മോഹൻലാലിനെ നായകനാക്കി മേജർ രവിയുടെ രണ്ട് ചിത്രങ്ങൾ

മോഹൻലാലിനെ നായകനാക്കി മേജർ രവിയുടെ രണ്ട് പുതിയ ചിത്രങ്ങളെത്തും. പ്രതീക്ഷകൾ പോലെ പട്ടാള ജീവിതത്തിന്റെ തീവ്രതയുള്ള സിനിമയാണ് ആദ്യത്തേത്. രണ്ടാമത്തേത് ഒരു ഫാമിലി എന്റർടെയ്നറും. ഇന്ത്യ-പാകിസ്ഥാൻ യുദ്ധ സമയത്തെ സംഭവവികാസങ്ങളെ ആസ്പദമാക്കിയൊരുക്കുന്ന 71 വാർ ആണ് ആദ്യത്തെ ചിത്രം.

ഇന്ത്യ-പാക് യുദ്ധ സമയത്ത് രാജസ്ഥാൻ മേഖലയിൽ നടന്ന സംഭവമാണ് 71 വാർന് ആസ്പദം. യഥാർഥത്തിൽ നടന്ന ഒരു സംഭവമാണ് ചിത്രമാകുന്നത്. രണ്ട് ഉയർന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമൊക്കെ പറയുന്ന സിനിമ. മരുഭൂമിയിലാകും ചിത്രീകരണം. മാർച്ചിലായിരിക്കും ഷൂട്ടിങ് തുടങ്ങുക. മേജർ രവിയുടെ തന്നെയാണ് തിരക്കഥ. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്.

ജോൺ പോൾ ഏറെക്കാലത്തിനു ശേഷം തിരക്കഥയെഴുതുന്ന ചിത്രമാണ് രണ്ടാമത്തേത്. മോഹൻലാൽ മൂന്നു വേഷത്തിൽ അഭിനയിക്കുന്ന സിനിമ. നല്ലൊരു ഫാമിലി എന്റെർടെയ്നാണ് ഈ ചിത്രം. ഒരു കുടുംബത്തിനുള്ളിലെ സന്തോഷം കെടുത്തി വന്നു ചേരുന്ന ഒരു സംഭവവവുമായി ബന്ധപ്പെട്ടതാണ് സിനിമ. അതിനെ അതിജീവിക്കാൻ അവർ നടത്തുന്ന പോരാട്ടത്തിന്റെ കഥ.

ഇതുപോലൊരു കുടുംബമായിരുന്നെങ്കിൽ എന്റേതെന്ന് ചിന്തിച്ചു പോകും ആദ്യ പകുതി കാണുമ്പോൾ. പക്ഷേ രണ്ടാം പകുതി നേർ വിപരീതമായിരിക്കും. ഈ ഗതി ഒരു കുടുംബത്തിനും വരുത്തരുതെന്ന് നമ്മൾ ആഗ്രഹിക്കും. അത്തരത്തിലുള്ള വികാര തീവ്രമായ കഥയാണ് ജോൺ പോൾ തയ്യാറാക്കിയത്. അദ്ദേഹത്തിന്റെ എഴുത്തും എന്നെ അത്ഭുതപ്പെടുത്തി. ആ എഴുത്തിന്റെ മഹത്വം സിനിമയിലും പ്രതിഫലിക്കും. മേജർ രവി പറഞ്ഞു.