28 കോടിയുടെ ബഹുഭാഷാ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍

അസര്‍ബൈജാനിലെയും ഇന്ത്യയിലെയും നിര്‍മാണക്കമ്പനികള്‍ ചേര്‍ന്ന് 28 കോടി രൂപ ചെലവഴിച്ച് അഞ്ചു ഭാഷകളില്‍ എടുക്കുന്ന പുതിയ സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്.ചൈന ഉള്‍പ്പെടെ ലോകമൊട്ടാകെയുള്ള രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയായിരിക്കും ഇത്.മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാളത്തില്‍ നിന്നു നാലു താരങ്ങളും അസര്‍ബൈജാനിലെ 21 താരങ്ങളുമാണ് വേഷമിടുക.പൂര്‍ണമായും റഷ്യയില്‍ ചിത്രീകരിക്കുന്ന ഈ സിനിമയുടെ സംവിധായകന്‍ പ്രിയദര്‍ശനാണ്.ഒക്ടോബര്‍ ഒന്നിനു ഷൂട്ടിങ് തുടങ്ങും.

അസര്‍ബൈജാനിലെ റൌഫ് ജി.മെഹ്ദിയേവും ഫുള്‍ ഹൌസ് പ്രൊഡക്ഷന്റെ ജെയ്സണ്‍ പുലിക്കോട്ടിലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, അസറി, റഷ്യന്‍, ടര്‍ക്കിഷ്, ചൈനീസ് ഭാഷകളില്‍ റിലീസ് ചെയ്യും.മലയാളത്തിലും അസറിയിലും ചിത്രീകരിച്ച ശേഷം മറ്റു മൂന്നു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

മലയാളം പതിപ്പിന് ഇതുവരെ പേരിട്ടിട്ടില്ല.അന്തിമ വിധി എന്ന് അര്‍ഥം വരുന്ന പേരായിരിക്കും മറ്റു ഭാഷകളില്‍ നല്‍കുകയെന്നു പ്രിയദര്‍ശന്‍ പറഞ്ഞു.പ്രിയന്റെ പതിവു സിനിമകളില്‍ നിന്നു വ്യത്യസ്തമായി ഈ ചിത്രത്തില്‍ തമാശയ്ക്കു വലിയ സ്ഥാനമില്ല.പകരം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും ഇത്.ഒട്ടേറെ സംഘട്ടന രംഗങ്ങളും വൈകാരിക രംഗങ്ങളും ഉണ്ട്.അപര്‍ണ ഗോപിനാഥ് ആണ് നായിക.

അമ്മയെ അന്വേഷിച്ചു റഷ്യയിലേക്ക് പോകുന്ന മകളുടെ കഥയാണിത്.മകളായി അപര്‍ണയും അവളെ റഷ്യയിലേക്ക് അനുഗമിക്കുന്ന ഭര്‍ത്താവായി മോഹന്‍ലാലും വേഷമിടുന്നു.ഇവര്‍ക്കു പുറമേ പ്രതാപ് പോത്തനും ശശികുമാറും മാത്രമേ മലയാളത്തില്‍ നിന്ന് അഭിനയിക്കുന്നുള്ളൂ.

റഷ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു.ഇളയരാജയാണ് സംഗീതം.സാബു സിറില്‍ കലാസംവിധാനം. അസര്‍ബൈജാന്റെ തലസ്ഥാനമായ ബാക്കുവിലാണ് ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുക.പ്രകാശ് രാജ്,അശോക് ശെല്‍വന്‍,ശ്രേയാ റെഡ്ഢി തുടങ്ങിയവര്‍ അഭിനയിക്കുന്ന എയ്ഡ്സിനെക്കുറിച്ചുള്ള പുതിയ തമിഴ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രിയന്‍ റഷ്യയിലേക്ക് തിരിക്കും.