ഞാൻ വരുന്നതിനും മുമ്പേ സൂര്യ വന്നു, അതും വെളുപ്പിന് നാല് മണിക്ക്

സിങ്കം ത്രിയിൽ സൂര്യയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് നടി സരയു. ചെറിയ റോളായിരുന്നുവെങ്കിലും സൂര്യയെഅടുത്തുകാണാനായി, ഒപ്പം അഭിനയിക്കാനായി. സരയു മനോരമ ഓൺലൈനോട് പറയുന്നു.

ആക്ടർ രജിത് മേനോനാണ് സിനിമയുടെ മാനേജരെ പരിചയപ്പെടുത്തി തരുന്നുത്. ഒരു ചെറിയ സിനിമയിൽ നായികയായി അഭിനയിക്കുന്നതിനേക്കാൾ ശ്രദ്ധിക്കപ്പെടുമെന്നു തോന്നി. ഞാൻ കട്ട സൂര്യ ഫാനാണ്. സൂര്യയും അജിത്തുമാണ് എന്റെ ഇഷ്ടതാരങ്ങൾ. ജ്യോതിക മാമിന്റേയും ഫാനാണ് ഞാൻ. അവരെ കാണാൻ കഴിഞ്ഞില്ല.

എന്നാൽ സൂര്യ ഇത്ര എളിമയുള്ള മനുഷ്യനാണെന്ന് അറിയില്ലായിരുന്നു. ഒന്നു കാണണം, കൂടെ അഭിനയിക്കണം ഒരു സെൽഫിയെടുക്കണം എന്നൊക്കെേയ ആഗ്രഹിച്ചുള്ളൂ. ഇദ്ദേഹം നമ്മളോട് വന്നു സംസാരിക്കും എന്നൊന്നും കരുതിയില്ല. എന്നാൽ എന്നോട് വന്ന് ഒരുപാട് വിശേഷങ്ങളൊക്കെ ചോദിച്ചു. അവസാനം സുഹൃത്തുക്കളെപ്പോലെയായി.

വലിയ സിനിമയായതുകൊണ്ടു തന്നെ എനിക്ക് ടെൻഷനുണ്ടായിരുന്നു. ഇതിനുമുമ്പ് ഒരു തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതിന്റെ സംവിധായകനും കാമറമാനും എല്ലാ അണിയറ പ്രവർത്തകരും മലയാളികളായിരുന്നു. സിങ്കം ത്രിയിൽ എന്റേത് വലിയ പ്രധാന്യമുള്ള വേഷമൊന്നുമല്ല. സിനിമയുടെ ലൊക്കേഷനിൽ നിന്ന് കുറച്ച് മാറിയാണ്ഞാൻ മേക്കപ്പ് ചെയ്യാനിരുന്ന സ്ഥലം.

അവിടുത്തെ വലിയ ആളുകളെ വച്ചു നോക്കുമ്പോൾ ഞാൻ ഒരു ചെറിയ നടിയാണെങ്കിൽ കൂടി ചിത്രത്തിന്റെ സംവിധായകൻ തിരക്കിനിടയിലും അവിടെ വന്ന് അഭിനയിക്കാനുള്ളതൊക്കെ പറഞ്ഞു തന്നു. കംഫർട്ടബിൾ അല്ലേ എന്നൊക്കെ ചോദിച്ചു. ഞാൻ ഇതൊന്നും സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. തമിഴ് സിനിമാ രംഗം പക്കാ പ്രഫഷണൽ ആണെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും എളിമയുള്ള മനുഷ്യരുണ്ടോ എന്നൊക്കെ തോന്നിപ്പോയി.

മറ്റൊരു ദിവസം ഒരു മാളിൽ വച്ച് ചിത്രീകരണം ഉണ്ടായിരുന്നു. അന്ന് വെളുപ്പിന് നാലു മണിക്ക് എത്തണമെന്നു പറഞ്ഞു. ഞാൻ നാലരയായപ്പോൾ എത്തി. ഇത്രവെളുപ്പിനൊക്കെ ആരും ഷൂട്ടിങ്ങിനു വരില്ലെന്നാണ് കരുതിയത്. മേക്കപ്പ് ചെയ്യാതെയാണ് ഞാൻ എത്തിയത്. എന്നാൽ ഞാൻ എത്തിയപ്പോഴേക്ക് സൂര്യ സാറൊക്കെ മേക്കേപ്പോടുകൂടി ചിത്രീകരണത്തിന് തയ്യാറായി അവിടെ എത്തിയിരുന്നു. ശരിക്കും അവരുടെ കൃത്യനിഷ്ഠ കണ്ട് ഞെട്ടിപ്പോയി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിങ്കം ത്രിയുടെ ചിത്രീകരണം.

സിനിമ തന്നെയാണ് എന്നും എന്റെ ആഗ്രഹം. സീരിയലിൽ അഭിനയിച്ചതു കൊണ്ട് ഡേറ്റു പ്രശ്നം മൂലം കുറെ സിനിമകൾ കഴിഞ്ഞവർഷം നഷ്ടമായി. മാസത്തിൽ 10 ദിവസം എന്നുള്ള ഉറപ്പിലാണ് സീരിയലിലേക്ക് പോയതെങ്കിലും മാസത്തിൽ 20 ദിവസത്തോളം ഷൂട്ടിങ്ങിന് വേണ്ടി വന്നു. ഈവർഷം കുറെ പദ്ധതികളൊക്കെ ഉണ്ട്. അഭിനയത്തോടൊപ്പം ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിന്റെ സസ്പെൻസ് പൊളിക്കുന്നില്ല. കാത്തിരുന്നു കാണാം.