക്കും സൈബര്‍ലോകത്ത് തലവേദന ഉണ്ടാക്കുന്ന ആപ്പുകളായി മാറുകയാണോ??? സിനിമ-സീരിയല്‍ നടിമാര്‍ക്കാണ് ഇതുമൂലം ഏറ്റവുമധികം ദുരിതം ഉണ്ടാകുന്നത്.

പ്രശസ്തരുടെ പേരിലുള്ള അശ്ളീലവീഡിയോകള്‍ക്കും സൈറ്റുകള്‍ക്കുമാണ് സൈബര്‍ ലോകത്ത് ആവശ്യക്കാരേറെ. സമൂഹമാധ്യമങ്ങളില്‍ ഇങ്ങനെ ഇരകളാക്കപ്പെടുന്ന മലയാളി നടിമാരും കുറവല്ല. സീരിയല്‍ നടി ഗായത്രി അരുണിന്റെ പേരിലാണ് ഇങ്ങനെയൊരു വ്യാജ അശ്ളീല വീഡിയോ ക്ളിപ് ആദ്യം പ്രചരിക്കുന്നത്. തന്റെപേരില്‍ പ്രചരിച്ച വീഡിയോയെകുറിച്ചും അത് ജീവിതത്തില്‍ സൃഷ്ടിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും ഗായത്രി തുറന്നുപറയുന്നു.

സീരിയല്‍ രംഗത്ത് പേരെടുത്തു വരുന്ന സമയത്തായിരുന്നു ഗായത്രിക്ക് സൈബര്‍ ലോകത്തുനിന്ന് ആദ്യ ദുരനുഭവമുണ്ടായത്. സമൂഹമാധ്യമങ്ങള്‍ വഴി ഗായത്രിയുടേതെന്ന പേരില്‍ വാട്സ് ആപ് നമ്പര്‍ പ്രചരിച്ചു. പിന്നാലെ ഗായത്രിയുടേതെന്ന പേരില്‍ അശ്ളീല ചിത്രങ്ങളും പരാമര്‍ശങ്ങളുമെല്ലാം പോസ്റ്റ് ചെയ്ത വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രചരിച്ചു. പിന്നീട് വാട്സ് ആപ് വഴി അശ്ളീല വീഡിയോയും. അഞ്ചുവര്‍ഷത്തോളം പഴക്കമുള്ള വീഡിയോ ആയിരുന്നു ഇങ്ങനെ തന്റെ പേരില്‍ പ്രചരിച്ചതെന്ന് ഗായത്രി പറഞ്ഞു. കുടുംബത്തിന്റെ ശക്തമായ പിന്തുണ ഉണ്ടായിരുന്നിട്ടും വീഡിയോ വൈറലായതോടെ വ്യക്തിജീവിതത്തില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ നിരവധി.

സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും അക്കാര്യം ഫേസ് ബുക്ക് വഴി പരസ്യപ്പെടുത്തുകയും ചെയ്തതോടെയാണ് അശ്ളീല കമന്റുകള്‍ക്ക് ശമനമായത്. ഗായത്രിയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് പ്രൊഫൈല്‍ സൃഷ്ടിച്ചയാളെപറ്റിയുള്ള അന്വേഷണം എത്തി നിന്നത് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലുള്ള കൌമാരക്കാരനിലാണ്. ഈ കുട്ടിയെ അറസ്റ്റു ചെയ്തു. അശ്ളീല വീഡിയോ അപ്ലോഡ്ചെയ്ത ഐ.പി അഡ്രസ് ചെന്നൈയില്‍ ഉള്ളതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായി. എന്നാല്‍ പ്രതി ഇപ്പോഴും കാണാമറയത്തുതന്നെ.

സീരിയല്‍ നടിമാരെ മാത്രമല്ല സിനിമാതാരങ്ങളെയാണ് ഇക്കൂട്ടര്‍ ഏറ്റവുധികം ലക്ഷ്യം വയ്ക്കുന്നത്. മലയാളിതാരങ്ങളായ മിയ,രചന നാരായണന്‍ കുട്ടി, ലക്ഷ്മി മേനോന്‍ എന്നിവരുടെ പേരിലും വ്യാജ വിഡിയോ ക്ളിപ്പുകള്‍ പുറത്തിറങ്ങിയിരുന്നു. 'ആടിനെ പട്ടി ആക്കുന്ന നയം എന്ന് ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ എന്നാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ആ അനുഭവം നേരിട്ടുണ്ടായെന്ന് രചന നാരായണ്‍കുട്ടി പറയുന്നു.

വീട്ടില്‍ ഉള്ള സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ നാട്ടില്‍ ഉള്ളവരെ എങ്ങനെ ബഹുമാനിക്കും! ഞാനെന്ന ഒരു പെണ്‍കുട്ടിയുടെ മാത്രം പ്രശ്നമായി ഇതു കാണാന്‍ കഴിയുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീ സമൂഹത്തിനു വേണ്ടി പ്രതികരിച്ചു പോകുന്നു; ചോദിച്ചു പോകുന്നു : *ഇനിയെങ്കിലും നന്നായിക്കൂടെ!!! രചന ചോദിക്കുന്നു. ഒപ്പം ഒരു ചോദ്യം കൂടി ’ അല്ലയോ ’മഹാമനസ്ക്കാ അങ്ങയോടും അങ്ങയുടെ വീട്ടില്‍ ഉള്ളവരോടും ഞാന്‍ ചെയ്ത അപരാതം എന്താണ്!!!? ലജ്ജ തോന്നുന്നു എനിക്ക് നിങ്ങളുടെ ഈ അധഃപതിച്ച സംസ്ക്കാരത്തോട്! ഇങ്ങനെയായിരുന്നു ഈ അനുഭവം നേരിടേണ്ടി വന്ന രചനയുടെ മറുപടി.

ലക്ഷ്മി റായിയുടേതെന്ന പേരില്‍ പ്രചരിച്ച വ്യാജ വിഡിയോയുടെ സത്യാവസ്ഥ വെളിവാക്കാന്‍ ഒടുവില്‍ നടി തന്നെ നേരിട്ടെത്തി. അപര്‍ണ നായരുടെ ബിക്കിനി ചിത്രമെന്ന പേരില്‍ പടര്‍ന്ന ചിത്രത്തിനെതിരെ ആ നടിയും രംഗത്തെത്തി. യുവനടി അന്‍സിബയ്ക്കും നേരിടേണ്ടി വന്നിരുന്നു ഇതേ അവസ്ഥ. അതുപോലെ മഞ്ജു പിള്ള, കാവ്യ മാധവന്‍, അമല പോള്‍, ഹന്‍സിക അങ്ങനെ സൈബര്‍ ലോകത്തെ ഫോട്ടോഷോപ്പ് ഇരകളായവര്‍ ഏറെ.

നമ്മുടെ സംസ്കാരം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരക്കാര്‍ പെരുകാന്‍ കാരണമാകുന്നത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, വിഡിയോ ദൃശ്യങ്ങള്‍ എന്നിവ നടിമാരുടെ പേരുകളില്‍ പ്രചരിപ്പിക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക. നടിമാരും മനുഷ്യരാണെന്ന് മനസ്സിലാക്കി ദയവു ചെയ്തു അല്‍പം സംസ്കാരത്തോടെയും വിവേകത്തോടെയും പെരുമാറാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുക.