കാശുള്ളവന്‍റെയോ കോടതി: വി.കെ പ്രകാശ്

ഡെമോക്രസിയുടെ നെടുംതൂണുകളില്‍ ഒന്നാണ് ജുഡീഷ്യറി. സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്നും എപ്പോഴും ആശ്രയിക്കാവുന്ന ഒരിടം. എന്നാല്‍ സമീപകാലത്ത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കേസിലും ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ കേസിലും വന്ന വിധി ' കാശുള്ളവന് കോടതി വിധി ഒരു നിര്‍ണായകമാണോ' എന്നു തോന്നിപ്പിക്കും.

ജൂണ്‍ ആദ്യവാരം മലയാളത്തില്‍ റിലീസ് ആകാന്‍ പോകുന്ന ' നിര്‍ണായകം' എന്ന സിനിമയ്ക്ക് ഈ സാഹചര്യത്തിലാണ് പ്രസക്തിയേറുന്നത്. സിനിമയുടെ കാലിക പ്രസക്തിയെക്കുറിച്ച് സംവിധായകന്‍ വി കെ പ്രകാശ് മനോരമ ഓണ്‍ലൈനോട്

''വളരെ സാധാരണക്കാരായ ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നൊരു സിനിമയാണിത്. പ്രസക്തമായ ഒരു സാമൂഹിക വിഷയം ഈ സിനിമ കൈകാര്യം ചെയ്യുന്നു. ഇന്നത്തെ യുവാക്കള്‍ പലതരം പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവരാണ്. ഒരു ഘട്ടത്തില്‍ ടെന്‍ഷനില്‍ അകപ്പെടുന്ന അവര്‍ കഠിനമായ ആശയക്കുഴപ്പത്തിലുമാകുന്നു. സാധാരണക്കാരനായ ഒരാളുടെ ജീവിതത്തില്‍ കോടതിയുടെ വിധി എങ്ങനെ നിര്‍ണായകമാവുന്നു എന്നതാണ് ഈ സിനിമ സംസാരിക്കുന്ന ഒരു വിഷയം.

തിരക്കഥാകൃത്തുകളായ ബോബിയും സഞ്ജയ്യും പറഞ്ഞ ഒരു വാക്യത്തില്‍ നിന്നാണ് ഈ സിനിമ ഇപ്പോള്‍ ഉണ്ടാകുന്നത്. തിരക്കഥകള്‍ എല്ലാം എഴുതിക്കഴിഞ്ഞപ്പോള്‍ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി ഈ സിനിമ ഇപ്പോഴെങ്കിലും ഉണ്ടാകണം എന്നാണ് അവര്‍ പറഞ്ഞത്.

സിനിമയ്ക്ക് മുന്നോടിയായി പൊതുജനത്തിനു ഇന്നത്തെ നീതി ന്യായവ്യവസ്ഥയെക്കുറിച്ചുള്ള അഭിപ്രായം അറിയുവാന്‍ ഞങ്ങള്‍ ഒരു റിസേര്‍ച്ച് നടത്തി. കുറച്ചാളുകളുടെ പ്രതികരണങ്ങള്‍ ശേഖരിച്ചു. അതില്‍ നിന്നും മനസിലായ ഒരു കാര്യം സാധാരണക്കാര്‍ക്ക് ഇന്നത്തെ നിയമത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമില്ല എന്നാണ്. കാശുണ്ടെങ്കില്‍ ഏതു കോടതിയേയും വിലയ്ക്കു വാങ്ങാം എന്ന ഒരു നെഗറ്റീവ് ചിന്താഗതിയാണ് ജനങ്ങള്‍ക്ക്.

എന്നാല്‍ കോടതിയേക്കുറിച്ച് പോസിറ്റീവ് ആയ ഒരു ചിന്തയാണ് വ്യക്തിപരമായി എനിക്കുള്ളത്. ഏതു സാധാരണക്കാരനും എന്നും നീതിക്കും ന്യായത്തിനുമുള്ള അവസാന ആശ്രയം കോടതി തന്നെയാണ്. ചില നെഗറ്റീവ് വശങ്ങള്‍ ഉണ്ടെങ്കിലും കോടതികള്‍ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.''