സനലിന്റെ ആഗ്രഹം.. സരയു മോഡേണാകണം

സരയുവും സനലും വിവാഹനിശ്ചയവേളയിൽ

‘വർഷ’മാണ് ആ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. പിന്നീടിപ്പോഴിതാ ഒരുപാട് വർഷകാലങ്ങൾ ഒരുമിച്ച് കാണാനുള്ള യാത്രയ്ക്ക് അവർ തുടക്കം കുറിക്കുന്നു. വർഷമെന്ന ചിത്രമാണ് സരയുവിനെയും സനലിനെയും പരസ്പരം കൂടുതൽ പരിചയപ്പെടുത്തിയത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ അസോഷ്യേറ്റ് ഡയറ്കടറായിരുന്നു സനൽ. പിന്നീട് ആ സൗഹൃദം വളരുകയും ചെയ്തു.

അഭിനയത്തിരക്കുകൾക്കിടയിൽ സരയുവിന് വിവാഹാലോചന തുടങ്ങിയപ്പോൾ ഉറ്റസുഹൃത്ത് കൂടിയായ സനൽ തന്റെ മനസിലെ ഇഷ്ടം സരയുവിനെ അറിയിച്ചു. സരയുവിന്റെ മനസിലുള്ളത് തന്നെയായിരുന്നു സനലും ചോദിച്ചത്. അങ്ങനെ ലൗ കം അറേഞ്ച്ഡ് മാര്യേജിന് തയ്യാറെടുക്കുകയാണ് ഇരുവരും.

ഇന്നലെയായിരുന്നു സനലിന്റെയും സരയുവിന്റെയും വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളെ മാത്രമേ നിശ്ചയത്തിന് ക്ഷണിച്ചിരുന്നുള്ളൂ. അതുകൊണ്ടു തന്നെ വാർത്ത ആരും അറിയുമെന്ന് സരയു കരുതിയേ ഇല്ല. പക്ഷേ സുഹൃത്തുക്കളിലൊരാൾ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ പരാതികളുടെ പ്രളയമായി.

നവംബർ പന്ത്രണ്ടിന് തൃശൂരിൽ ഇരുവരും വിവാഹിതരാകും. വിവാഹത്തിന് ക്ഷണിച്ച് പരാതികൾ അവസാനിപ്പിക്കാമെന്ന ചിന്തയിലാണ് സരയു ഇപ്പോള്‍.

തീർത്തും ലളിതമായ വസ്ത്രധാരണമായിരുന്നു നിശ്ചയത്തിന്. കല്യാണത്തിനും അങ്ങനെ മതിയെന്നാണ് സരയുവിന്റെ ഇപ്പോഴത്തെ തീരുമാനം. സാധാരണ നടിമാർ വിവാഹിതരാകുമ്പോൾ എന്ത് വെറൈറ്റി കൊണ്ടുവരാം ആഭരണത്തിലും വസ്ത്രത്തിലുമെന്നായിരിക്കുമല്ലോ ചിന്ത. സരയുവിന് അങ്ങനെയില്ല. സാധാരണ കല്യാണപ്പെണ്ണ് ഒരുങ്ങും പോലെ മതി.

ഇരുവർക്കും പൊതുവായുള്ള ഇഷ്ടം സിനിമ തന്നെ. ഏറ്റവുമധികം ഇരുവരും തമ്മിൽ സംസാരിച്ചിട്ടുള്ളതും സിനിമ തന്നെ. സ്വന്തമായി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സനൽ. സ്ക്രിപ്റ്റിങ് പൂർത്തിയായിക്കൊണ്ടിരിക്കുന്നു. സരയു ‘പച്ച’ എന്നൊരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തിട്ടുമുണ്ട്. ഇരുവർക്കും സംവിധാനം ഒരുപാടിഷ്ടം. തന്നെ നായികയാക്കി സനൽ സിനിമയെടുക്കുമോയെന്ന കാര്യം അറിയില്ലെങ്കിലും കാമറക്ക് പിന്നിൽ ഒരുമിച്ച് നിന്നുകൊണ്ടൊരു സിനിമ പ്രതീക്ഷിക്കാമെന്ന് സരയു പറയുന്നു.

ഇക്കാരണം കൊണ്ടു തന്നെ കല്യാണം കഴിഞ്ഞാൽ അഭിനയം നിർത്തുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. സീരിയലിൽ സജീവമാണ് സരയു ഇപ്പോൾ. അത്യാവശ്യം നല്ല തിരക്കുമുണ്ട്. കല്യാണം കഴിഞ്ഞ് അധികം വൈകാതെ തിരക്കിട്ട് നേരെ സീരിയൽ സെറ്റിലേക്ക് പോകേണ്ടി വരുമോയെന്നാണ് ഇപ്പോഴത്തെ പേടി.

താൻ ചെയ്ത കഥാപാത്രങ്ങളിൽ നിദ്രയിലും പിന്നീട് സാൾട്ട് മാംഗോ ട്രീയിലെയും വേഷങ്ങളാണ് സരയുവിന് ഏറെയിഷ്ടം. നല്ല കഥാപാത്രങ്ങൾ, പ്രത്യേകിച്ച് കുറേകൂടി ശക്തമായ വേഷങ്ങള്‍ ചെയ്യാനായില്ലെന്ന സങ്കടമുണ്ട് സരയുവിന്. ഇപ്പോഴും കാത്തിരിക്കുന്നതും അത്തരത്തിലുള്ള വേഷങ്ങളാണ്.

നാടൻ ലുക്കും അത്തരത്തിലുള്ള കഥാപാത്രങ്ങളുമാണ് സരയുവിന് ചേരുകയെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ സനലിന് അഭിപ്രായം മറിച്ചാണെന്ന് സരയു. ജീവിതത്തിലും സരയു കുറച്ചു കൂടി മോഡേണാകണം. അതുപോലെ സ്ക്രീനിലും സരയു അത്തരത്തിലുള്ള വേഷം ചെയ്യണം അതാണ് സനലിന്റെ ആഗ്രഹം.