മണിച്ചേട്ടന് ഞാൻ മദ്യം നൽകിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത: സാബു

സാബു

നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടനും അവതാരകനുമായ സാബുവിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്. സാബു നൽകിയ മദ്യം കഴിച്ചാണ് മണി മരിച്ചതെന്നു വരെ വ്യാജ വാർത്തകൾ പ്രചരിക്കുന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ സാബു ഒളിവിലാണെന്നും വാർത്തകൾ വരുന്നുണ്ട്. ഇതിന്റെയെല്ലാം സത്യാവസ്ഥയെക്കുറിച്ച് സാബു മനോരമ ഓൺലൈനോട് പ്രതികരിക്കുന്നു.

ഒരു ചാനലിന്റെ പേരിലാണ് വ്യാജ വാർത്തകൾ വന്നത്. എന്നാൽ അവരത് നിഷേധിച്ചിട്ടുണ്ട്. വാർത്തയുമായി യാതൊരു ബന്ധവുമില്ലെന്ന് കാണിച്ച് അവർ സൈബർ സെല്ലിന് പരാതി കൊടുത്തിട്ടുണ്ട്. ഞാനും ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചറിയാൻ സൈബർ സെല്ലിന് പരാതി നൽകിയിരിക്കുകയാണ്. മണിച്ചേട്ടൻ മരിച്ചതിന്റെ തലേ ദിവസം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നുവെന്നത് സത്യമാണ്. ഞാൻ മദ്യമൊന്നും കൊണ്ടുപോയിരുന്നില്ല. എന്റെ മുന്നിൽ വച്ച് അദ്ദേഹം മദ്യപിച്ചിട്ടുമില്ല. എനിക്ക് പിറ്റേ ദിവസം മാർ ഇവാനിയസ് കോളജിൽ ഒരു പരിപാടിയുള്ളതിനാൽ ഞാൻ 11 മണിയോടെ അവിടെ നിന്നും പോന്നു. അതിനുശേഷം ജാഫർ ചേട്ടനൊക്കെ അവിടെയുണ്ടായിരുന്നു.

ഞാനും മണിച്ചേട്ടനും തമ്മിൽ യാതൊരു പ്രശ്നവുമില്ലായിരുന്നു. അങ്ങനെയുണ്ടെങ്കിൽ അദ്ദേഹത്തിന്റെയടുത്ത് ഞാൻ പോകുമായിരുന്നോ? ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമാണ്. ഞാൻ നിർമിക്കാനിരുന്ന ചിത്രം മുടങ്ങിയതിനു പിന്നിൽ മണിച്ചേട്ടനാണെന്നുള്ളതൊക്കെ വ്യാജ വാർത്തയാണ്. അത് നടക്കാതെ പോയതിനു പിന്നിൽ മറ്റു ചില കാരണങ്ങളാണ്. സാജനായിരുന്നു ആ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. സാജനുമായും എനിക്ക് നല്ല ബന്ധമാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം ഒരുമുറൈ വന്ത് പാർത്തായയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്,.ഞാൻ മുങ്ങിനടക്കുകയാണെന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത്. ഞാൻ കായംകുളത്തെ എന്റെ വീട്ടിലുണ്ട്. എന്നെ പൊലീസ് ചോദ്യം ചെയ്തു എന്നുള്ളതും തെറ്റായ വാർത്തയാണ്. ജാഫർ ചേട്ടനും പീറ്ററുമെല്ലാം നൽകിയ മൊഴി സത്യസന്ധമെന്ന് പൊലീസിനു ബോധ്യപ്പെട്ടതിനാൽ എന്നെ ചോദ്യം ചെയ്യേണ്ടി വന്നില്ല.

എനിക്ക് സുഹൃത്തുക്കളാണ് വാട്സാപ്പിൽ ഈ വ്യാജ വാർത്ത അയച്ചു തന്നത്. അതിനെ നിസാരമായി തള്ളിക്കളയാനൊന്നും കഴിയില്ല. സൈബർ സെല്ലിന് പരാതി നൽകിയതു കൂടാതെ ഞാനും എന്റേതായ രീതിയിൽ അന്വേഷണം നടത്തുന്നുണ്ട്. ഒരാളുടെ മരണത്തിന് ഉത്തരവാദിയായി എന്നെ ചിത്രീകരിക്കുന്നത് എങ്ങനെ നിസാരവൽക്കരിക്കും. മണിച്ചേട്ടന്റെ ആരാധകർ എല്ലാവരും വളരെ വിഷമത്തിലിരിക്കുന്ന സമയത്ത് അവർ ഇത്തരം വാർത്തകളെ വികാരപരമായേ സമീപിക്കൂ. എന്നെ അവർ ആക്രമിച്ചാൽ ആര് ഉത്തരം പറയും.? സാബു മനോരമ ഓൺലൈനോടു പറഞ്ഞു.