ആരു പറഞ്ഞു പൃഥ്വി കോമഡി ചെയ്യില്ലെന്ന്

നാദിർഷ ഒരു സിനിമയെടുത്തു. തന്റെ ആദ്യ ചിത്രം. അത് ഒടുക്കത്തെ ഹിറ്റാകുകയും ചെയ്തു. കോമഡിക്കാരന്റെ സിനിമയിറങ്ങാൻ പോകുന്നുവെന്ന് പുച്ഛിച്ചവരുടെ മുഖത്തിട്ട് നല്ലൊരു ചാമ്പു കൊടുത്ത സിനിമ. സിനിമയുടെ വിജയത്തിൽ പകച്ചു പോയോ. ആഫ്ടർ ഇഫക്ട്സ് എന്തെല്ലാമാണ്...നാദിർഷ തന്നെ പറയട്ടെ....

അമറും അക്ബറും അന്തോണിയും ചേർന്ന് തന്നത് കൊതിപ്പിക്കുന്ന വിജയം

സത്യത്തിൽ ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ പ്രക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പായിരുന്നു. ഇതിന്റെ കഥ കേട്ടവരും അഭിനേതാക്കളും ഡബ്ബിങ് സമയവുമെല്ലാം ചിത്രത്തെ കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം നല്ലതായിരിക്കുമെന്നു തന്നെയാണ് പറഞ്ഞു തന്നത്. പക്ഷേ എല്ലാത്തിനും അപ്പുറത്തേക്കു പോയി ആ വിജയം. പക്ഷേ ഞെട്ടിപ്പോയിട്ടൊന്നുമില്ല. കൊതിപ്പിക്കുന്ന വിജയമാണിത്. അത് പ്രതീക്ഷിച്ചിരുന്നില്ല. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാകുമിതെന്ന് കരുതിയിരുന്നില്ല.

ആരു പറഞ്ഞു പൃഥ്വി കോമഡി ചെയ്യില്ലെന്ന്

ഒരു അഭിനേതാവിന് അല്ലെങ്കിൽ അഭിനേത്രിക്ക് കഴിവുണ്ടെങ്കിൽ‌ അയാളെ കൊണ്ട് നമുക്ക് ഏത് വേഷവും ചെയ്യിക്കാം. രാജുവിന്റെ ഇത്രയും വർഷത്തെ പ്രവകടനങ്ങൾ വച്ച് എനിക്കറിയാമായിരുന്നു അദ്ദേഹം പ്രതിഭയുള്ള നടനാണെന്ന്. രാജുവിനെക്കൊണ്ട് ഈ കഥാപാത്രം നന്നായി ചെയ്യിക്കാനാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ ചുമ്മാതെ വിളിച്ചോണ്ടു വന്ന് കോമഡി ചെയ്യിച്ചതല്ല. മനപൂർവ്വം ചെയ്യിച്ചതുമല്ല. ആ കഥാപാത്രം കോമഡി പറയുന്നുണ്ടായിരുന്നു. സ്ക്രിപ്റ്റിൽ കോമഡിയുണ്ടായിരുന്നു. അത് പൃഥ്വിരാജ് അസാമാന്യമായി ചെയ്തു. അത്രമാത്രം. പൃഥ്വിരാജിന് കോമഡി ചെയ്യാനാകുമോയെന്നുള്ള പരീക്ഷണമായിരുന്നില്ല എന്റെ സിനിമ.

സെൻസർ ബോർഡ് പോലും ഞെട്ടിപ്പോയി

സിനിമയിറങ്ങിയതിനു പിന്നാലെ ഒത്തിരിപ്പേർ അഭിനന്ദിക്കാൻ വിളിച്ചിരുന്നു. മനസിൽ തട്ടിയ പ്രതികരണങ്ങൾ.

പക്ഷേ ഓർമയിലിപ്പോഴും നിൽക്കുന്നത് സെൻസർ ബോർഡിൽ നിന്നുള്ളതായിരുന്നു. ഗംഭീരമായിട്ടുണ്ട് സിനിമ എന്നാണവർ പറഞ്ഞത്. കാരണം വേറൊന്നും കൊണ്ടല്ല ഇന്നത്തെ കാലത്ത് വളരെ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയത്തെ അനായാസമായി സിനിമ കൈകാര്യം ചെയ്തിരിക്കുന്നത് കൊണ്ടാണ്. നർമ്മത്തിൽ ചാലിച്ച് വളരെ സത്യസന്ധമായി ആ സാമൂഹിക വിപത്തിനെ സിനിമ അവതരിപ്പിച്ചിരിക്കുന്നു എന്നാണവർ പറഞ്ഞത്.

പൃഥ്വിയും ഇന്ദ്രജിത്തും നാദിർഷയുടെ മകൾ ഖദീജയ്ക്കൊപ്പം

പ്രതീക്ഷിച്ചിരുന്നില്ലെന്ന് പലരും പറഞ്ഞു

നല്ലൊരു സിനിമ നാദിർഷയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു പക്ഷേ ഇത്രയും ഗംഭീരമായൊരെണ്ണം പ്രതീക്ഷിച്ചിരുന്നില്ല എന്ന് പലരും പറഞ്ഞു.

കോമഡിക്ക് വംശനാശം വന്നിട്ടില്ലെന്ന്

മലയാള സിനിമയിൽ കോമഡിക്ക് ഇപ്പോഴും സ്ഥാനമുണ്ടെന്ന് തെളിയിച്ച സിനിമയാണത്. നല്ല തമാശകളാണെങ്കിൽ അതിൽ കാര്യമുണ്ടെങ്കിൽ അത് കാണാൻ ഇപ്പോഴും മലയാളിയുണ്ട് എന്നു പറയുന്നു സിനിമയുടെ വിജയം. എന്തെങ്കിലുമൊക്കെ എഴുതിയിട്ട് കോമഡി എന്ന പേരിൽ അവതരിപ്പിച്ചിട്ട് കാര്യമില്ലെന്ന്.

സ്വന്തം സിനിമയിൽ അഭിനയിക്കണമെന്ന് തോന്നിയില്ലേ

സംവിധായകനായിരിക്കുമ്പോൾ അങ്ങനെയിരുന്നാൽ‌ മതിയെന്ന് തീരുമാനിച്ചിരുന്നു. ഈ സിനിമയിൽ അഭിനേതാവായി എന്റെ ആവശ്യമുണ്ടെന്ന് ഒരിക്കലും തോന്നിയില്ല.

ദിലീപിന് ഏത് വേഷം നൽകും ? പറയൂ

പലരും ചോദിച്ചിരുന്നു ഇത്രയും അടുത്ത സുഹൃത്തായിട്ടും നാദിർഷയുടെ സിനിമയിൽ ദിലീപിനെന്തേ വേഷം നൽകാത്തതെന്ന്. പക്ഷേ ഈ സ്ക്രിപ്റ്റിൽ ഞാനേത് വേഷമായിരുന്നു ദിലീപിന് കൊടുക്കേണ്ടിയിരുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ദിലീപിനുള്ള വേഷം സിനിമയില്ലായിരുന്നു. ഒരാൾക്കായി പുതിയൊരു വേഷം തിരുകി കയറ്റാനാകുമോ. അങ്ങനെ ചെയ്താൽ അത് ശരിയാകുമോ എനിക്കതാണ് തിരിച്ച് ചോദിക്കാനുള്ളത്.

ഞാനൊരു അന്ധവിശ്വാസിയല്ല

ആസിഫിനെ ഗസ്റ്റ് റോളിൽ വിളിച്ചാൽ സിനിമ ഹിറ്റാകുമെന്ന അന്ധവിശ്വാസത്തിന് ഞാൻ അടിമയല്ല.ആ വേഷത്തിലേക്ക് ആരെ വേണമെന്ന് ചിന്തിച്ചപ്പോൾ ആസിഫ് നന്നായിരിക്കും എന്ന് തോന്നി. എന്റെ വിശ്വാസം തെറ്റിയില്ല. ആസിഫിന്റെ പ്രകടനം കണ്ടവർക്കറിയാം ആ വേഷം അദ്ദേഹത്തിന് എത്ര നന്നായി ചേരുന്നുവെന്ന്. എത്ര നന്നായി ആസിഫ് അത് ചെയ്തുവെന്ന്. അത് ചിത്രം കണ്ടവർക്ക് അറിയാം.

കല്യാണത്തിന് പോയപ്പോൾ കിട്ടിയ വില്ലൻ

ജയസൂര്യ പൃഥ്വിരാജ് ഇന്ദ്രജിത്ത് എന്നിവരെ കൂടാതെ ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടയാളാണ് ബംഗാളിയുടെ വേഷം ചെയ്ത ഷഫീഖ് റഹ്മാൻ.കളമശേരിയിൽ ഒരു കല്യാണത്തിന് പോയപ്പോഴാണ് ഷഫീഖ് വേഷം ചോദിച്ച് വന്നത്. കുറേ സിനിമകളിൽ ചെറിയ വേഷം ചെയ്ത ഷഫീഖ് സിസിഎല്ലിൽ കളിക്കുകയും ചെയ്തിരുന്നു. വില്ലൻ വേഷം ഷഫീഖ് അസാമാന്യമായി ചെയ്തു.

ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ്

യ്യോ! ക്ലൈമാക്സിെന കുറിച്ച് ഒന്നും പറയാനില്ല. അതങ്ങനെ സംഭവിച്ചതാണ്. വിഷ്ണുവിന്റെയും ബിബിന്റെയും കയ്യിൽ ഇത്രയും നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നത് കൊണ്ടാണ് എനിക്കിങ്ങനൊരു സിനിമ യാഥാർഥ്യമാക്കാനായത്. പിന്നെ സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു ക്ലൈമാക്സ് ഉണ്ടാകുമല്ലോ. അവർ ആഗ്രഹിക്കുന്നതു പോലെ സിനിമ തീരണം എന്നാണ് തീരുമാനിച്ചത്ത. പിന്നെ സിനിമയിൽ അൽപം പുതുമ വേണമെന്നും പുതിയ പുതിയ കാര്യങ്ങൾ സിനിമയിലുൾപ്പെടുത്തണമെന്നും വെറുമൊരു നാടകീയമായ ക്ലൈമാക്സ് എന്നതിനെ പറയാനാകില്ല. പക്ഷേ അതാണതിലെ പഞ്ച്.