പ്രേമമോ ! അതുക്കും മുന്നെ.. ദേ ഷാജി പാപ്പൻ

ജയസൂര്യ

ഷാജിയണ്ണാ...ആരോ പിടിച്ച് അന്തരീക്ഷത്തിൽ വച്ച ഒരു കഴുത്തിൽ നിന്ന് ഉയർന്ന വിളിയായിരുന്നു അത്. ഉള്ളം കീറിയുള്ള ആ വിളി മലയും കടന്ന് ചെന്ന് നിന്നത് മുറുക്കാൻ തിന്നാൻ തയ്യാറെടുക്കുകയായിരുന്ന മാന്യ ദേഹത്തിന്റെ കാതിലും. ചുവന്ന മുണ്ടും കറുത്ത ഷർട്ടുമിട്ട് ഉള്ള മസിലെല്ലാം എടുത്ത് മോന്തക്ക് ഫിറ്റ് ചെയ്ത് ഓടിവന്ന അദ്ദേഹം വിളിച്ചവന്റെ കഴുത്തിലിരുന്ന കൈയുടെ ഉടമയ്ക്കിട്ട് ആഞ്ഞൊരു ചവിട്ട്. ഒരൊന്നൊന്നര ചവിട്ടായിരുന്നു അത്. കഴിഞ്ഞവർഷം പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷാജി പാപ്പൻ കുട്ടികള്‍ക്കിടയിലും യുവാക്കൾക്കിടയിലും ഉണ്ടാക്കിയ തരംഗം വലുതാണ്.

കാരണം അവരത്രയേറെ ഷാജി പാപ്പനെ ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ച് കുഞ്ഞിപ്പിള്ളേർക്ക്. അവരുടെ ഹീറോയാണ് ഈ കക്ഷി. ആടിന്റെ ആ സ്ലോ മോഷൻ ഓട്ടവും കഴുത്തിൽ കിടന്ന് ആലസ്യത്തിലാടുന്ന കൊന്തയും ഇടയ്ക്ക് വളരാൻ മറന്നു പോയ താടിയും കണ്ണിന്റ അന്തംവിട്ടുള്ള നോട്ടവുമെല്ലാം ഇന്ന് മലയാളത്തിന്റെ ചിരിപ്പൂരങ്ങളിലെ താരങ്ങളാണ്. ആട് ആരാണെന്ന് ഇനിയും മനസിലായില്ലെങ്കിൽ യു ട്യൂബിൽ ഷാജി പാപ്പൻ എന്ന് സെർച്ച് ചെയ്ത് നോക്കിയാൽ മതി. ഒന്നല്ല പലവിധത്തിലും ഭാവത്തിലുമുള്ള ഷാജീ പാപ്പൻമാരെ കാണാം...ജയസൂര്യ അഭിനയിച്ച ആട് ഒരു ഭീകര ജീവിയാണെന്ന ചിത്രത്തിലെ ഷാജി പാപ്പൻ മലയാളികളുടെ കാലതീതമായ തമാശ ചിന്തകളിലെ കഥാപാത്രമായി മാറുകയാണ്.

ഷാജി പാപ്പൻ സ്റ്റൈലിന് പിന്നിലും ഞാൻ തന്നെ

പ്രേമത്തിലെ വെള്ള മുണ്ടും കറുത്ത ഷർട്ടും ചുള്ളൻ ചെക്കൻമാരുടെ ദേശീയ വസ്ത്രമാകും മുൻപേ ഷാജി പാപ്പന്‍റെ ചുവപ്പൻ മുണ്ടും കറുത്ത ഷർട്ടും ആ അംഗീകാരം നേടിയെടുത്തിരുന്നു. ഈ കുപ്പായം ആരായിരുന്നു തെരഞ്ഞെടുത്ത് തന്നതെന്ന് ചോദിച്ചപ്പോള്‍...ജയസൂര്യ പറഞ്ഞു. ഞാൻ തന്നെ. വിശ്വസിക്കാൻ മടിയാണെന്ന് തോന്നിയിട്ടാണോയെന്നറിയില്ല. ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു. ഞാൻ തന്നെ സെലക്ട് ചെയ്തതാ. വെറുതെ ഒരു രസത്തിന് ചെയ്തതാ. ഭാര്യയെ പോലെ വസ്ത്രാലങ്കാര രംഗത്ത് ഒരു കൈ നോക്കിയതാണെന്നൊന്നും തെറ്റിദ്ധരിക്കല്ലേ. അവൾ വേറെ ലെവലല്ലേ.

കഥാപാത്രമാകാൻ കുറേ കഷ്ടപ്പെട്ടു. അറുപത്തിയെട്ടിൽ നിന്ന് ശരീര ഭാരം 80ക്ക് എത്തിച്ചത് പെടാപാട്പ്പെട്ടാ. മാത്രമല്ല, നാൽപതു കടന്ന വില്ലനായി അഭിനയിക്കാൻ സത്യത്തിലെനിക്ക് ടെൻഷനുണ്ടായിരുന്നു. സൈജു കുറുപ്പും ചെമ്പൻ വിനോദുമൊക്കെ തലതൊട്ടപ്പനായി കാണുന്ന ഒരു വില്ലനായി അഭിനയിക്കുമ്പോൾ പ്രേക്ഷകര്‍ അതെങ്ങനെ സ്വീകരിക്കുമെന്നതിനെ കുറിച്ചൊരു പേടിയുണ്ടായിരുന്നു. പക്ഷേ എല്ലാത്തിനുമപ്പുറത്തേക്ക് ആ കഥാപാത്രം പോയി. അതിനേക്കാളുപരി പൈസ മുടക്കിയ നിർമാതാക്കൾക്ക് നല്ല ലാഭം കിട്ടിയതിൽ അതിയായ സന്തോഷവും. ചുരുക്കി പറഞ്ഞാൽ ആട് തന്നതിൽ ഭൂരിപക്ഷവും നല്ല അനുഭവങ്ങൾ. മറ്റൊന്നു കൂടിയുണ്ട്, ആടിന്റെ രണ്ടാം ഭാഗം വരുന്നു. നിർമാതാക്കളായ സാന്ദ്രാ തോമസും വിജയ് ബാബുവും ഇക്കാര്യം സംസാരിച്ചിരുന്നു. അതിന്റെ ആലോചനകൾ നടന്നുവരികയാണ്. ജയസൂര്യ പറഞ്ഞു.

ദേ ഷാജീ പാപ്പനെന്ന് വിളിക്കുന്നവരുമുണ്ട്....

ജീവിതത്തിൽ ഏറ്റവുമധികം സന്തോഷം തന്ന കുറേ നിമിഷങ്ങൾ സമ്മാനിച്ച കഥാപാത്രമാണത്. ഷാജീ പാപ്പനെ ആരാധിക്കുന്ന കുട്ടിക്കൂട്ടത്തെ ഞാനെവിടെ പോയാലും കാണും. എന്തിന് എന്റെ വീട്ടിൽ തന്നെയുണ്ട് രണ്ടു പേർ. വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് രസിക്കുന്ന എന്റെ മകന്റെയടുത്ത് വരെയുണ്ട് വേറൊരു ഷാജീ പാപ്പൻ. പുറം രാജ്യത്തൊക്കെ പോകുമ്പോൾ എയർപോർട്ടിൽ വച്ച് കാണുമ്പോൾ കുട്ടികൾ അവരുടെ അമ്മയുടെ ഒക്കത്തിരുന്ന് പറഞ്ഞിട്ടുണ്ട്. ദേ ഷാജീ പാപ്പനെന്ന്....അതൊക്കെയല്ലേ ഒരു നടനെ സംബന്ധിച്ച് പ്രേക്ഷകരുടെ പക്ഷത്ത് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ജയസൂര്യ ചോദിക്കുന്നു. തീർച്ചയായും. രണ്ടു വയസുകാരൻ വരെ ഷാജീ പാപ്പനെ അനുകരിക്കുന്നുവെന്ന് അറിയുന്നത് വലിയ സന്തോഷല്ലേ.

ആടെന്ന പാവം ജീവിയോട് ഇപ്പോൾ ഇഷ്ടമൽപം കൂടിയോയെന്ന് ചോദിച്ചപ്പോൾ അതെനിക്ക് പണ്ടേ അങ്ങനെ തന്നെ. പക്ഷേ പിങ്കിയെ ഏറെയിഷ്ടം. പിങ്കിയും ഷാജീ പാപ്പനുമൊക്കെ എന്ത് ചെയ്യുകയാകും എന്നിങ്ങനെ ചിന്തിക്കാറുണ്ട്. വെറുതെ. ഷാജിയെ കുറിച്ച് മാത്രമല്ല, ഞാൻ ചെയ്ത ഓരോ കഥാപാത്രങ്ങളും എന്നോടൊപ്പം ജീവിക്കുന്നവരാണ്. ഷൂട്ടിങ് നടന്ന സ്ഥലത്തൊക്കെ പിന്നെ പോകുമ്പോൾ യാത്രകൾ ചെയ്യുമ്പോൾ...അപ്പോഴെല്ലാം അവരൊപ്പം കൂടാറുണ്ട്.

എല്ലാം തികഞ്ഞ നായകനടനെ പോലെ നായികയുടെ തലമുടിയെ പോലെ അവളുടെ നോട്ടം പോലെ മലയാളി ആരാധനമൂത്ത് നടക്കുന്ന മറ്റൊന്നു കൂടിയുണ്ട്. കാണാൻ ചേലുള്ള നന്മയുള്ള വില്ലൻ കഥാപാത്രങ്ങൾ. അവരെ അടുക്കളയിലിരുത്താനും ഒപ്പമിരുന്നുണ്ണാനും ഉമ്മറത്തെ ചാരുകസേരിയിലിരുത്തയുറക്കാനും തോളിൽ തട്ടി സംസാരിക്കാനും മലയാളിക്കൊരു മടിയുമില്ല. ആട് ഓടിക്കയറിയതും ആ അടുപ്പത്തിന്റെ സ്നേഹവലയത്തിനുള്ളിലേക്കാണ്. ജയസൂര്യ പറയുന്നു.