കസബ സ്ത്രീവിരുദ്ധമോ ? നിഥിൻ പറയുന്നു

നിഥിൻ, മമ്മൂട്ടി

തിയറ്ററുകളിൽ കസറുന്ന കസബ ഇപ്പോൾ വിവാദച്ചുഴിയിലാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീകളെ അപമാനിച്ചെന്നും സിനിമയ്ക്കെതിരെ നിയമനടപടിയെടുക്കുമെന്നും വനിതാ കമ്മിഷൻ പറയുന്നു. കസബയിൽ കത്തുന്ന വിവാദങ്ങളെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകനായ നിഥിൻ രൺജി പണിക്കർ മനോരമ ഒാൺലൈനോട് സംസാരിക്കുന്നു.

കസബ സ്ത്രീവിരുദ്ധ സിനിമയാണോ ?

ഒരിക്കലുമല്ല. കസബ ഇൗ സമൂഹത്തിന്റെ പ്രതിഫലനമാണ്. സമൂഹത്തിലുള്ള സ്ത്രീവിരുദ്ധത മാത്രമേ കസബയിലുമുള്ളൂ. നമ്മുടെ സമൂഹത്തിൽ സ്ത്രീവിരുദ്ധത തീരെയില്ലേ ? ഇവിടെ സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണനയും ബഹുമാനവും ലഭിക്കുന്നുണ്ടോ ? സിനിമയെ സ്ത്രീവിരുദ്ധമെന്ന് മുദ്ര കുത്തുംമുമ്പ് ഇതൊക്കെ ഒന്നാലോചിക്കണം.

സ്ത്രീകളുടെ അഭിമാനത്തിനു ക്ഷതമേൽപിച്ചതിന് കസബയ്ക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷൻ പറയുന്നതിനോട് ?

സിനിമ ഒരു കലയാണ്. സിനിമയിലെ രംഗത്തിനെതിരെ നിയമനടപടിക്കു പോകുന്ന കമ്മീഷൻ ആദ്യം നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കണം. ജിഷ എന്നൊരു പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ടിട്ടു പോലും മൗനം പാലിച്ചവരാണ് സിനിമയ്ക്കെതിരെ പ്രതികരണവുമായി ഇപ്പോൾ വന്നിരിക്കുന്നത്. എന്തു നടപടിയും നേരിടാൻ തയാറാണ്. പക്ഷേ അതിനു മുമ്പെ യഥാർഥ ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങൾ അവർ പരിഹരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം.

മമ്മൂട്ടി എന്ന നടനു ചേർന്നതല്ല ചില ഡയലോഗുകൾ എന്ന് ആക്ഷേപമുണ്ട്.

അതിന് ഉത്തരം പറയേണ്ടതു ഞാനല്ല, മമ്മൂക്കയാണ്. പിന്നെ, മമ്മൂക്കയോ ഞാനോ യഥാർഥ ജീവിതത്തിൽ അങ്ങനെ സംസാരിക്കുന്നവരോ പെരുമാറുന്നവരോ അല്ല. സിനിമയിലെ കഥാപാത്രം അങ്ങനെയാണ്. അങ്ങനെ പെരുമാറുന്നവർ ഇൗ സമൂഹത്തിലുണ്ട്. നായകന്മാരെയെല്ലാം സൽഗുണസമ്പന്നന്മാരായി മാത്രം അവതരിപ്പിച്ചാൽ പോരല്ലോ.

വിവാദം സ്ത്രീപ്രേക്ഷകരെ സിനിമയിൽ നിന്ന് അകറ്റുമോ ?

ഇനി കസബ കാണാൻ പോകുന്ന സ്ത്രീകൾ രണ്ടാമതൊന്നു ചിന്തിച്ചേക്കാം, വേണമോ വേണ്ടയോ എന്ന്. പക്ഷേ ഇൗ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം ഒരു സ്ത്രീയെയും മാനഭംഗം ചെയ്യുന്നില്ല, പീഡിപ്പിക്കുന്നില്ല ഒന്നു തല്ലുന്നുപോലുമില്ല. പിന്നെ അയാളുടെ സംസാരം അങ്ങനെയാണ്. അത് ഒരു സ്ത്രീയെയും വേദനിപ്പിക്കുന്നതോ അപമാനിക്കുന്നതോ അല്ല, അങ്ങനെയാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പോലും.