പുണ്യാളനു ശേഷം സുധി വാത്മീകം

പുണ്യാളൻ അഗർബത്തീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്ന് ഡ്രീംസ് ആൻഡ് ബീയോണ്ട്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് സു സു സുധി വാത്മീകം എന്നു പേരിട്ടു. പേരിലെ പുതുമ കൂടാതെ മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മോഷൻ പോസ്റ്ററിലൂടെ ലോഞ്ച് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സു സു സുധി വാത്മീകത്തിനു സ്വന്തം. ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചിങ്ങം 1-ന് ആരംഭിക്കും.

സുധീന്ദ്രൻ എന്ന ഉറ്റസുഹൃത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് താൻ ഇൗ സിനിമ ചെയ്യുന്നതെന്ന് രഞ്ജിത് ശങ്കർ പറഞ്ഞു. സുധീന്ദ്രൻ ഇപ്പോൾ ബാംഗ്ലൂരിലാണ് താമസിക്കുന്നതെന്നും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതും അവിടെ വച്ചു തന്നെയാണെന്ന് അദ്ദേഹം അറിയിച്ചു.‌ സുധി എന്നത് കഥാപാത്രത്തിന്റെ പേരും വാത്മീകം അയാളുടെ വീട്ടു പേരുമാണ്. ഗ്രാഫിക്സ്, ഡിസൈൻ, സംഗീത വിഭാഗങ്ങളുടെ ഒരു മാസത്തെ പരിശ്രമഫലമാണ് മോഷൻ പോസ്റ്ററെന്നും ഡിജിറ്റൽ ലോകത്തേക്ക് മാറിയ സമൂഹത്തിന് ഒപ്പം നിൽക്കാനാണ് നൂതന ലോഞ്ചിങ് രീതി വഴി താൻ ശ്രമിച്ചതെന്നും രഞ്ജിത് കൂട്ടിച്ചേർത്തു.

രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്ന് നിർമിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് സെൻട്രൽ പികചേഴ്സ് ആണ്. പാസഞ്ചർ എന്ന സൂപ്പർഹിറ്റ് സിനിമയുമായി മലയാള ചലച്ചിത്രലോകത്ത് എത്തിയ രഞ്ജിത്തിന്റെ ആറാമത്തെ സിനിമയാണ് സു സു സുധി വാത്മീകം.