ഒരു ബ്രേക്ക് ആവശ്യമായിരുന്നു: മീര

‘ഇനി നല്ലൊരു കോമഡി കഥാപാത്രം ചെയ്യണം, നിറയെ കോമഡികളുമായി ഒരു ഫാമിലി എൻറർട്രെയിനർ ചിത്രം’.ഡോൺ മാക്സ് ചിത്രമായ പത്ത് കൽപ്പനകളിലെ പൊലീസ് ഓഫീസറുടെ റോളിലൂടെ അഭിനയരംഗത്ത് വീണ്ടും സജീവമായ മീരാ ജാസ്മിൻ പറയുന്നു.

∙കുറച്ചു വർഷം കാണാനില്ലായിരുന്നല്ലോ?

ഒരു ബ്രേക്ക് എനിക്ക് ആവശ്യമായിരുന്നു. പതിനഞ്ചു വർഷം ഒരു ബ്രേക്കുമില്ലാതെ ഫുൾ ടൈം ജോലി ആയി സിനിമ ചെയ്യേണ്ടി വന്നു.പൂർണ സംതൃപ്തി തോന്നാത്ത ചില കഥാപാത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.തുടർച്ചയായ അഭിനയത്തിൽ ഒരു ശ്വാസം മുട്ടൽ തോന്നി. എന്നും ഒരു പോലെ തുടർന്നാൽ ഞാൻ ജോലിയെ മടുക്കുകയും വെറുക്കുകയും ചെയ്തേനെ.

∙വീണ്ടും തിരിച്ചെത്തുകയാണോ?

എന്നെ സംബന്ധിച്ച് ഇതൊരു തിരിച്ചു വരവല്ല, കാരണം ഞാൻ‌ സിനിമ നിർത്തി എന്നു പറഞ്ഞു പോയതല്ല. നാടകീയമായി ഒന്നു മാറി നിന്നതാണ്. എനിക്കു സെറ്റിൽ ആകാൻ കുറെ സമയം വേണമായിരുന്നു. ദുബായിൽ പോയി സെറ്റിൽ ആയി. പക്ഷെ ആ സമയത്തും ഒരുപാടു കഥകൾ കേട്ടിരുന്നു.എനിക്കു സംതൃപ്തി തോന്നുന്ന ഒരു കഥാപാത്രം വരാൻ കാത്തിരിക്കുകയായിരുന്നു.

∙ദുബായ് ജീവിതം?

വളരെ ആസ്വദിക്കാൻ സാധിക്കുന്നു.രണ്ട് വർഷം ഇഷ്ടം പോലെ ട്രാവൽ ചെയ്തു.റിലാക്സ് ചെയ്ത കാലമാണ് കഴിഞ്ഞു പോയത്.പാചകവും പഠിക്കാൻ സാധിച്ചു.

∙എല്ലാ പാചകവും പഠിച്ചോ?

അത്ര വലിയ കുക്കൊന്നുമായില്ല,പക്ഷെ മീൻകറി നന്നായി വെക്കും.

∙പത്ത് കൽപ്പനകളിൽ അഭിനയിക്കാൻ എത്തിയത്?

ഈ സിനിമയുടെ കഥ ഡോൺ മാക്സ് പറഞ്ഞപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. നല്ലൊരു വിഷയം ജനങ്ങളിൽ എത്തിക്കാൻ സാധിച്ചതിന്റെ പൂർണ സംതൃപ്തിയുണ്ട്.

∙ തിരിച്ചെത്തിയപ്പോൾ സിനിമയിൽ മാറ്റം തോന്നിയോ?

കഴിഞ്ഞ നാലു വർഷത്തിനിടെ ഇൻഡസ്ട്രിയിൽ വളരെ മാറ്റം വന്നു. സിനിമകളുടെ രീതിയും മാറി, സാങ്കേതിക രംഗത്തും പുതുമകൾ വന്നു കൊണ്ടിരിക്കുന്നു.

∙മലയാള സിനിമയിൽ നല്ല കഥകൾ വരുന്നില്ല എന്നു തോന്നലുണ്ടോ?

നല്ലകഥകൾ ഒരു പാട് വരുന്നുണ്ട്. പുതിയ രീതിയിലുള്ള കഥകളും നല്ല രസംതോന്നുന്ന കഥകളും വരുന്നു.പക്ഷെ നമ്മൾ ഒരോരുത്തർക്കും വേണ്ട രീതിയിലുള്ള കഥാപാത്രങ്ങൾ വരണം.

∙സിനിമയിൽ ഒരുപാട് സുഹൃത്തുക്കളുണ്ടോ?

അധികം സുഹൃത്തുക്കൾ ഇല്ല. അത് ഒരു ക്രെഡിറ്റായി പറയുകയില്ല. നല്ല സുഹൃത്തുകൾ‌ ഉള്ളത് നല്ലത് തന്നെ. ഇൻഡ്സ്ട്രിയിൽ‌ അടുത്ത കൂട്ടുകാരായി രണ്ട് മൂന്നു പേരെയുള്ളു.അവരുമായി ആഴത്തിലുള്ള സൗഹൃദം തുടരുന്നു.

∙പത്ത് കൽപ്പനകളിൽ പാടി അഭിനയിക്കുന്നുണ്ടല്ലോ? ഇനിയും പാട്ടുകൾ പ്രതീക്ഷിക്കാമോ?

എല്ലാവർക്കും വലിയ അതിശയമായിരുന്നു ഞാൻ തന്നെ പാടി അഭിനിയിച്ചു എന്നത്.പാടാൻ മാത്രമല്ല, കലയോട് ബന്ധപ്പെട്ടു എന്തിനും ഇനിയും ഞാൻ തയ്യാറാണ്.പക്ഷെ അത് എനിക്കു യോജിച്ചതായിരിക്കണം എന്നു മാത്രം.