മമ്മൂട്ടിയുടെ കർണൻ 2017ൽ: മധുപാൽ

മമ്മൂട്ടി, മധുപാൽ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കർണനായി എത്തുന്ന വാർത്ത പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെയാണ് ഏറ്റെടുത്തത്. സംവിധായകനും നടനുമായ പി ശ്രീകുമാർ തിരക്കഥയെഴുതി മധുപാൽ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡചിത്രം സിനിമാ ലോകത്ത് ചരിത്രം രചിക്കുമെന്നുറപ്പ്. എന്നാൽ സിനിമയുടെ ചിത്രീകരണം അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചുവെന്ന് ചില മാധ്യമങ്ങളിൽ വാർത്തവന്നിരുന്നു. ഇതിലെന്തെങ്കിലും സത്യമുണ്ടോ? മധുപാൽ പ്രതികരിക്കുന്നു.

മഹാഭാരത കഥ സിനിമയാക്കുകയെന്നത് ഒരു ദിവസം രാവിലെ എഴുന്നേറ്റ് ചെയ്യാവുന്ന കാര്യമല്ല. ഒരുപാട് പഠനങ്ങൾ അതിനായി നടത്തേണ്ടതുണ്ട്. 2017ൽ കർണനിലേക്ക് കടക്കും. അതിലൊരു മാറ്റവുമില്ല. മുൻപേ പറയുന്ന കാര്യം തന്നെയാണിത്. മധുപാൽ പറഞ്ഞു.

ജൂണിൽ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങിലേക്ക് പോകേണ്ടതുണ്ട്. സമാന്തരമായി കർണനിലേക്കുള്ള പ്രവർത്തനങ്ങളും നടക്കും. ഇപ്പോഴും അത് തുടരുന്നുണ്ട്. ഏത് ഘട്ടത്തിലെത്തി എന്ന് ഇപ്പോൾ പറയുന്നില്ല. മധുപാൽ വ്യക്തമാക്കി

2012 ല്‍ നടന്ന സുന്ദരി അമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ജയസൂര്യയും ബിജുമേനോനും അഭിനയിക്കുന്ന മധുപാലിന്റെ പുത്തൻ സിനിമ . എന്തിരുന്നാലും കർണനായി കാത്തിരിക്കുകയാണ് മലയാളം. മധുപാല്‍ ആ പ്രമേയം കൈകാര്യം ചെയ്യുമ്പോൾ അതേത് തലത്തിലായിരിക്കുമെന്നും പ്രേക്ഷക പക്ഷത്തിന് വലിയ പ്രതീക്ഷയുണ്ട്. മധുപാലെന്ന സംവിധായകൻ ഇതുവരെയുള്ള സിനിമകളിൽ അത് തെളിയിച്ചതുമാണ്.

അതേ സമയം പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്റെ തിരക്കഥ പൂര്‍ത്തിയായി. വിമൽ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം എന്നാണ് ആരംഭിക്കുകയെന്ന വിവരം ഇതുവരെയും വ്യക്തമായിട്ടില്ല. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം.