സിൽവ പറഞ്ഞു, മോഹൻലാൽ അടിച്ചു; ‘സാർ വേറെ ലെവൽ’

കളരിയറിയാവുന്ന അന്ധനായ നായകൻ. തന്നെ ആക്രമിച്ച കുറച്ച് പൊലീസുകാരെ അയാൾ ഇടിച്ച് നിരപ്പാക്കുന്നു. രജനികാന്ത് മുതലുള്ള സൂപ്പർ താരങ്ങളിൽ പലർക്കായും ഫൈറ്റ് കൊറിയൊഗ്രാഫി ചെയ്തിട്ടുണ്ടെങ്കിലും സ്റ്റണ്ട് സിൽ‌വ എന്ന ഫൈറ്റ് മാസ്റ്റർക്ക് ഇതൊരു വെല്ലുവിളിയായിരുന്നു. ഏത് സിനിമയായാലും ഒരുപാട് ഹോം വർക്ക് ചെയ്ത ശേഷം ഷൂട്ടിങ്ങിനെത്താറുള്ള സിൽവയ്ക്ക് പക്ഷേ ഒപ്പത്തിൽ എന്തു ചെയ്യണമെന്ന് ഒരു ധാരണയുമില്ലായിരുന്നു. വരുന്നത് വരട്ടെ എന്ന് വച്ച് സെറ്റിലെത്തിയ സിൽവ പക്ഷേ ഞെട്ടി.

90 സിനിമകളുടെ തലക്കനം ഒന്നും കാണിക്കാതെ സെറ്റിലൂടെ ഒാടി നടക്കുന്ന പ്രിയദർശൻ എന്ന സംവിധായകൻ. സിൽവയെ അടുത്ത് വിളിച്ച് തനിക്ക് വേണ്ടതെന്തൊക്കെയാണെന്ന് ആദ്യമേ തന്നെ വ്യക്തമാക്കി അദ്ദേഹം. നായകൻ അന്ധനായതു കൊണ്ട് അയാളുടെ പരിമിതികളെയും കഴിവുകളെയും കുറിച്ച് സംവിധായകൻ സിൽവയെ ബോധവാനാക്കി. കളരി അഭ്യാസിയാണെന്ന പ്രത്യേകത ഏതൊക്കെ ഭാഗങ്ങളിൽ‌ ഫൈറ്റിനെ സ്വാധീനിക്കുമെന്നും പ്രിയദർശൻ പറഞ്ഞു കൊടുത്തു.

തൊട്ടു പിന്നാലെ മോഹൻലാലൽ എത്തി. ഗുഡ് മോണിങ് മാസ്റ്റർ എന്ന് പറഞ്ഞു കൊണ്ട് ഞാൻ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യഭാവത്തിൽ 56–കാരനായ മനുഷ്യൻ 20–കാരന്റെ ചുറുചുറക്കോടെ റെഡിയായി നിൽക്കുന്നത്. സാധാരണ ഫൈറ്റ് മാസ്റ്റർ കാണിക്കുന്നത് ചെയ്യാൻ പറ്റുമോ എന്ന് നടന്മാരാണ് ടെൻഷനടിക്കാറുള്ളതെങ്കിൽ ഇവിടെ സംവിധായകന്റെയും നടന്റെയും മുമ്പിൽ ടെൻഷനടിച്ചത് സാക്ഷാൽ സിൽവ തന്നെ.

‘ചെറിയൊരു മുറി. അവിടെ മങ്ങിയ വെളിച്ചത്തിൽ ഷൂട്ടിങ്. ഛായാഗ്രാഹകനായ ഏകാംബരം എന്നിട്ടും ഫ്രെയിമൊക്കെ സെറ്റ്് ചെയ്ത് കാമറയുമായി ആയി നിൽക്കുന്നു. അന്ധനായ വ്യക്തിയാണ്. അയാൾക്ക് റിയാക്ഷൻ കാണാൻ സാധിക്കില്ല. പക്ഷേ മറ്റാരേക്കാളും നന്നായി ശബ്ദം തിരിച്ചറിയാൻ സാധിക്കും. അതിനനുസരിച്ച് സീക്വൻസുകൾ സെറ്റ് ചെയ്തു. ആദ്യം ഫൈറ്റ് തുടങ്ങുന്നതിനു മുമ്പുള്ള ഒരുക്കങ്ങൾ ചിത്രീകരിച്ചു. മോഹൻലാൽ പെരുവിരലിൽ ഉയർന്നു പൊങ്ങുകയും ഒറ്റക്കാലിൽ കറങ്ങുകയും ചെയ്യുന്ന രംഗങ്ങൾക്ക് സെറ്റിൽ തന്നെ ഗംഭീര കയ്യടിയായിരുന്നു. തീയറ്ററിലും ആ രംഗങ്ങൾ ആവേശമായി എന്നറിയാൻ കഴിഞ്ഞു.’ സിൽവ പറഞ്ഞു.

ഒാരോ രംഗങ്ങൾ കഴിഞ്ഞും മാസ്റ്റർ‌ നെക്സ്റ്റ് നെക്സ്റ്റ് എന്നു മോഹൻലാൽ പറയും. ഒടുവിൽ സഹികെട്ട് സിൽവ പറഞ്ഞു. സാർ ഒരു ബ്രേക്ക് വേണം. അടുത്തത് എനിക്കൊന്നാലോചിക്കണം. തലകീഴായി കെട്ടിയിട്ട് പീഡിപ്പിക്കുന്ന രംഗങ്ങളുൾപ്പടെയുള്ള പ്രയാസമേറിയ രംഗങ്ങളിൽ പോലും ഡ്യൂപ്പില്ലാതെ ചെയ്യാൻ മോഹൻലാൽ കാണിച്ച മനസ്സും ധൈര്യവും ആരും കാണിക്കില്ലെന്ന് സിൽവ പറയുന്നു. തമിഴ് സിനിമയിലെ താരങ്ങളെയും മോഹൻലാലിനെയും താരതമ്യം ചെയ്യുമ്പോൾ എന്ന് തോന്നുന്നുവെന്ന് ചോദിച്ചപ്പോൾ മോഹൻലാൽ സാർ വേറെ ലെവൽ ആണെന്ന് മറുപടി.

ഒപ്പത്തിലെ ആക്ഷൻ രംഗങ്ങളിൽ എനിക്ക് മൂന്നാം സ്ഥാനം മാത്രമേയുള്ളൂ. ഒന്നാം സ്ഥാനത്ത് പ്രിയൻ സാറാണ്. രണ്ടാമത് മോഹൻലാൽസാറും. ഇവർ രണ്ടു പേരുമാണ് താരങ്ങൾ. എനിക്കിതിൽ ഒരു സഹായിയുടെ റോൾ മാത്രമേയുള്ളൂ. 4000–നു മേലെ ഫൈറ്റ് സീക്വൻസുകളിൽ അഭിനയിച്ചിട്ടുള്ള മോഹൻലാൽ സാറിനെപ്പോലുള്ളവരുടെ അനുഭവപരിചയം എന്നെ ഒരുപാട് സഹായിച്ചു. ഇൗ പ്രായത്തിലും കിക്കുകളും പഞ്ചുകളുമൊക്കെ ഇത്ര ആനായാസം ചെയ്യാൻ അദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നുവെന്നോർത്ത് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. സിൽവ കൂട്ടിച്ചേർത്തു.

ഒപ്പത്തിനൊപ്പം എത്തിയ ഉൗഴത്തിന്റെയും സ്റ്റണ്ട് കൊറിയൊഗ്രാഫി ചെയ്തിരിക്കുന്നത് സിൽവ തന്നെയാണ്. യന്തിരൻ 2, തല 57 തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ. മങ്കാത്ത, ഗോവ, ജില്ല, വീരം, അൻജാൻ തുടങ്ങി ഒട്ടനവധി ആക്ഷൻ സിനിമകളുടെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് സിൽവ.