മോഹൻലാലിന് വില്ലനായി മലയാളത്തിന്റെ ഉണ്ണി

ഉണ്ണി മുകുന്ദന്‍, മോഹൻലാൽ

‘വില്ലനാകുകയാണെങ്കിൽ അത് മോഹൻലാലിന്റെ വില്ലനാകണം’. മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദന്റെ ആ ആഗ്രഹം അങ്ങനെ സഫലമാകുന്നു. മലയാളത്തിൽ മറ്റൊരു യുവതാരത്തിനും ലഭിക്കാത്തൊരു ഭാഗ്യമാണ് ഉണ്ണിയെ തേടി എത്തിയിരിക്കുന്നത്.

മോഹൻലാലും ജൂനിയർ എൻടിആറും നായകന്മാരായി എത്തുന്ന ബ്രഹ്മാണ്ഡചിത്രം 'ജനത ഗാരേജിൽ വില്ലനായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്. ചിത്രത്തിൽ മോഹൻലാലിന്റെ മകന്റെ വേഷത്തിലാണ് ഉണ്ണി എത്തുന്നത്.

മോഹൻലാലിന്റെ വില്ലനാകുന്നു എന്നതിനപ്പുറം അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നതാണ് വലിയ സന്തോഷം നൽകുന്നതെന്ന് ഉണ്ണി മനോരമ ഓൺലൈനോട് പറഞ്ഞു. വെല്ലുവിളി നിറഞ്ഞ വേഷമാണിതെന്നും വലിയ പ്രതീക്ഷ ഉണ്ടെന്നും ഉണ്ണി പറഞ്ഞു.

വിക്രമാദിത്യൻ, സ്റ്റൈൽ, കെ എൽ 10 പത്ത് എന്നീ സിനിമകളിലെ ഉണ്ണിയുടെ പ്രകടനം കണ്ടാണ് സിനിമയുടെ അണിയറപ്രവർത്തകർ നടനെ സമീപിക്കുന്നത്. മൂന്നുചിത്രങ്ങളിലും വ്യത്യസ്തവേഷം ചെയ്ത ഉണ്ണി ഈ സിനിമയിലെ കഥാപാത്രത്തിനു യോജിക്കുന്ന നടനാണെന്നും അതുകൊണ്ടാണ് താരത്തെ പരിഗണിച്ചതെന്നും അണിയറപ്രവർത്തകർ പറയുന്നു.

കോര്‍ട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.