പ്രതിഫലം കുറഞ്ഞു, നീനയോട് നോ പറഞ്ഞു

തന്റെ പുതിയ ചിത്രമായ നീനയിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ലാല്‍ജോസ് ആദ്യം സമീപിച്ചത് ഒരു പ്രമുഖ യുവ നടിയെ. ബിസിനസ് ക്ളാസ് ടിക്കറ്റ് നല്‍കിയാണ് ആ നായികയെ വിളിച്ചു വരുത്തി നീനയുടെ കഥ പറഞ്ഞത്. എന്നാല്‍ അവര്‍ക്ക് പ്രതിഫലം കൂടുതല്‍ വേണമായിരുന്നു. 'എന്തായാലും ഈ സിനിമ കൂടുതല്‍ കാശ് തിയറ്ററില്‍ വാരും പിന്നെ ഞാനെന്തിനു കുറയ്ക്കണം' എന്നാണ് അവര്‍ ചോദിച്ചത്. ലാല്‍ജോസിനോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

അവര്‍ക്ക് കഥ ഇഷ്ടമായി. കൂടുതല്‍ പണം കൊടുക്കാന്‍ സമ്മതിക്കാത്തതുകൊണ്ട് കഥാപാത്രത്തിനുവേണ്ടി മുടി മുറിക്കാന്‍ പറ്റില്ല എന്ന കാരണം പറഞ്ഞ് അവര്‍ പിന്‍മാറി. വീണ്ടും കുറേ ആളുകളെ പരീക്ഷിച്ചു നോക്കിയെങ്കിലും അവരുടെ മാനറിസങ്ങള്‍ നീനയ്ക്കിണങ്ങിയതായിരുന്നില്ല. ഒടുവില്‍ ദീപ്തിയാണ് മിടുക്കിയായി നീനയുടെ മാനറിസങ്ങള്‍ ഏറ്റവും നന്നായി അവതരിപ്പിച്ചത്. സിനിമയില്‍ എടുത്താല്‍ മുടി മുറിക്കാമെന്നു ദീപ്തി ആദ്യമേ സമ്മതിച്ചിരുന്നു.

ലാല്‍ ജോസിന്റെ സിനിമയില്‍ പുതുമുഖ നായികമാരെ അവതരിപ്പിക്കേണ്ടി വന്നത് ഗതികേടുകൊണ്ടാണെന്ന് അദ്ദേഹം തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. ഓരോ നായികമാരെയും കണ്ടെത്തുന്നതിന് പിന്നിലും ലാല്‍ജോസിന് ഓരോ കഥ പറയുവാനും കാണും.

'ചന്ദ്രനുദിക്കുന്ന ദിക്കില്‍' ശാലിനിയെയാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അവര്‍ നിറത്തിനുവേണ്ടി ഡേറ്റ് കൊടുത്തതുകൊണ്ട് ആ സ്ഥാനത്തേക്കാണ് കാവ്യാമാധവന്‍ എത്തിയത്. 'എല്‍സമ്മയെന്ന ആണ്‍കുട്ടി'യില്‍ അന്നത്തെ ഒരു പ്രമുഖ നായിക പ്രതിഫലം കടുതല്‍ ചോദിച്ചതാണ് ആന്‍ അഗസ്റ്റിനെ കണ്ടെത്താനുള്ള കാരണം. പട്ടാളത്തില്‍ ആദ്യം നായികയാവാന്‍ റീനു മാത്യൂസിനെ ക്ഷണിച്ചെങ്കിലും ജോലിത്തിരക്കിനാല്‍ അവര്‍ ആ അവസരം വേണ്ടെന്നു വച്ചു. പക്ഷെ പിന്നീട് ലാല്‍ജോസിന്റെ തന്നെ ഇമ്മാനുവലിലൂടെ അവര്‍ മലയാള സിനിമയില്‍ എത്തി.