പ്രണവിന്റെ ആദ്യ ചിത്രം പ്രിയൻ ചെയ്യില്ല; കാരണം

മോഹൻലാലിനെ ആദ്യമായി കണ്ടതെന്നാണെന്ന് ചോദിച്ചാൽ പ്രിയദർശന് ഒാർമയില്ല. എന്നും കാണുന്ന ഒരാളെ ആദ്യമായി കണ്ടതെന്നാണെന്ന് ആർക്കറിയാം ? ചെറുചിരിയോടെ പ്രിയദർശൻ‌ ചോദിക്കും. പക്ഷേ ഒന്നറിയാം അരനൂറ്റാണ്ടായി എനിക്കൊപ്പം ലാലു എനിക്കൊപ്പമുണ്ട്.

ലാലുവിനെക്കുറിച്ച് ഇനി പറയാനൊന്നുമില്ല സത്യത്തിൽ. മിക്ക അഭിമുഖങ്ങളിലും എന്റെ സിനിമകളെക്കുറിച്ചുള്ള ചോദ്യങ്ങളെക്കാൾ കൂടുതൽ മോഹൻലാലിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ഞാൻ മറുപടി പറഞ്ഞിട്ടുള്ളത്. എങ്കിലും ലാലുവിനെക്കുറിച്ച് കേട്ടാൽ മതി എല്ലാവർക്കും. ലാലുവിനെക്കുറിച്ച് എത്ര കേട്ടാലും ആർക്കും മതി വരികയുമില്ല.

ഞങ്ങൾ അയൽക്കാരായിരുന്നു. ലാലുവിന്റെ അമ്മയും എന്റെ അമ്മയും സുഹൃത്തുക്കളായിരുന്നു. ചെറുപ്പത്തിൽ ലാലുവിനെ എന്നും കണ്ടിരുന്നു. ബസ്സിൽ വച്ചോ, വഴിയിൽ വച്ചോ , ഗ്രൗണ്ടിൽ വച്ചോ അങ്ങനെ എവിടെയെങ്കിലുമൊക്കെ വച്ച് എന്നും കണ്ടിരുന്നു. ചുമ്മാതെ കണ്ടിരുന്നു എന്നല്ലാതെ ലാലുവിനെ അന്നൊന്നും ശ്രദ്ധിച്ചിരുന്നില്ല.

6–ാം ക്ലാസ്സിൽ പഠിക്കുമ്പോൾ 10–ാം ക്ലാസ്സുകാരെ പോലും പിന്തള്ളി സ്കൂളിലെ ബെസ്റ്റ് ആക്ടർ ആയതോടെയാണ് ലാലുവിനെ ഞാൻ ശ്രദ്ധിച്ചു തുടങ്ങുന്നത്. കുട്ടകം എന്ന ആ നാടകം സംവിധാനം ചെയ്തത് മണിയൻ പിള്ള രാജുവായിരുന്നു. അന്ന് അവിടെ ഞങ്ങളുടെ സീനിയറായി ജഗതി ശ്രീകുമാറും ഉണ്ട്. അതിനു തൊ0ട്ടു മുമ്പുള്ള വർഷം ജഗതിയായിരുന്നു ബെസ്റ്റ് ആക്ടർ.

പിന്നീട് ഞങ്ങൾ പരിചയപ്പെട്ടു. സുഹൃത്തുക്കളായി. അടുത്ത സുഹൃത്തുക്കളായി. സിനിമകൾ ചെയ്തു. അവ വിജയങ്ങളായി. ഇൗ നിലയിൽ എത്തി. ഇതിനിടയിൽ ഒരുപാട് ഉയർച്ചകൾ, താഴ്ച്ചകൾ, പ്രതിസന്ധികൾ, വിജയങ്ങൾ, പരാജയങ്ങൾ ഒക്കെയുണ്ടായി. ഭാഗ്യം കൊണ്ടും ദൈവാധീനം കൊണ്ടും വലിയ കേടുപാടുകൾ കൂടാതെ അവയൊക്കെ തരണം ചെയ്ത് നിലനിന്നു പോകാൻ സാധിച്ചു. അത്ര മാത്രം.

ഇടവേളയ്ക്ക് ശേഷം ‘ഒപ്പം’ എത്തിയപ്പോൾ ?

ഒപ്പത്തിന്റെ കഥ എന്നോട് പറയുന്നത് ലാലുവാണ്. പ്രിയന് ഇൗ സ്ക്രിപ്റ്റ് വർക്ക് ചെയ്യാൻ പറ്റുമോ എന്നു ചോദിച്ചു. അന്ന് കഥയിൽ ലോജിക്കലായും അല്ലാതെയുമൊക്കെ തെറ്റുകളുണ്ടായാരുന്നു. ഞാൻ ഒരു മാസം വർക്ക് ചെയ്തു. പിന്നീട് ലാലുവിനെ വിളിച്ച് നമുക്കിത് ചെയ്യാം എന്നു പറഞ്ഞു. ഒരു രണ്ടു മാസം കൂടി ചെലവിട്ട് തിരക്കഥ പൂർത്തിയാക്കി. അങ്ങോട്ടുമിങ്ങോട്ടുള്ള ഉത്തരവാദിത്തവും പരസ്പര വിശ്വാസവുമാണ് ഞങ്ങളുടെ സിനിമകൾ വിജയിക്കാൻ കാരണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒപ്പത്തിലും അത് അങ്ങനെ തന്നെ സംഭവിച്ചു. കിലുക്കവും ചിത്രവുമൊന്നും സമ്മാനിക്കാൻ ഇനി ഞങ്ങൾക്കാവില്ല. ആ തിരിച്ചറിവിൽ നിന്നാണ് ഒപ്പം പിറക്കുന്നത്.

ലാൽ എന്ന വ്യക്തി, നടൻ, സുഹൃത്ത് ?

ഇങ്ങനെ മൂന്ന് രീതിയിൽ എനിക്ക് ലാലിനെ കാണാനാവില്ല. എനിക്കറിയാവുന്നത് ഒരേയൊരു മോഹൻലാലിനെയാണ്. എന്റെ പഴയ ലാലു. അതിപ്പൊ എത്ര ഉയരത്തിലാണെങ്കിലും ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും അങ്ങനെ തന്നെയാണ്.

മോഹൻലാൽ തന്നെ ആണോ പ്രിയദർശന്റെ അടുത്ത സുഹൃത്ത് ?

ലാലു എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. അതു പോലെ തിരിച്ചും ലാലുവിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ മാത്രമാണ് ഞാൻ. സിനിമയ്ക്കകത്തും പുറത്തും നിരവധി അടുത്ത സുഹൃത്തുക്കൾ ഞങ്ങൾക്കിരുവർക്കുമുണ്ട്. പക്ഷേ ഞങ്ങൾ‌ സിനിമയിൽ വന്നു. ഒന്നിച്ച് സിനിമകൾ ചെയ്തു. അവ ഹിറ്റായി. അങ്ങനെ ഞങ്ങളുടെ സൗഹൃദവും ആളുകളറിഞ്ഞു. അത്രമാത്രം.

പരാജയങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ പരസ്പരം ആശ്വസിപ്പിക്കാറുണ്ടോ ?

പരാജയങ്ങളും വിജയങ്ങളും നിർണായകമാകുന്നത് കരിയറിന്റെ ആദ്യ കാലങ്ങളിലാണ്. എന്നെയും ലാലിനെയും സംബന്ധിച്ച് ആ കാലഘട്ടം കഴിഞ്ഞു. വിജയങ്ങളോ പരാജയങ്ങളോ ഞങ്ങളെ സംബന്ധിച്ച് ഇന്ന് അപ്രസക്തമാണ്. ഒരു സിനിമ വിജയിച്ചാലുടനെ അതിന്റെ പേരിൽ അഹങ്കരിക്കാനോ ഒരു ചിത്രം പരാജയപ്പെട്ടാൽ അതിന്റെ പേരിൽ നിരാശനാകുകയോ ചെയ്യുന്ന ആളല്ല ലാലു. സിനിമകൾ വരും പോകും. ചിലത് വിജയിക്കും. ചിലത് പരാജയപ്പെടും. സിനിമയെ അതിന്റെ സ്പിരിറ്റിൽ എടുക്കുക.

സിനിമയല്ലാതെ മോഹൻലാലുമായി സംസാരിക്കുന്നത് ?

സത്യം പറഞ്ഞാൽ ഞങ്ങൾ ഏറ്റവും കുറവ് സംസാരിക്കുന്നത് സിനിമയെക്കുറിച്ചാണ്. പല കാര്യങ്ങളെക്കുറിച്ച് ഒരു പാട് സംസാരിക്കും. അതിപ്പൊ ഇന്ന വിഷയം എന്നൊന്നുമില്ല. ഭക്ഷണത്തെക്കുറിച്ചാവാം, കുടുംബത്തെക്കുറിച്ചാവാം, കുട്ടികളെക്കുറിച്ചാവാം.. അങ്ങനെ ഒരുപാട് സംസാരിക്കാറണ്ട്.

മോഹൻലാലിനെ സുഹൃത്താക്കിയപ്പോൾ മമ്മൂട്ടിയെ അവഗണിച്ചോ ?

ഞാൻ മോഹൻലാലിന്റെ ആളാണെന്നും മമ്മൂട്ടി വിരോധിയാണെന്നും പൊതുവെ ഒരു ധാരണയുണ്ട്. പക്ഷേ അതല്ല സത്യം. മദ്രാസിലുള്ള കാലത്ത് മോഹൻലാലിനെക്കാൾ കൂടുതൽ സമയം ഞാൻ ചെലവഴിച്ചത് മമ്മൂട്ടിക്കൊപ്പമാണ്. അന്ന് മമ്മൂട്ടി നായകവേഷങ്ങളിലും മോഹൻലാൽ നെഗറ്റീവ് കഥാപാത്രങ്ങളുമാണ് ചെയ്തിരുന്നത്. എന്റെ ആദ്യ സിനിമയിൽ സോമൻ ചേട്ടൻ ചെയ്തിരുന്ന കഥാപാത്രം ചെയ്യാൻ ആദ്യം സമീപിച്ചത് മമ്മൂട്ടിയെയാണ്. പക്ഷേ അതു നടന്നില്ല. ഇന്നും മമ്മൂട്ടിയെ മമ്മൂട്ടിക്കാ എന്നു വിളിക്കുന്ന അപൂർവം വ്യക്തികളിൽ ഒരാൾ ഞാനാണ്.

പ്രണവ് മോഹൻലാലിനെ വച്ചൊരു സിനിമയുണ്ടാകുമോ ?

പ്രണവിനെ വച്ച് സിനിമയെടുക്കാൻ സന്തോഷമേയുള്ളൂ. പക്ഷേ അവന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാൻ താൽപര്യമില്ല. കാരണം അത് വളരെ വലിയൊരു ഉത്തരവാദിത്തമാണ്. ആദ്യ സിനിമ അവൻ അവനിഷ്ടപ്പെടുന്ന ആൾക്കൊപ്പം തന്നെ ചെയ്യട്ടെ. പറ്റിയ കഥ ലഭിച്ചാൽ അവനൊപ്പം സിനിമ ചെയ്യും. അത് എന്നുണ്ടാവും എന്ന് പറയാൻ പറ്റില്ല. ഒന്നും നേരത്തെ കണക്കു കൂട്ടി ചെയ്യുന്ന സ്വഭാവം എനിക്കില്ല.

ഇനി എന്നാണ് എന്താണ് മോഹൻലാലിന് ഒപ്പം ?

അതു പറയാൻ പറ്റില്ല. എന്നു വേണമെങ്കിലുമാവാം. ഞങ്ങൾ ഒരുപാട് സിനിമകൾ ഒന്നിച്ച് ചെയ്തു. പലതും വമ്പൻ വിജയങ്ങളായി. ഇനി സിനിമ ചെയ്യുമ്പോഴും ആളുകളുടെ പ്രതീക്ഷ ആ വിജയങ്ങളിലായിരിക്കും. ഞാൻ ലാലുവിനോട് ഇതേ ചോദ്യം ചോദിച്ചപ്പോൾ ലാലു പറഞ്ഞത് നമ്മുടെ മികച്ച സിനിമ വരാനിരിക്കുന്നതേ ഉള്ളൂ എന്നാണ്. എനിക്കും അതാണ് പറയാനുള്ളത്. ഞങ്ങളുടെ മികച്ച സിനിമ വരാനിരിക്കുന്നതേയുള്ളൂ.