ശ്രീജേഷിന്റെ ടെൻഷൻ മാറ്റാൻ ഭാര്യ കണ്ട മരുന്ന്, പൃഥ്വി !

പി ആർ ശ്രീജേഷ്, പൃഥ്വിരാജ്

റയോ ഒളിംപിക്സിൽ മലയാളികൾ ഉറ്റുനോക്കുന്നത് ഹോക്കി ടീമിലേക്കാണ്. ഈ വർഷത്തെ മെഡൽ ഇന്ത്യൻ ഹോക്കി ടീം സ്വന്തമാക്കുന്നതാണ് കാണാനാണ് ഏതൊരു ഇന്ത്യാക്കാരന്റെയും ആഗ്രഹം, മലയാളികൾക്ക് പ്രത്യേകിച്ചും. കാരണം ടീമിന്റെ അമരത്തുള്ളത് മലയാളിയായ പി ആർ ശ്രീജേഷാണ്.

ഒരു രാജ്യത്തിന്റെ അതിലുപരി ജന്മനാടിന്റെ പ്രതീക്ഷകൾ മുഴുവൻ തോളിലേറ്റേണ്ടി വരുമ്പോൾ ടെൻഷൻ സ്വാഭാവികമായും അൽപം കൂടുതലാകും. ശ്രീജേഷിന്റെ കാര്യത്തിലും അതങ്ങനെ തന്നെ. കടുത്ത ഒളിംപിക്സ് പരിശീലനത്തിനിടയിൽ ഇടയ്ക്ക് വീട്ടിലേക്ക് ഫോൺ വിളിക്കുവാൻ പോലും അനുവാദമില്ല. ഫോൺ ചെയ്താൽ ശ്രദ്ധ പതറുമെന്നതിനാൽ മെസേജിങ്ങിലൊക്കെയായി പുറം ലോകവും വീട്ടുകാരുമായുള്ള ആശയ വിനിമയം ഒതുങ്ങുന്നു.

ഈ ടെൻഷനിടയിൽ ഒരു പ്രോത്സാഹനവും പ്രചോദനവുമൊക്കെ നൽകുവാൻ ശ്രീജേഷിന്റെ ഭാര്യ ഒരു വഴി കണ്ടെത്തി. ഭർത്താവ് കഠിനമായി ആരാധിക്കുന്ന ഒരു താരത്തെകൊണ്ട് ഒരു മെസ്സേജ് അയപ്പിക്കുക എന്നതായിരുന്നു മാർഗം.

പൃഥ്വിരാജാണ് ശ്രീജേഷ് ആരാധിക്കുന്ന ആ താരം. ഇക്കാര്യം അറിഞ്ഞപ്പോൾ തന്നെ പൃഥ്വി വളരെ സന്തോഷത്തോടെ ദീർഘമായ ഒരു സന്ദേശം ശ്രീജേഷിന് വാട്സ് ആപ്പിലയച്ചു. ഒളിംപിക്സ് മെഡൽ പ്രതീക്ഷയുടെ ടെൻഷനിടയിൽ പ്രിയ താരത്തിന്റെ മെസ്സേജ് ലഭിച്ച ശ്രീജേഷ് അത്യധികം സന്തോഷത്തിലാണിപ്പോൾ.