കള്ളില്ല, കഞ്ചാവില്ല, ആകെയുള്ളത് നടിയുടെ വസ്ത്രത്തിന്റെ നീളക്കുറവ്

സന്തോഷ് പണ്ഡിറ്റ് തിരക്കിലാണ്. ടിന്റു മോൻ എന്ന കോടീശ്വരൻ സിനിമ റിലീസായെങ്കിലും. പോസ്റ്റർ ഒട്ടിക്കലിന്റെ തിരക്കിലാണ് സംവിധായകനും തിരക്കഥാകൃത്തും, ഗാനരചയിതാവും, സംഗീത സംവിധായകനുമൊക്കെയായ സന്തോഷ് പണ്ഡിറ്റ്. ചിത്രത്തിന്റെ വിശേഷങ്ങൾ സന്തോഷ് തന്നെ പറയുന്നു.

ടിന്റുമോൻ എന്ന കോടീശ്വരൻ, സിനിമയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ചിത്രം ഇന്നലെ റിലീസായി. യുവാക്കൾക്കിടയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഞാൻ ഇത്രവലിയ ക്രൗഡൊന്നും പ്രതീക്ഷിച്ചില്ല. മുപ്പത് തീയറ്ററുകളിലാണ് ചിത്രം ഇപ്പോൾ റിലീസ് ചെയ്തത്. സിനിമയ്ക്കുള്ള പ്രതികരണം കണ്ടിട്ട്് കൂടുതൽ തീയറ്ററുകൾ ലഭിച്ചിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ചയോടുകൂടി കൂടുതൽ തീയറ്ററുകളിൽ പടമ‌‌െത്തും. വിജയുടെ തെറിയോടൊപ്പം ടിന്റുമോനും റിലീസ് ചെയ്യണമെന്നുണ്ടായിരുന്നു. അന്ന് തീയറ്ററുകൾ ലഭിക്കാത്തതിനാൽ അത് സാധിച്ചില്ല.

എന്താണ് വിമർശകരോട് പറയാനുള്ളത്?

എന്റെ സിനിമയിൽ അശ്ലീലമില്ല, കള്ളുകുടിയില്ല, കഞ്ചാവില്ല, ആകെയുള്ളത് പെൺകുട്ടികളുടെ വസ്ത്രത്തിന് നീളക്കുറവുണ്ടെന്നുള്ളതേ ഉള്ളൂ. സൂപ്പർ സ്റ്റാർ ചിത്രങ്ങളിലും നായികമാർ പർദയിട്ടൊന്നുമല്ലല്ലോ നടക്കുന്നത്. നാട്ടിലെ പെൺകുട്ടികളും പർദയല്ലല്ലോ ധരിക്കുന്നത്. പിന്നെന്തിന് എന്റെ സിനിമയെ മാത്രം വിമർശിക്കണം?എല്ലാവർക്കും പണമാണ് പ്രധാനം. ഞാനും ബിസിനിസ് ഉദ്ദേശിച്ചാണ് സിനിമയിറക്കുന്നത്. അല്ലാതെ കലാസ്നേഹം കൊണ്ടൊന്നുമല്ല.


ഈ കലാസ്നേഹം പറയുന്നവർ എന്തിനാണ് ഒാരോ സിനിമയിലും അഭിനയിക്കാൻ കോടികൾ വാങ്ങുന്നത്? അവാർഡു കിട്ടാതെ‌ വരുമ്പോൾ ടിവിക്കു മുന്നിൽ നിന്ന് കരയുന്നത്? എല്ലാവർക്കും പണവും പ്രശസ്തിയും വേണം. പടം പത്രത്തിൽ അടിച്ചു വരണം. അല്ലാതെ കലാസ്നേഹമൊന്നുമില്ല.

ടിന്റുമോനെ വ്യത്യസ്തമാക്കുന്നത് എന്താണ് ?

എന്റെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ടുള്ള സിനിമയാണ്. ഇതിനും അഞ്ച് ലക്ഷമാണ് ചെലവായത്. ലാഭം കിട്ടുന്നതിന്റെ ഒരു ഭാഗം ഞാൻ പാവങ്ങൾക്ക് നൽകും. സൂര്യ ടിവിയിലെ മലയാളി ഹൗസിൽ പങ്കെ‌ടുത്തതിന്എനിക്ക് 26 ലക്ഷം രൂപ കിട്ടി. അതിന്റെ പകുതി ഞാൻ നൽകിയത് അട്ടപ്പാ‌ടിയിലെ പാവപ്പെട്ട സ്ത്രീകൾക്കാണ്. എന്നെ വിമർശക്കുന്നവരോട് പറയുന്നത് വെറുതെ ഡയലോഗടിക്കാതെ ഇതു പോലെ ഇൗ ചെലവിൽ സിനിമ പിടിച്ചു കാണിക്കാനാണ്. എന്റെ ചിത്രത്തിന് രാത്രി ഷൂട്ടിംങ് ഇല്ല. എല്ലാവരോടും, പ്രത്യേകിച്ച് പെൺകുട്ടികളോട് വീട്ടിലേക്ക് തിരിച്ചു പൊകുവാൻ പറയും. ഇതുവഴി ഭക്ഷണവും ലോഡ്ജ് പൈസയും കുറ‍ഞ്ഞു കിട്ടും.
കോഴിക്കോട് നഗരത്തിലാണ് എന്റെ വീട്. പക്ഷേ ഞാൻ താമസിക്കുന്നത് ഒരു കുന്നിന് മുകളിലാണ്. ഗ്രാമത്തോടുള്ള ഇഷ്ടമാണ് ഇതിനു കാരണം. എന്റെ വീടു വിറ്റും ജോലി രാജിവച്ചുമാണ് സിനിമ പിടിക്കുന്നത്. മാസം 45,000 രൂപ എനിക്ക് ശമ്പളം കിട്ടുമായിരുന്നു. പിഡബ്ല്യൂഡിൽ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിലായിരുന്നു ജോലി. സിനിമയ്ക്ക് വേണ്ടി വീട് വിറ്റു.

ടിന്റുമോൻ, ട്രെയിലർ അരമണിക്കൂറുണ്ടല്ലോ?

രണ്ടര മണിക്കൂറാണ് സിനിമ. ട്രെയിലർ അരമണിക്കൂറാക്കിയത് പണം കൂടുതൽ കിട്ടാനാണ്. ആളുകൾ യുട്യൂബിൽ കൂടുതൽ സമയം വീഡിയോ കാണുന്നതനുസരിച്ച് വരുമാനം കൂടുതൽ കി‌ട്ടും. ദേവി ശ്രീദേവീ എന്നു തുടങ്ങുന്ന മനോഹരമായ ഒരു ഗാനമുണ്ട് ചിത്രത്തിൽ. സിനിമ കണ്ടുകഴിഞ്ഞ് പലരും എന്നോടു പറ‍ഞ്ഞു., ചേ‌‌ട്ടാ ഇത്രനല്ല പാട്ട് ഇതിലു‌ണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല എന്ന്. പണം വരും എന്ന് തുടങ്ങുന്ന പാട്ടാണ് യുട്യൂബിൽ ഹിറ്റ്. കാരണം അതിൽ അഭിനയിക്കുന്ന പെൺകുട്ടിയുടെ വസ്ത്രത്തിന് ഇറക്കം കുറവാണ്. പത്ത് ലക്ഷം പേർയൂട്യൂബിൽ ആ പാട്ട് കണ്ടു. ലക്ഷക്കണക്കിന് രൂപ എനിക്ക് ഇതിലൂടെ വരുമാനം ലഭിച്ചു. എന്നാൽ നല്ല പാട്ട് കണ്ടത് പതിനയ്യായിരം പേർ മാത്രമാണ്. അപ്പോൾ പറയൂ എനിക്കാണോ കുഴപ്പം? അതോ മലയാളികളുടെ സദാചാര ബ‌ോധത്തിനോ?

സെൻസർ ബോർഡ് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയോ?

എന്റെ സിനിമയിൽ അശ്ലീലമില്ല. കള്ളും കഞ്ചാവുമില്ല, മോശമായ ഒരു ഡയലോഗു പോലുമില്ല. പിന്നെയെന്തിനാണ് സെൻസർ ബോർഡ് എന്റെ സിനിമയെ ബുദ്ധിമുട്ടിക്കുന്നത്.?

ഇതിലും എ‌ട്ടു നായികമാരും ഗാനങ്ങളും ഉണ്ടോ?

ഇതിൽ രണ്ടു നായികമാരേ ഉള്ളൂ. എട്ടു ഗാനങ്ങളുണ്ട്.

അടുത്ത ചിത്രം?

നീലിമ നല്ലകുട്ടി, സിനിമയുടെ എല്ലാ ജോലിയും കഴിഞ്ഞു. അടുത്തമാസം റിലീസ് ചെയ്യും.

വിവാഹം?

വിവാഹം കഴിക്കാൻ സമയമില്ല എന്നതാണ് സത്യം.