ക്ലാസ്മേറ്റ്സിനു തൊട്ടുമുമ്പ് ഒരു സങ്കടപ്പെടുത്തുന്ന വേർപാട്; ലാൽ ജോസ് വെളിപ്പെടുത്തുന്നു

ക്ലാസ്മേറ്റ്സിന്റെ ഒാർമകൾക്ക് 10 വയസ് തികയുകയാണ്. കാറ്റാടിത്തണലിൽ നിന്ന് നേരിട്ട് ക്യാംപസ് ഹൃദയത്തിലേക്കായിരുന്നു ലാൽജോസ് എന്ന സംവിധായകൻ അന്ന് അമ്പെയ്തത്. ഇന്നും നഷ്ട പ്രണയത്തിന്റെ നൊമ്പരമായി റസിയയുടെയും മുരളിയുടേയും ജീവിതത്തെ കൊണ്ടു നടക്കുകയാണ് കലാലയങ്ങൾ. ഒപ്പം സുകുവിന്റേയും താരയുടേയും കുസൃതികളേയും. ചിത്രത്തിന്റെ ഒാർമകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ലാൽജോസ്.

എന്തുകൊണ്ടാണ് 10 വർഷങ്ങൾക്കു ശേഷവും ക്ലാസ് മേറ്റ്സ് മലയാളിയുടെ മനസിൽ നിറഞ്ഞു നിൽക്കുന്നത്.?

ഇൗ തലമുറയുള്ളിടത്തോളം കാലം ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന്റെ ഒാർമകളും നിലനിൽക്കും. കോളജ് വിദ്യാർഥികൾക്ക് ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തെ അവരുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ സാധിക്കും. അടുത്ത തലമുറയിൽ എങ്ങനെയായിരിക്കുമെന്നറിയില്ല. അവരുടെ ക്യാംപസ് ജീവതവുമായി ഏറ്റവും അടുത്തു നിൽക്കുന്ന ചിത്രമായിരുന്നു. ഇത് എടുക്കുന്ന സമയത്ത് ക്ലാസമേറ്റ്സ് ഇത്ര വിജയക്കുമെന്നൊന്നും അറിയില്ലായിരുന്നു. യവനികയും ഉൾക്കടലുമാണ് എന്റെ മനസിലുണ്ടായിരുന്ന ക്യാംപസ് ചിത്രങ്ങൾ. യവനികയിലെ ക്രൈമും ഉൾക്കടലിലെ ക്യാംപസുമായിരുന്നു കലാലയ സിനിമ എന്നുപറഞ്ഞ് എന്റെ മനസിൽ ഉണ്ടായിരുന്നത്.

താരാക്കുറുപ്പിനും സുകുവിനും മുരളിക്കുമൊക്കെ വേണ്ടി മറ്റൊരു മുഖം മനസിൽ വന്നില്ലേ?

അന്ന് കാവ്യ ഒഴികെ മറ്റുള്ളവരൊന്നും അത്ര തിളങ്ങി നിൽക്കുന്നവരായിരുന്നില്ല. പ്രായം മാത്രമായിരുന്നു എല്ലാവരെയും തിരഞ്ഞെടുക്കാൻ കാരണം. പിന്നെ അഭിനയശേഷിയും. ക്ലാസ്മേറ്റ്സ് എല്ലാവർക്കും നല്ല ബ്രേക്കായിരുന്നു.

എന്റെ ഖൽബിലെ എന്ന പാട്ട് ഇത്ര ഹിറ്റാകുമെന്ന് കരുതിയോ?

ചില്ലു‍ ജാലകവാതിലിൽ എന്നഗാനമായിരുന്നു ആദ്യം എന്റെ ഖൽബിലെ എന്ന ഗാനത്തിനു പകരം ആദ്യം ഒരുക്കിയിരുന്നത്. മഞ്ജരിയാണ് അത് പാടിയിരുന്നത്. അതുപക്ഷെ കുറച്ച് ശാന്തമായ ഗാനമായിരുന്നു. അങ്ങനെയാണ് ഒറ്റടിക്ക് ആളുകളുടെ ഹൃദയത്തിലേക്ക് കയറുന്ന ഒരുഗാനം വേണമെന്ന് എനിക്കു തോന്നിയത്. ഒരു പെൺകുട്ടിയെഴുതിയ പാട്ടായാണ് എന്റെ ഖൽബിലെ എന്ന ഗാനം സിനിമയിൽ അവതരിപ്പിക്കുന്നത്. ആണാണ് പാടുന്നതെങ്കിലും പെണ്ണിന്റെ വരികളായി വരണമെന്നുണ്ടായിരുന്നു.

വിനീതിന്റെ ശബ്ദം മറ്റുള്ളവരിൽ നിന്നു വേറിട്ടു നിൽക്കുന്നതാണ്. അന്നുള്ള പ്രൊഫഷണൽ പാട്ടുകാരുടെ ശബ്ദമായിരുന്നില്ല വിനീതിന്. ആളുകൾക്ക് കൂടെ പാടാൻ‌ തോന്നുന്ന ശബ്ദവും മ്യൂസിക്കുമായിരുന്നു വേണ്ടത്. മാപ്പിളപ്പാട്ടുകൾക്ക് ഒരുതാളമുണ്ട്. ആ താളമാണ് എല്ലാവരുടേയും മനസിൽ സ്ഥാനം പിടിച്ചത്.

അന്നു തുടങ്ങിയ ബന്ധമാണോ വിനീതുമായി?

അല്ല, അത് അവന്റെ അച്ഛൻ ശ്രീനിയേട്ടനുമായുള്ള അടുപ്പമാണ്. ഞാൻ ഗുരുതുല്യനായ കാണുന്ന മനുഷ്യനാണ് ശ്രീനിവാസൻ. മൂത്ത ‍ജ്യേഷ്ഠനെപ്പോലെയാണ്. വിനീതെന്ന വ്യക്തിയേക്കാൾ ഞാൻ പ്രായത്തിൽ മൂത്തതാണെങ്കിലും എനിക്കും കണ്ടു പഠിക്കാൻ പറ്റിയ ഒട്ടേറെ ഗുണങ്ങൾ ഉണ്ട് വിനീതിന്. അദ്ദേഹത്തിന്റെ എളിമയും പെരുമാറ്റ ഗുണവും പക്വതയും പ്രാക്ടിക്കലായിട്ടുള്ള സമീപനവുംമെല്ലാം എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. വിനീതിനെ പോലെ സിനിമയിൽ സീരിയസാവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

വിനീത് അഭിനയിച്ചതും സംവിധാനം ചെയ്തതുമായ ഒട്ടുമിക്ക ചിത്രങ്ങളും എൽ ജെ ഫിലിംസ് ആണ് വിതരണം ചെയ്തിട്ടുള്ളത്. ഇപ്പോൾ വിനീത് ആദ്യമായി നിർമിക്കുന്ന പുതിയ ചിത്രമായ ആനന്ദം വിതരണം ചെയ്യാനുള്ള ഭാഗ്യവും എൽ.ജെ ഫിലിംസിന് ലഭിച്ചു.

അദ്ദേഹത്തിന് വേണമെങ്കിൽ മറ്റുവിതരണക്കാരെ ചിത്രത്തിനായി സമീപിക്കാം. എന്നാൽ വിനീത് എൽ.ജെ ഫിലിംസിനൊപ്പമാണ് ഇന്നും നിൽക്കുന്നത്. അത് എൽ.ജെ ഫിലിംസിന് തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ്.

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രമെടുത്തപ്പോഴുണ്ടായ അനുഭവമാണോ വിതരണത്തിലേക്ക് തിരിയാൻ കാരണം?

സ്വന്തമായൊരു നിർമാണക്കമ്പനിയും വിതരണവുമെല്ലാം പണ്ടേ ഉള്ള സ്വപ്നമായിരുന്നു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിനുവേണ്ടി വിതരണക്കാരെ കണ്ടെത്താനും തീയറ്ററുകൾ ലഭിക്കാനുമെല്ലാം ഒരുപാട് കഷ്ടപ്പെട്ടു. അങ്ങനെയുള്ള ചിത്രങ്ങളെ സഹായിക്കാനാണ് എന്റെ വിതരണക്കമ്പനി.

ക്ലാസ്മേറ്റ്സ് കണ്ട ശേഷം സഹപാഠികൾ ആരെങ്കിലും വിളിച്ചോ?

ഒരുപാട് പേർ വിളിച്ചു. എന്റെ കൂടെ പഠിച്ചിരുന്ന എനിക്കോർമയില്ലാത്തവർ കൂടി ഇൗ സിനിമ കണ്ടിട്ട് എന്നെ വിളിച്ചു എന്നുള്ളതാണ് സത്യം. സിനിമാ സംവിധായകനായി മാറിയെങ്കിലും പണ്ടുള്ള കാര്യങ്ങളൊന്നും ഞാൻ മറന്നിട്ടില്ല എന്ന് അവർക്ക് മനസിലായത് ഇൗ ചിത്രം കണ്ടപ്പോഴാണെന്നാണ് അവർ പറഞ്ഞത്.

ക്ലാസ്മേറ്റ്സിന്റെ ചിത്രീകരണസമയത്ത് എന്തെങ്കിലും കയ്പേറിയ അനുഭവം ഉണ്ടായിട്ടുണ്ടോ?

എല്ലാവരുടേയും വിചാരം ക്ലാസ് മേറ്റ്സ് ഞാൻ ഒരുപാട് തയ്യാറെടുപ്പുകൾക്കു ശേഷം ചെയ്ത ചിത്രമാണെന്നാണ്. എന്നാൽ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് കൃത്യം 15 ദിവസം മുമ്പാണ് എന്റെ അനുജന്റെ ഭാര്യ പ്രസവിക്കുന്നത്. കു‍ഞ്ഞിന്റെ ഹൃദയത്തിൽ ഒരു ദ്വാരമുണ്ടായിരുന്നു. അവനെ മാത്രം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും അനുജത്തിയെ നാട്ടിലെ ആശുപത്രിയിൽ തന്നെ അഡ്മിറ്റു ചെയ്യുകയും ചെയ്തു. അനുജൻ അന്ന് ദുബായിലാണ്. കൊച്ചിയിൽ ആശുപത്രിയിൽ ഞാനും ഭാര്യയും മാത്രമേ കുഞ്ഞിന്റെ അടുത്തുള്ളൂ. അവനെ രക്ഷിക്കാനായില്ല. അവന്റെ സംസ്കാരം ഒറ്റപ്പാലത്ത് നടത്തിയതിനു പിറ്റേന്നാണ് ഞാൻ കോട്ടയത്ത് ക്ലാസ്മേറ്റസിന്റെ ചിത്രീകരണ സ്ഥലത്തേക്ക് എത്തുന്നത്.

ക്ലാസ്മേറ്റ്സ് ടീമിന്റെ അടുത്ത ചിത്രം പ്രതീക്ഷിക്കാമോ?

അതെല്ലാം സംഭവിക്കുന്നതാണ്. മുൻകൂട്ടി ഒന്നും പറയാൻ കഴിയില്ല.

അടുത്ത സിനിമ?

ആർ ഉണ്ണി തിരക്കഥയെഴുതുന്ന ചിത്രമാണ്. ദുൽഖർ സൽമാനായിരിക്കും നായകൻ.