ഭീഷണികൾക്കു മുന്നിൽ വഴങ്ങില്ല: സനൽകുമാർ ശശിധരൻ

റോട്ടർഡാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ‘സെക്സി ദുർഗ’ നേടിയ ആഹ്ലാദം അവസാനിക്കും മുമ്പെ ചിത്രത്തിന്റെ സംവിധായകൻ സനൽകുമാർ ശശിധരനും കുടുംബത്തിനും നേരിടേണ്ടി വന്നത് ഭീഷണികളുടെ പെരുമഴ. സെക്സി ദുർഗ എന്ന പേര് ഹിന്ദു ദേവതയെ അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് വിവിധ സംഘടനകളുടെ പേരിൽ നേരിട്ടും അല്ലാതെയും ഭീഷണികൾ വരുന്നത്. സിനിമ യൂറോപ്യൻ ഫിലിം മാർക്കറ്റിൽ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു നെതർലൻഡ്സിൽ തങ്ങുന്ന സനലിനെ ഫോണിലൂടെയും അദ്ദേഹ‌ത്തിന്റെ നാട്ടിലുള്ള ബന്ധുക്കളെ നേരിട്ടുമാണ് ഭീഷണിപ്പെടുത്തുന്നത്.

അവാർഡിന്റെ ആഹ്ലാദം അവസാനിക്കും മുമ്പെ ഭീഷണികൾ ?

സെക്സി ദുർഗ എന്ന പേരിനു ഒരു ദൈവവുമായും ബന്ധവുമില്ല. ലക്ഷ്മി, സരസ്വതി, പാർവതി അങ്ങനെ പേരുകളുള്ള കഥാപാത്രങ്ങൾ നേരത്തെ ഉണ്ടായിട്ടില്ലേ ? എന്റെ സിനിമയിലെ നായികയുടെ പേരു ദുർഗ എന്നാണ്. സെക്സി ദുർഗ എന്നത് എന്റെ സിനിമയ്ക്കു ഏറ്റവും അനുയോജ്യമായ പേരാണെന്നു തോന്നിയതു കൊണ്ടാണ് അതു തന്നെ ഇട്ടത്. സിനിമയിലൊരിടത്തും ദുർഗാദേവിയെക്കുറിച്ച് മോശമായ ഒരു പരാമർശം പോലുമില്ല. പിന്നെ എന്തിനാണ് ഇൗ ഭീഷണികൾ എന്നു മനസ്സിലാകുന്നില്ല.

വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിക്കുന്നത്. എന്റെ ഭാര്യയെയും പെങ്ങളെയും കുറിച്ച് വരെ അശ്ലീല പരാമർശങ്ങൾ നിറഞ്ഞ ഭീഷണികൾ. ഞാൻ ഇപ്പോൾ വിദേശത്താണ്. നാട്ടിലെ വീട്ടിൽ ഫോൺ വിളിച്ചും നേരിട്ടും ഭീഷണികളുമായി ഒരുപാടു പേർ വരുന്നു.

എന്താണ് ശരിക്കും ഇൗ സെക്സി ദുർഗ ?

ഒരു രാത്രി ഒരു പെൺകുട്ടിക്കും അവളുടെ സുഹൃ‍ത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് എന്റെ സിനിമ പറയുന്നത്. കഥയോ തിരക്കഥയോ ഇല്ല. കുറച്ച് സംഭവങ്ങൾ മാത്രം. നമ്മുടെ സമൂഹത്തിലെ ചിലരുടെ കാപട്യം വെളിവാക്കുന്ന ചിത്രം. ഒരു സ്ത്രീ ആക്രമിക്കപ്പെട്ടാൽ അതു അവളുടെ കുഴപ്പമാണ്, അവളുടെ വേഷവിധാനത്തിന്റെ കുഴപ്പമാണ് എന്നൊക്കെ പറയുന്നവരുടെ മുഖം മൂടി അഴിച്ചു മാറ്റാനുള്ള ഒരു ശ്രമം. ഇന്ന് എന്നെ ഭീഷണിപ്പെടുത്തിയവർ ഇന്നലെകളിൽ ഡൽഹിയിലെ നിർഭയയ്ക്കായി തെരുവിലിറങ്ങിയവരാണ.് നാളെ സമാനമായ മറ്റൊരു സംഭവം ഉണ്ടായാലും ഇക്കൂട്ടർ പ്രതികരിക്കും. സ്ത്രീ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ച് സിനിമയെടുക്കുന്നവരെ വിമിർശിക്കുകയും ഒപ്പം സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വാചാലരാവുകയും ചെയ്യുന്ന ഇരട്ടത്താപ്പുകാർക്കെതിരാണ് സെക്സി ദുർഗ.

പുരസ്കാര നേട്ടത്തെക്കുറിച്ച് ?

വളരെയേറെ സന്തോഷമുണ്ട്. ആർട്സ് ഫിലിം ഫെസ്റ്റിവലുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് റോട്ടർഡാം ഫെസ്റ്റിവൽ. 8 സിനിമകളാണ് മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്. ആ എട്ടെണ്ണത്തിൽ ഉൾപ്പെടുകയെന്നു പറഞ്ഞാൽ തന്നെ വലിയ നേട്ടമാണ്. കഴിഞ്ഞ തവണ 3 സിനിമകൾക്ക് പുരസ്കാരം ലഭിച്ചെങ്കിൽ ഇത്തവണ ഒന്നിനു കൊടുത്താൽ മതിയെന്നായിരുന്നു സംഘാടകരുടെ തീരുമാനം. ആകെ 25 ലക്ഷം മുടക്കി നിർമിച്ച സിനിമയ്ക്ക് ഇത്ര വലിയൊരു നേട്ടം എന്നത് സ്വപ്നം കാണാൻ പോലുമാകില്ല.

ഭീഷണിപ്പെടുത്തുന്നവരോടു പറയാനുള്ളത് ?

ആരുടെയും ഭീഷണിക്കു വഴങ്ങാനുള്ളതല്ല കലാകാരന്റെ ജീവിതം. ആരുടെയും ഭീഷണികൾക്കു വഴങ്ങാൻ ഞാനും ഉദ്ദേശിക്കുന്നില്ല. നാം പഴയകാലത്തെ ബാർബേറിയൻ രീതികളിലേക്കാണ് പോകുന്നത്. സർക്കാരും നിയമവ്യവസ്ഥിതിയും ശക്തമായ നിലപാടുകളെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തിന്റെ പേരിലാണോ എന്നെ നിങ്ങൾ ഭീഷണിപ്പെടുത്തുന്നത് അതിൽ ഒരു കാര്യവുമില്ലെന്ന് സെക്സി ദുർഗ കണ്ടു കഴിയുമ്പോൾ മനസ്സിലാകും.