അറബ് നാടുകളിലെ ശിക്ഷാരീതി നടപ്പാക്കണം: സത്യൻ അന്തിക്കാട്

മലയാളത്തിലെ യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് സംവിധായകന്‍ സത്യൻ അന്തിക്കാട്. ഇത്തരം ക്രൂരതകൾ ചെയ്യുന്നവർക്ക് ക്രൂരമായ ശിക്ഷ നൽകണമെന്ന് അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞു.

സത്യൻ അന്തിക്കാടിന്റെ വാക്കുകളിലേക്ക്–

ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കാൻ അറബ് നാടുകളിലെ ശിക്ഷാരീതി തന്നെ ഇവിടെയും നടപ്പിലാക്കേണ്ടതാണ്. ക്രൂരത ചെയ്യുന്നവർക്ക് ക്രൂരമായ ശിക്ഷ തന്നെയാണ് നൽകേണ്ടത്. ആ പെൺകുട്ടിക്ക് സംഭവിച്ചത് വളരെയധികം ഞെട്ടിച്ച വാർത്തയായിരുന്നു.കൂട്ടത്തിലൊരാൾക്ക് ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടാകുമ്പോൾ ഫെയ്സ്ബുകിൽ കുറിയ്ക്കുന്നതിലുപരി ഒരേ മനസോടെ ഇതിനെതിരെ എന്തുചെയ്യാനാവുമെന്ന് ചിന്തിക്കുകയാണ് വേണ്ടത്. ക്രിമിനലുകൾ കടന്നുകയറി നമ്മിലേക്കെത്തുംമുമ്പ് പ്രതികരിക്കേണ്ടതുണ്ട്.

ഒരു സിനിമ നടിക്കെതിരെയുള്ള ആക്രമണമെന്നതിലുപരി ഒരു പെൺകുട്ടിക്ക് നേരിട്ട ദുരനുഭവമെന്നതാണ് സമൂഹം ചിന്തിക്കേണ്ടത്. പൊലീസിനും ഭരണാധികാരികൾക്കും ചെയ്യാൻ കഴിയുന്നതിൽ കൂടുതൽ ഒരു സമൂഹത്തിന്റെ കാഴ്ച്ചപ്പാടിൽ മാറ്റം വരുന്നതുകൊണ്ട് സാധിക്കും. സമൂഹത്തിൽ ആ മാറ്റം വരാനും ഇത്തരം പ്രശ്നങ്ങള്‍ ആവർത്തിക്കാനിരിക്കാനും എല്ലാവരും ഒന്നുചേർന്ന് ചിന്തിക്കേണ്ടതുണ്ട്.