മോഹൻലാൽ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി ജഗദീഷ്

മോഹൻലാൽ പത്താപുരത്ത് വരുമെന്ന് അവസാന നിമിഷം വരെ തനിക്ക് സൂചനയൊന്നും ലഭിച്ചില്ലെന്ന് നടൻ ജഗദീഷ്. രാവിലെ മുതൽ നാട്ടുകാർ മോഹൻലാൽ വരുമെന്ന് പറയുന്നുണ്ടായിരുന്നു. എന്നാൽ താൻ അതെല്ലാം പാടേ നിഷേധിക്കുകയാണുണ്ടായത്. ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷമാണ് മോഹൻലാൽ വരുമെന്നത് ശരിയാണെന്ന് ഞാനറിയുന്നത്. മോഹൻലാൽ അവിടെ വന്നതിനോടൊപ്പം നടന്മാരായ എന്നെയും രഘുവിനേയും കൂടി കാണാൻ തയ്യാറായിരുന്നെങ്കിൽ ഞങ്ങൾക്ക് വിഷമമുണ്ടാകില്ലായിരുന്നു. ഇപ്പോൾ അദ്ദേഹം സ്വയം വിവാദങ്ങൾക്ക് തലകൊടുക്കുകയാണുണ്ടായത്. ഇൗ വിവാദങ്ങളൊക്കെ ഗണേഷിനെ തന്നെയാണ് ബാധിക്കുക.

മോഹൻലാൽ ഗണേഷിന്റെ പ്രചാരണത്തിനു വന്നുവെന്നു കരുതി ഞാൻ ഒരു താരങ്ങളേയും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല. പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ എനിക്കു വേണ്ടി പ്രചാരണത്തിനെത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി സാറും, സുധീരനും, രമേശ് ചെന്നിത്തലയും ഒക്കെ പ്രചാരണത്തിനു വേണ്ടി വന്നുകഴിഞ്ഞു. സലീംകുമാർ കോൺഗ്രസുകാരനായിട്ടു കൂടി അദ്ദേഹവും പ്രചാരണത്തിനു വന്നില്ല, നടൻ സിദ്ധിഖും വന്നില്ല, താരങ്ങളാരും പത്തനാപുരത്ത് വോട്ട് പിടിക്കാൻ പോകണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഇവരൊന്നും വരാതിരുന്നത്. കമ്യൂണിസ്റ്റുകാരനല്ലാത്ത ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്‌വ് കാണിക്കാത്ത മോഹൻലാൽ പോയതാണ് വിഷമിപ്പിച്ചത്.

പിണറായി വിജയനോ, കാനംരാജേന്ദ്രനോ ഒന്നും ഗണേഷിനു വേണ്ടി വോട്ടു പിടിക്കാൻ പോയിട്ടില്ല. മാത്രമല്ല അച്യുതാനന്ദൻ തന്നെ പറഞ്ഞിട്ടുണ്ട്, പത്തനാപുരത്തുകാർക്ക് ഭൂതവും ഭാവിയുമൊക്കെ നല്ല ഒാർമയുണ്ടെന്ന്, ഇതെല്ലാം ഗണേഷിനെതിരായിട്ടേ വരൂ. മോഹൻലാലിനോടുള്ള വ്യക്തി ബന്ധം ഞാൻ തുടരും. കഴിഞ്ഞ ദിവസവും ആന്റണി പെരുമ്പാവൂർ വഴി വിജയാശംസകളൊക്കെ അറിയിച്ചിരുന്നു.

എനിക്ക് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. സലിം കുമാറിന്റെ രാജി അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. രാജിവച്ചതിനു ശേഷമാണ് എന്നോട് പറയുന്നത്. അദ്ദേഹത്തിന് എന്തിലും ഉറച്ച നിലപാടുകളാണ് ഉള്ളത്. മോഹൻലാലിന്റെ സന്ദർശനത്തെക്കുറിച്ച് ഇന്നസെന്റിനോട് ഞാൻ സംസാരിച്ചിട്ടില്ല. അദ്ദേഹം വ്യക്തിപരമായ സന്ദർശനം എന്നൊക്കെ പറഞ്ഞാലും, ചില ബന്ധങ്ങളൊക്കെ ഉണ്ടല്ലോ? ആ ബന്ധങ്ങളൊക്കെ വിട്ടിട്ട്് അദ്ദേഹം എന്തുകൊണ്ട് ഗണേഷിന്റെ അടുത്തേക്കു പോയി? ഭീഷണിക്കു വഴങ്ങുന്ന ആളല്ല മോഹൻലാൽ, പിന്നെ എന്താണു സംഭവിച്ചതെന്നാണ് അന്വേഷിക്കേണ്ടത്. ആര്, എന്തു പറഞ്ഞാലും എനിക്ക് കുഴപ്പമില്ല, എന്നെ വിഷമിപ്പിച്ചു എന്നു മാത്രമേ ഞാൻ പറഞ്ഞുള്ളൂ.