കാവ്യ അറിയാതെ കാവ്യയുടെ കല്യാണം

മലയാളത്തെ ഗോസിപ്പുകോളങ്ങളിൽ ഏറ്റവുമധികം നിറഞ്ഞു നിൽക്കുന്ന താരങ്ങളിലൊരാളാണ് കാവ്യ മാധവൻ. കാവ്യയെക്കുറിച്ച് ഒരുപക്ഷേ കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മൾ കേൾക്കുന്ന വാർത്ത വിവാഹത്തെ കുറിച്ചു തന്നെ. ഇതിനോടകം പലവട്ടമായി താരത്തെ സോഷ്യൽ മീഡിയ വിവാഹം കഴിപ്പിച്ചു കഴിഞ്ഞു. ഇപ്പോഴും അത് തുടരുന്നു.

കാവ്യ ഉടൻ വിവാഹിതയാകുമെന്നും ഇനി അറേഞ്ച്ഡ് മാര്യേജിനെ കുറിച്ച് ചിന്തിക്കാനാകില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞുവെന്നാണ് ഏറ്റവുമൊടുവിലായി വന്നിരിക്കുന്ന വാർത്ത. സംഗതി എല്ലാ പ്രാവശ്യത്തേയും പോലെ ഇത്തവണയും സോഷ്യൽമീഡിയയിൽ വലിയ വാർത്തയായി മാറി. ഞെട്ടിപ്പിക്കുന്ന വാർത്ത മറ്റൊന്നാണ്. ഇങ്ങനെയൊരു അഭിമുഖം തന്റെ മകൾ കൊടുത്തിട്ടില്ലന്ന് കാവ്യയുടെ അച്ഛൻ മാധവന് ഉറപ്പുണ്ട്.

‘കാവ്യയുടെ വിവാഹത്തെ കുറിച്ച് ഇതുവരെ ഒരു തീരുമാനവും ഞങ്ങൾ എടുത്തിട്ടില്ല. അങ്ങനെയൊരു കാര്യം സംഭവിച്ചാൽ തീര്‍ച്ചയായും അത് ഞങ്ങൾ തന്നെ നേരിട്ട് എല്ലാവരോടും പറയും. എല്ലാവരേയും മറച്ചുവച്ച് നടത്താൻ കഴിയുന്ന കാര്യമാണോ കല്യാണമൊക്കെ. കാവ്യയുടെ വിവാഹ കാര്യത്തെ കുറിച്ച് വരുന്ന വാർത്തകളിൽ ഒരു സത്യവുമില്ല. കല്യാണത്തെ കുറിച്ച് കാവ്യ പറഞ്ഞുവെന്ന പറയുന്ന ഒരു അഭിമുഖം നടന്നിട്ടുമില്ല. എല്ലാ മാസവും കാവ്യയുടെ കല്യാണത്തെ കുറിച്ച് വാർത്തകൾ വരും. അതുകേട്ട് കുറേ പേർ വിളിക്കും. എന്നിട്ട് അവരിൽ ചിലർ തന്നെ പറയും എല്ലാമാസവും കേൾക്കുന്നതുകൊണ്ട് ഞങ്ങൾ മൈൻഡ് ചെയ്യാറില്ലായെന്ന്. ഞങ്ങളും അങ്ങനെ തന്നെ.

ഞങ്ങളുടെ മകളെ വിവാഹം കഴിപ്പിച്ചുവിടാൻ ഞങ്ങളേക്കാൾ തിരക്കുള്ളവരായിരിക്കും വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഒരു കൊല്ലത്തോളമായി കാവ്യയുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നു. ആദ്യം ജനുവരി പതിനാറിന് ഗുരുവായൂർ വച്ച് വിവാഹം കഴിക്കാൻ പോകുന്നുവെന്നായിരുന്നു വാർത്ത.

പിന്നീട് തീയതി മാറ്റി ഓരോ മാസവും വിവാഹത്തെ കുറിച്ച് ഓരോ പ്രചരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇത്തവണ വന്ന വാർത്ത പഴയതാണ്. എന്താണ് ഇതിനെ കുറിച്ച് പറയേണ്ടതെന്നറിയില്ല. ആരാണ് ഇങ്ങനെ പടച്ചു വിടുന്നതെന്നുമറിയില്ല. ഇവരുടെ ഉദ്ദേശ്യം എന്താണെന്നും അറിയില്ല. ആദ്യം ഇതൊക്ക കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. ഇപ്പോൾ ശ്രദ്ധിക്കാറില്ല. ആരെന്നറിയാതെ നിയമനടപടിക്കും പോകുന്നില്ല. ഇതിന്റെയൊക്കെ പിന്നാലെ നടക്കാൻ ഞങ്ങൾക്ക് സമയമില്ല. കാവ്യയുടെ പിതാവ് പറഞ്ഞു.