പുലിയാണ് പീറ്റർ: മോഹൻലാൽ

ഗജിനിയും യന്തിരനും രാവണനും ബാഹുബലിയുമടക്കമുള്ള ചിത്രങ്ങളുടെ ആക്‌ഷൻ സംവിധാനം ചെയ്ത പീറ്റർ ഹെയ്ൻ വിയറ്റ്നാമിൽ നിന്നു യാത്ര പറയവെ മോഹൻലാലിനോടു പറഞ്ഞു, ‘ സാധാരണ താരങ്ങൾ മാറിനിൽക്കുകയും ഡ്യൂപ്പുകൾ ആക്‌ഷ​ൻ ചെയ്യുകയുമാണ് പതിവ്. ഇവിടെ ഡ്യൂപ്പുകൾ മാറി നിൽക്കുകയും താരങ്ങൾ ആക്‌ഷൻ ചെയ്യുകയുമാണ്. ഇത് എന്റെ ഭാഗ്യമാണ്.’

പീറ്റർ ഹെയ്ൻ എന്ന ആക്‌ഷൻ ഡയറക്ടർ ഇന്ത്യൻ സിനിമയുടെ പുതിയ മുഖമാണ്. സ്റ്റണ്ട്–ത്യാഗരാജൻ എന്നു സ്ക്രീനിൽ എഴുതിക്കാണിക്കുമ്പോൾ ദക്ഷിണേന്ത്യൻ സിനിമ എഴുന്നേറ്റുനിന്നു കയ്യടിച്ചിരുന്നു. അതിൽ നിന്നു പൊട്ടിമുളച്ച പുതു തലമുറയാണു പീറ്റർ ഹെയ്നിന്റേത്. ഇന്ത്യൻ സിനിമയിലെ ആക്‌ഷൻ രംഗങ്ങൾ പൊളിച്ചടുക്കിയ താരമാണു പീറ്റർ.

‘ത്യാഗരാജൻ മാഷിനൊപ്പം പീറ്റർ ഹെയ്നിന്റെ അച്ഛൻ ജോലി ചെയ്തിട്ടുണ്ട്. എന്റെ 327 സിനിമകളിൽ പകുതിയിലേറെ സിനിമയിൽ ആക്‌ഷൻ ചെയ്തതു ത്യാഗരാജൻ മാസ്റ്ററാണ്. അഭിനയിക്കുന്ന ആളുടെ സുരക്ഷയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ചിന്ത. തനിക്കു എന്തു സംഭവിച്ചാലും അഭിനേതാവ് എത്ര വലുതായാലും ചെറുതായാലും അവർക്ക് ഒന്നും സംഭവിക്കരുതെന്നു ത്യാഗരാജൻ മാഷ് ഇടയ്ക്കിടെ പറയുമായിരുന്നു. അതേ സ്കൂളിലാണു പീറ്റർ ഹെയ്നും വളർന്നത്. ദേഹം മുഴുവൻ ഒടിഞ്ഞു നുറുങ്ങിയിട്ടും അദ്ദേഹം സെറ്റിൽവച്ചു സഹപ്രവർത്തകരോടു പറഞ്ഞു, അഭിനേതാക്കൾക്ക് ‌ഒന്നും പറ്റരുത്.’ – മോഹൻലാൽ പറയുന്നു.

‘മനുഷ്യനും മൃഗവും മുഴുവൻ സമയവും പരസ്പരം പോരാടുന്ന സിനിമകൾ വളരെ ചുരുക്കമാണ്. സിനിമയുടെ വലിയൊരു സമയവും അവർ തമ്മിലുള്ള ആക്‌ഷനെന്നതു എപ്പോഴെങ്കിലും മാത്രം സംഭവിക്കുന്നതാണ്. പുലിമുരുകൻ എന്ന സിനിമയ്ക്കുവേണ്ടി ജോലി ചെയ്യാൻ പീറ്റർ ഹെയ്നിനെ പ്രേരിപ്പിച്ചത് ഇതാണ്.

അപൂർവതരം വസ്ത്രവുമായാണുപീറ്റർ സെറ്റിൽ വരിക. തികച്ചും വ്യത്യസ്തനായ ഒരാൾ. വളരെ ആഴത്തിലുള്ള വായന. ഒഷോയെപ്പോലുള്ളവരുടെ ചിന്തകൾ അദ്ദേഹം പിൻതുടരുന്നു. ദേഹം മുഴുവൻ കാർ ചെയ്സും ആക്‌ഷനും ചെയ്തതിന്റെ പാടുകളുണ്ട്. എല്ലുകൾ പലയിത്തും ഒടിഞ്ഞിരിക്കുന്നു. വീൽ ചെയറിൽ ഇരുന്നാണ് അദ്ദേഹം പല സിനിമകളുടെയും ആക്‌ഷൻ ചെയ്തത്. പണ്ടത്തെപ്പോലെ കിട്ടിയ സ്ഥലവും സാമഗ്രികളും ഉപയോഗിച്ചു ആക്‌ഷൻ ചെയ്യുന്ന കാലം അവസാനിച്ചിരിക്കുന്നു.

ഓരോ നിമിഷവും വരച്ചു മാർക്ക് ചെയ്താണു പീറ്റർ ആക്‌ഷൻ ചെയ്യുക. ഏതു പോയന്റിലാണു ഞാൻ ലാൻഡ് ചെയ്യേണ്ടതെന്നു പീറ്റർ തീരുമാനിക്കും. പല ഷോട്ടുകളും 13 തവണവരെ എടുത്തു. ഓരോ തവണയവും പീറ്റർ പറയും എനിക്കു തൃപ്തിയായില്ല എന്ന്. ചിലപ്പോൾ നല്ല ഷോട്ട് കിട്ടാത്തതിനു കരയും. മനസ്സിലുള്ളതെന്തോ അതു പീറ്ററിനു വേണം.’ – ലാൽ പറയുന്നു.

‘പുലിയുമായുള്ള ആക്‌ഷൻ തയാറാക്കാനായി പീറ്റർ മാസങ്ങളോളം പുലികളെക്കുറിച്ചു പഠിച്ചു. അവയുടെ ചലനങ്ങൾ നിരീക്ഷിച്ചു. വിഡിയോകൾ കണ്ടു. ഏറെ ദിവസം പുലികളോടൊപ്പം ചെലവഴിച്ചു. അവർ ശ്വാസംകഴിക്കുന്നതുപോലും പഠിച്ചു. എന്നെ കൊണ്ടുപോയി ഇതെല്ലാം കാണിച്ചുതന്നു. വേറെ ആരും ഇതിനു തയ്യാറാകുമെന്നു തോന്നുന്നില്ല. കോടിക്കണക്കിനു രൂപ കിട്ടുന്ന രണ്ടോ മൂന്നോ സിനിമകൾ ഇതിന് ഉപേക്ഷിച്ചു.

ആക്‌ഷൻ ചെയ്യുന്ന എത്രയോ ഉപകരണങ്ങൾ അദ്ദേഹം വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. നൂറുകണക്കിനു വിഡിയോകളുണ്ട്. കയർ ഉപയോഗിച്ചു ചെയ്യുന്ന ആക്‌ഷനിൽ പീറ്റർ ലോകത്തിലെ തന്നെ മുൻനിരക്കാരിൽ ഒരാളാകും. നല്ലതുകൊണ്ടു മാത്രം തൃപ്തിപ്പെടുന്ന ആളുകൾ അപൂർവമാണ്.

എന്തു കഷ്ടപ്പെട്ടാലും നല്ലതുമാത്രം മതിയെന്നു പീറ്റർ ഹെയ്ൻ പറയുമ്പോൾ നമുക്കു ആ മനുഷ്യന്റെ മനസ്സു കാണാനാകും. നല്ലതു കിട്ടുന്നതുവരെ പീറ്റർ ജോലി ചെയ്യും. പുലിമുരുകൻ പീറ്റർ ഹെയ്നിന്റെ കണ്ണുനീരു വീണ സിനിമയാണ്. സന്തോഷംകൊണ്ടും വേണ്ടതു കിട്ടാതെ വന്നപ്പോഴും അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു.

വിയറ്റ്നാമിലെ തെരുവുകളിലൂടെ അതിവേഗത്തിൽ കാറോടിച്ചു പോകുമ്പോൾ പീറ്റർ ഈ നാടിനെക്കുറിച്ചു സംസാരിച്ചു, ജീവിതത്തെക്കുറിച്ചു സംസാരിച്ചു. തമിഴ് അച്ഛനും വിയറ്റ്നാംകാരിയായ അമ്മയ്ക്കും പിറന്ന മകനാണ് അദ്ദേഹം.

നീല കൂളിങ് ഗ്ലാസും ചുവപ്പു പൂക്കളുള്ള കോട്ടും ഇലകളുള്ള തൊപ്പിയും നിറമുള്ള ജീൻസും തിളങ്ങുന്ന ഷൂസുമിട്ടു നടക്കുന്ന പീറ്റർ ഹെയ്ൻ ഒരു ശലഭം പോലെയാണ്. ഒരിടത്തിരിക്കാതെ പറന്നുകൊണ്ടേയിരിക്കുന്ന ശലഭം. സിനിമയല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ മനസ്സിലില്ല.

പുലിമുരുകന്റെ ഷൂട്ടിങ് കഴിഞ്ഞു കൈതന്നു പിരിയുമ്പോൾ പീറ്റർ പറഞ്ഞു, ‘എനിക്കു സംവിധാനം ചെയ്യണം. ആക്‌ഷനില്ലാത്ത ദൃശ്യംപോലൊരു സിനിമ.’